തലസ്ഥാനത്ത് സിനിമ സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ പരിശോധന; ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിൽ നിന്ന് കഞ്ചാവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിനിമ പിന്നണി പ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും എക്സൈസ് കഞ്ചാവ് പിടികൂടി. സിനിമയുടെ സംഘടന മാസ്റ്റർ മഹേശ്വരിൽ നിന്നാണ് പുസ്തക രൂപത്തിലുള്ള ഒരു പാത്രത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്നതെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ബേബി ഗേള്‍ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ താമസിക്കുന്ന ഹോട്ടലിലാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധന നടത്തിയത്. ഹോട്ടലിലേക്ക് ഒരു ഏജൻ്റ് കഞ്ചാവ് എത്തിച്ചുവെന്ന വിവരത്തിലാണ് ഫൈറ്റ് മാസ്റ്റർമാർ താമസിക്കുന്ന മുറയിലേക്ക് എക്സൈസ് സംഘം കയറിയത്. മുറിയില്‍ പരിശോധിച്ചുവെങ്കിലും ആദ്യം കഞ്ചാവ് കണ്ടെത്തിയില്ല. ഒരു ഡിഷ്ണറിയും ഒരു ബുക്കും മുറിയിലുണ്ടായിരുന്നു. ഡിഷ്ണറി കൈയിലെടുത്തപ്പോഴാണ് പുസ്തമല്ലെന്ന വ്യക്തമായത്. തുറന്നപ്പോള്‍ താക്കോലോട് കൂടിയ ഒരു പാത്രം. ഇതിനുള്ളിലാണ് 16 ഗ്രാം കഞ്ചാവ് വച്ചിരുന്നത്.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സിനിമ സെറ്റുകളിലും ഹോസ്റ്റുകളിലുമെല്ലാം എക്സൈസും പൊലിസും പരിശോധന നടത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പാളയത്തെ സ്റ്റുഡൻ്റ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്. ഈ കേസില്‍ പ്രതിയെ പിടികൂടിയില്ല. അന്വേഷണവും കാര്യമായി പുരോഗമിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin