തുറമുഖത്തെത്തിയ കണ്ടെയ്നറിൽ നിന്ന് കാണാതായത് 922 കിലോ വെള്ളി, വില 9 കോടി രൂപ; ഞെട്ടലിൽ കമ്പനി ഉടമകൾ, അന്വേഷണം

ചെന്നൈ: തമിഴ്നാട്ടിലെ കാട്ടുപള്ളിയിലുള്ള അദാനി തുറമുഖത്ത് എത്തിയ കണ്ടെയ്നറിൽ നിന്ന് 9 കോടി രൂപ വിലവരുന്ന വെള്ളിക്കട്ടികൾ കാണാതായതായി പരാതി. ലണ്ടനിൽ നിന്ന് ഇറക്കുമതി ചെയ്ത ശേഷം കമ്പനിയിലേക്ക് അയക്കും മുൻപ് കണ്ടെയ്നർ രണ്ട് തവണ തുറന്നതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. 

ശ്രീപെരുംപുത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കയറ്റുമതി – ഇറക്കുമതി സ്വകാര്യ കമ്പനിയാണ് ലണ്ടനിൽ നിന്ന് ഏകദേശം 39 ടൺ വെള്ളിക്കട്ടികൾ ഇറക്കുമതി ചെയ്തത്. അവ രണ്ട് കണ്ടെയ്‌നറുകളിലായാണ് ലണ്ടനിൽ നിന്ന് കയറ്റി അയച്ചത്. ഒരു കണ്ടെയ്‌നറിൽ 20 ടണ്ണും രണ്ടാമത്തേതിൽ 19 ടണ്ണും എത്തിച്ചു. അദാനി തുറമുഖത്തെത്തിയ കണ്ടെയ്‌നറുകൾ ലോറികളിലാണ് കമ്പനിയുടെ വെയർഹൗസിലേക്ക് കൊണ്ടുപോയത്.

പതിവ് പരിശോധനയ്ക്കിടെ, രണ്ട് കണ്ടെയ്‌നർ ബോക്സുകളിൽ ഒന്നിന്‍റെ ഭാരം കുറവാണെന്ന് കണ്ടെത്തി. 922 കിലോഗ്രാം ഭാരമുള്ള 30 വെള്ളി ബാറുകളാണ് കാണാതായത്. ഇത് ഏകദേശം 9 കോടി രൂപ വിലമതിക്കുന്നതാണെന്ന് കമ്പനി അറിയിച്ചു.

കണ്ടെയ്‌നറിൽ സ്ഥാപിച്ചിരുന്ന ജിപിഎസ് ഉപകരണം പരിശോധിച്ചപ്പോൾ, തുറമുഖത്ത് നിന്ന് സാധനങ്ങൾ അയയ്ക്കുന്നതിന് മുമ്പ് കണ്ടെയ്‌നർ രണ്ടു തവണ തുറന്നിട്ടുണ്ടെന്ന് കണ്ടെത്തി. ഒരിക്കൽ ഏകദേശം രണ്ട് മിനിറ്റും പിന്നീട് 16 മിനിറ്റും. തുടർന്ന് കമ്പനി മാനേജർ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് പരാതി നൽകി. ആരാണ് വെള്ളി കടത്തിക്കൊണ്ട് പോയതെന്ന് വ്യക്തമല്ല. തുറമുഖ പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചിലരെ ചോദ്യംചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. 

ഇരച്ചുകയറി ആൾക്കൂട്ടം; ധാക്കയിൽ ബാറ്റയും കെഎഫ്‌സിയും ഡൊമിനോസും പ്യൂമയും തല്ലിത്തകർത്ത് കൊള്ള, കാരണമിത്…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin