പ്രതീക്ഷ കാത്തോ?, ബസൂക്ക എങ്ങനെയുണ്ട്, ആദ്യ റിവ്യു
എന്താണ് ബസൂക്ക?, ആരാണ് ബസൂക്ക?. പേരിന്റെ പ്രഖ്യാപനം മുതല്‍ സിനിമയുടെ പ്രദര്‍ശനത്തിന്റെ തുടക്കം മുതല്‍ ഏതാണ് അവസാനം വരെ ആ ചോദ്യത്തില്‍ കോര്‍ത്തിരിക്കുകയാണ് സംവിധായകൻ. ഒരു മള്‍ട്ടി ലെവല്‍ ഗെയിം പോലെ. മോളിവുഡിന് അധികം പരിചിതമല്ലാത്തെ ഗെയിം ത്രില്ലര്‍ ഴോണറില്‍ വികസിച്ച് ക്ലൈമാക്സില്‍ പൊട്ടിത്തെറിക്കുന്ന കാഴ്‍ചാനുഭവമാണ് ബസൂക്കയുടേത്.
അന്താരാഷ്‍ട്രി വിമാനത്താവളം വഴി അപൂര്‍വ പെയിന്റിംഗ് ഒരു കന്യാസ്‍ത്രീ കടത്തുന്നതും കൊച്ചി സിറ്റി എസിപി ബെഞ്ചമിൻ ജോഷ്വാ പിടികൂടുന്നതുമാണ് കഥയുടെ തുടക്കം. ആര്‍ക്കുവേണ്ടിയാണ് ആരാണ് അത് കടത്തുന്നതെന്ന ചോദ്യം അവിടെ ബാക്കിനില്‍ക്കുന്നു. തുടക്കത്തിലേ ബസൂക്ക ത്രില്ലിംഗ് കാഴ്‍ചയിലേക്ക് പ്രേക്ഷനെ പിടിച്ചിടുകയാണ്. തുടര്‍ന്ന് സമാന്തരമായി കഥയ്‍ക്കൊപ്പം ഒരു എസി വോള്‍വോ ബസിന്റെ സഞ്ചാരവും.
ആ ബസിലെ യാത്രികനാണ് ആന്റണി ജോണ്‍. ആദ്യം ഒരു സിഐക്കാരനാണെന്നാണ് സഹയാത്രികനായ സണ്ണിയെ ആന്റണി ജോണ്‍ പരിചയപ്പെടുത്തുന്നു. ഗെയിമറായ സണ്ണിയോടുള്ള സംസാരമധ്യേയാണ് ആന്റണി ജോണ്‍ വെളിപ്പെടുന്നത്. എന്നാല്‍ ശരിക്കും ആന്റണി ജോണ്‍ ആരാണ് എന്ന ചോദ്യവും ഇവരുടെ സംസാരമധ്യേ ഉയരുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വായെ ഒരു അത്യപൂര്‍വമായ കുറ്റാന്വേഷണത്തിന് സഹായിക്കാൻ എത്തുകയാണ് താൻ എന്ന് ജോണ്‍ വെളിപ്പെടുത്തുന്നു.
ജോഷ്വയ്‍ക്കൊപ്പമുള്ള ജോണിന്റെ അന്വേഷണവും തുടര്‍ കഥാഗതിയില്‍ പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നു സംവിധായകൻ. ബസിന്റെ സഞ്ചാരത്തിനൊപ്പം സിനിമ ഗിയര്‍ മാറ്റുന്നത് ഇൻവെസ്റ്റിഗേഷൻ ഗെയിം ത്രില്ലര്‍ കാഴ്‍ചാനുഭവത്തിലേക്കാണ്. തുടരെ നടക്കുന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് കണ്ടെത്തേണ്ടത് ബെഞ്ചമിന്റെ കരിയറിലെ പേരിനെ ബാധിക്കുന്നതുവരെ എത്തുന്നു. ബെഞ്ചമിനെ സഹായിക്കാൻ ജോണിനാകുമോ?
