ദില്ലി: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ലഗേജിന്‍റെ ഉത്തരവാദിത്തം യാത്രക്കാരന് മാത്രമാണെന്ന് ദില്ലി ഹൈക്കോടതി. റെയിൽവേ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും അനാസ്ഥയോ ദുഷ്പ്രവൃത്തിയോ ഉണ്ടായിട്ടില്ലെങ്കിൽ മോഷണത്തിന് റെയിൽവേ ബാധ്യസ്ഥരല്ലെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് രവീന്ദർ ദൂദേജയാണ് വിധി പുറപ്പെടുവിച്ചത്.
2013 ജനുവരിയിൽ ന്യൂഡൽഹിയിൽ നിന്ന് നാഗ്പൂരിലേക്കുള്ള യാത്രയ്ക്കിടെ നടന്ന മോഷണം സംബന്ധിച്ചുള്ള ഒരാളുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തേര്‍ഡ് എസി കോച്ചിൽ യാത്ര ചെയ്യുമ്പോൾ ലാപ്‌ടോപ്, ചാർജർ, കണ്ണട, എടിഎം കാർഡുകൾ എന്നിവ അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടതായി ആരോപിച്ചുള്ളതായിരുന്നു ഹര്‍ജി.
സേവനത്തിലെ അപര്യാപ്തത മൂലം ഉണ്ടായ ബുദ്ധിമുട്ടിന് ഒരു ലക്ഷം രൂപയും സാധനങ്ങൾ നഷ്ടപ്പെട്ടതിന് 84,000 രൂപയും നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നേരത്തെ തള്ളിയിരുന്നു. ഈ പാനലിന്‍റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. അറ്റൻഡന്റ് ഉറങ്ങുകയായിരുന്നു, മോശമായി പെരുമാറി, ടിടിഇയെ കണ്ടെത്താനില്ലായിരുന്നു എന്നത് അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഹർജിക്കാരന്‍റെ വാദമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, അനധികൃതമായി ആരെങ്കിലും അകത്ത് കടന്ന് മോഷണം നടത്താൻ പാകത്തിൽ കോച്ചിന്റെ വാതിലുകൾ തുറന്നിട്ടിരുന്നു എന്നതിന് ‘ഒരു നേരിയ സൂചന പോലും’ ഇല്ലെന്നും കോടതി വ്യക്തമാക്കി.