ധോണി സിഎസ്‌കെ നായകനായി തിരിച്ചെത്തുമ്പോള്‍? പ്രതീക്ഷയോടെ ചെന്നൈ ആരാധകര്‍

ചെന്നൈ: ധോണി ക്യാപ്റ്റനായി തിരിച്ചെത്തുന്നതോടെ, ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് പരിക്കേറ്റ് പുറത്തായതോടെയാണ് ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ കൈമുട്ടിന് പരിക്കേറ്റ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിന് സീസണിലെ ശേഷിച്ച മത്സരങ്ങളില്‍ കളിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് എം എസ് ധോണി നായകനായി തിരിച്ചെത്തുന്നത്.

സീസണില്‍ ജയിച്ച് തുടങ്ങിയ ചെന്നൈ തുടര്‍ന്നുളള നാലുകളിയിലും തോറ്റു. 0, 30, 16,30, 27 അഞ്ചു മത്സരങ്ങളില്‍ ധോണിയുടെ സ്‌കോറുകളാണിത്. ബാറ്റിംഗിലെ മെല്ലെപോക്കില്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് നാല്‍പത്തിമൂന്നു കാരനായ ധോണി ക്യാപ്റ്റന്റെ റോള്‍ ഏറ്റെടുക്കുന്നത്. 2008ലെ ആദ്യ സീസണ്‍ മുതല്‍ ചെന്നൈയെ നയിച്ച ധോണി 2022ല്‍ ക്യാപ്റ്റന്‍ സ്ഥാനം രവീന്ദ്ര ജഡേജയ്ക്ക് കൈമാറി. ടീം തുടര്‍തോല്‍വികള്‍ നേരിട്ടപ്പോള്‍ സീസണിനിടെ തന്നെ ധോണി നായകസ്ഥാനത്ത് തിരിച്ചെത്തി. 

കഴിഞ്ഞ സീസണിലാണ് ധോണിയുടെ പിന്‍ഗാമിയായി സിഎസ്‌കെ റുതുരാജിനെ നായകനായി പ്രഖ്യാപിച്ചത്. പക്ഷേ, റുതുരാജിന്റെ പരിക്ക് ധോണിക്ക് വീണ്ടും ക്യാപ്റ്റന്‍സിയിലേക്കുള്ള വഴിയൊരുക്കി. അഞ്ചു തവണ ഐപിഎല്ലിലും രണ്ടുതവണ ചാന്പ്യന്‍സ് ട്രോഫിയിലും സിഎസ്‌കെയെ ചാംപ്യന്‍മാരാക്കിയ ധോണി മാജിക്ക് ഇത്തവണയും ടീമിനെ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഈ സീസണില്‍ സമീപകാലത്തൊന്നും നേരിടാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ്  ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കടന്നുപോകുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ വിജയിച്ചെങ്കിലും പിന്നീട് കളിച്ച നാല് മത്സരങ്ങളിലും ടീം പരാജയപ്പെടുകയായിരുന്നു. ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് ചെന്നൈയ്ക്ക് പലപ്പോഴും തിരിച്ചടിയായത്. 180ന് മുകളില്‍ സ്‌കോര്‍ ചെയ്താല്‍ ചെന്നൈയെ പരാജയപ്പെടുത്താം എന്ന നിലയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.

By admin