കഥ കേള്‍പ്പിക്കാൻ പോയി സംവിധായകനായ അനുഭവമാണ് ബസൂക്ക ഒരുക്കിയ ഡീനോ ഡെന്നീസിന്റെ. മമ്മൂട്ടി അവതരിപ്പിച്ച പുതിയ നവാഗത സംവിധായകനും അരങ്ങേറ്റത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. സ്വന്തം കഥയ്‍ക്ക് ആവശ്യമായ ആഖ്യാനം മെനഞ്ഞെടുക്കാനും ഫലപ്രദമായി അവതരിപ്പിക്കാനും ഡിനോ ഡെന്നീസിന് സാധിച്ചിട്ടുണ്ട്. ഗെയിം ത്രില്ലറിന് അവശ്യമായ സൂക്ഷ്‍മതയും ആകാംക്ഷയും തിരക്കഥയില്‍ കോര്‍ത്തിട്ടിരിക്കുന്നു ഡീനോ ഡെന്നീസ്. പടിപടിയായ പേസ് വര്‍ദ്ധിപ്പിച്ച് ഒടുക്കം സിനിമയില്‍ മലയാളി പ്രേക്ഷനെ അമ്പരപ്പിക്കുകയും കൗതുകമുണര്‍ത്തുകയും ഞെട്ടിക്കുകയും ചെയ്യുന്ന ഒരു ക്ലൈമാക്സ് അവതരിപ്പിക്കാനും തിരക്കഥാകൃത്തായ ഡീനോ ഡെന്നീസിന് കഴിഞ്ഞിരിക്കുന്നു.
പതിഞ്ഞ താളത്തില്‍ തുടങ്ങി സിനിമയുടെ അവസാനം അക്ഷരാര്‍ഥത്തില്‍ നിറഞ്ഞാടി ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. സ്‍ക്രീൻ പ്രസൻസില്‍ സമീപകാല മമ്മൂട്ടി സിനിമകളുടെ ഒരുപടി മുന്നില്‍ നില്‍ക്കുന്നു ബസൂക്ക. പ്രായത്തിനപ്പുറം രാകിമിനിക്കിയ നടനതാളമാണ് മമ്മൂട്ടി ചിത്രത്തില്‍ ഊര്‍ജ്ജ്വസലതയോടെ നിറയുന്നത്. മറുവശത്ത് ബസൂക്കയുടെ കഥ കൊണ്ടുപോകുന്ന ബെഞ്ചമിനായി ഗൗതം വാസുദേവ് മേനോനും പക്വതയോടെ പകര്‍ന്നാടിയിരിക്കുന്നു. സ്‍ക്രീൻ സ്‍പേസില്‍ പിന്നീട് ഇടം ഹക്കിം ഷാജഹാനാണ്. പുതുതലമുറ നടൻമാരില്‍ പ്രതീക്ഷ പകരുന്ന താരമായ ഹക്കിം സണ്ണിയെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. സിദ്ധാര്‍ഥ് ഭരതനും കഥാപാത്രത്തിനൊപ്പത്തിനൊപ്പം നില്‍ക്കുന്നു.
നിമിഷ് രവിക്കൊപ്പം ഛായാഗ്രണം നിര്‍വഹിച്ചിരിക്കുന്നത് റോബി വര്‍ഗീസ് രാജുമാണ്. ത്രില്ലറിന്റെ ചടുലതയ്‍ക്കൊപ്പം കഥാപാത്രങ്ങളുടെയും ഫ്രെയിമുകളുടെയും സ്റ്റൈലിഷ് അനുഭവം ക്യാമറാക്കാഴ്‍ചയില്‍ പകര്‍ത്തിയിരിക്കുന്നു ഇരുവരും. സയ്യീദ് അബ്ബാസ് നിര്‍വഹിച്ച പശ്ചാത്തല സംഗീതവും പ്രമേയത്തിനും കഥയ്‍ക്കും ആഖ്യാനത്തിനും അടിവരയിട്ട് ത്രസിപ്പിക്കുന്നതാണ്. നിഷാദ് യൂസഫിന്റെയും പ്രവീണ്‍ പ്രഭാകരന്റെയും കട്ടുകളും ബസൂക്കയ്‍ക്ക് പുതുമ നല്‍കുന്നുമുണ്ട്.
Read More: അഡ്വാൻസായി ഗുഡ് ബാഡ് അഗ്ലി എത്ര നേടി?, ആദ്യ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പുറത്ത്