‘തസ്ലിമയും സുൽത്താനും ലഹരിക്കട‌ത്ത് നടത്തിയത് കുടുംബത്തോടൊപ്പം സഞ്ചരിച്ച്’; കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രി‍ഡ് ക‍ഞ്ചാവ് വേട്ടയിലെ മുഖ്യപ്രതി സുൽത്താനെന്ന് എക്സൈസ് അധികൃതർ. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോ‌ട് സംസാരിക്കുകയായിരുന്നു എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ, അസിസ്റ്റന്റ് കമ്മീഷണർ ആർ അശോക് കുമാർ എന്നിവർ. ഇന്നലെയാണ് കേസിൽ നേരത്തെ പിടിയിലായ തസ്ലിമയുടെ ഭർത്താവ് ചെന്നൈ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43 വയസ്) തമിഴ്നാട് ആന്ധ്രാ അതിർത്തിയിൽ നിന്നും എക്സൈസ് പിടികൂടിയത്. 

ക്രിമിനലുകൾ താമസിക്കുന്ന ഇടത്തായിരുന്നു സുൽത്താൻ ഒളിവിൽ കഴിഞ്ഞത്. സംഭവത്തിന്റെ  പ്രധാന ആസൂത്രകൻ സുൽത്താൻ ആണെന്നും എക്സൈസ് വ്യക്തമാക്കുന്നു. സിനിമ മേഖലയുമായി ബന്ധപ്പെട്ട അന്വേഷണം ഒരു ഭാഗത്ത്‌ പുരോഗമിക്കുന്നുണ്ട്. കുടുംബവുമായി സഞ്ചാരിച്ചാണ് തസ്ലിമയും സുൽത്താനും ലഹരിക്കടത്ത് നടത്തിയത്. ചെക്കിങ് ഒഴിവാക്കാൻ വേണ്ടിയാണ് കുടുംബവുമായി യാത്ര ചെയ്തിരുന്നത്. സ്വർണം ഉൾപ്പെടെയുള്ള കള്ളക്കടത്ത് നടത്തുന്ന ആളാണ് സുൽത്താൻ. ഇയാൾക്ക് രാജ്യാന്തര ബന്ധവുമുണ്ടെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. 

കഞ്ചാവ്, സ്വർണം, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, എന്നിവ കടത്തുന്ന ആളാണെന്നും ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു. സിനിമ താരങ്ങൾക്ക് നോട്ടീസ് നൽകാനാണ് നീക്കം. ആവശ്യമെങ്കിൽ ഇവരെ ചോദ്യം ചെയ്യും. സിനിമ മേഖലയുമായി ബന്ധം തസ്ലീമയ്ക്കാണ്. പിടിയിലായ തസ്ലീമ, സുൽത്താൻ, അക്ബർ അലി, ഫിറോസ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമായിരിക്കും നോട്ടീസ് നൽകുന്ന കാര്യം തീരുമാനിക്കുക. 

By admin