തലപ്പത്തെത്താന്‍ ഡല്‍ഹി, വിജയം തുടരാന്‍ ബെംഗളൂരു; ഐപിഎല്ലില്‍ ഇന്ന് റോയല്‍ പോരാട്ടം
ബെംഗളൂരു: ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-ഡൽഹി ക്യാപിറ്റൽസ് പോരാട്ടം. വൈകിട്ട് 7.30ന് ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാർ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ഈ ഐപിഎൽ സീസണിൽ ഇതിനോടകം മികവ് പുറത്തെടുത്ത രണ്ട് ടീമുകളാണ് ആർസിബിയും ക്യാപിറ്റൽസും. അതുകൊണ്ട് തന്നെ ഇരു ടീമും നേര്‍ക്കുനേര്‍ വരുമ്പോൾ പോരാട്ടം തീപാറുമെന്ന് ഉറപ്പ്.
സീസണിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് ഡൽഹി.കളിച്ച മൂന്ന് മത്സരങ്ങളിലും ജയം.അക്സർ പട്ടേലിന്‍റെ ക്യാപ്റ്റൻസിക്ക് കൈയ്യടിക്കുകയാണ് ആരാധകർ.കെ.എൽ രാഹുൽ കൂടി ഫോമിലെത്തിയതോടെ ഡൽഹിയെ ആർസിബി കരുതിയിരിക്കണം.പരിക്കേറ്റിരുന്ന ഫാഫ് ഡുപ്ലെസി ഇന്ന് ഓപ്പണിംഗിൽ മടങ്ങിയെത്തിയേക്കും. ജെയ്ക് ഫ്രെയ്സർ മക്‌ഗുര്‍ഗ് കൂടി ഹിറ്റായാൽ ഡൽഹിയെ പിടിച്ചുകെട്ടുക ആർസിബിക്ക് എളുപ്പമാകില്ല. അക്സർ-കുൽദീപ് സ്പിൻ ജോഡിക്കൊപ്പം മിച്ചൽ സ്റ്റാർക്കിന്‍റെ നാല് ഓവറുകളും സഖ്യത്തിന്‍റെ പ്രകടനവും ഡൽഹിക്ക് നിർണായകമാണ്.
കനത്ത തോല്‍വിക്കൊപ്പം സഞ്ജുവിനും ടീമിനും അടുത്ത തിരിച്ചടി, കുറഞ്ഞ ഓവര്‍ നിരക്കിന് കനത്ത പിഴ
പതിനെട്ടാം സീസണില്‍ പുതിയ നായകന് കീഴില്‍ നല്ല തുടക്കമാണ് ആർസിബിക്ക് ലഭിച്ചത്.കളിച്ച നാലിൽ മൂന്നിലും ജയം.ഇനി സ്വന്തം തട്ടകത്തിൽ ആദ്യ ജയമാണ് ലക്ഷ്യം.കോലി-ഫിൽ സാൾട്ട് ഓപ്പണിംഗ് സഖ്യത്തെ തുടക്കത്തിലേ പൊളിച്ചില്ലെങ്കിൽ ഡൽഹിക്ക് കനത്ത വെല്ലുവിളിയാകും.ക്യാപ്റ്റൻ രജത് പാട്ടിദാറും,ദേവ്ദത്ത് പടിക്കലും ജിതേഷ് ശർമ്മയും മുംബൈക്കെതിരെ തകർത്തടിച്ചു. ലിയാം ലിവിംഗ്സ്റ്റണും ടിം ഡേവിഡും എന്തിനും പോന്നവർ. ബൗളിംഗിലും ആർസിബിക്ക് പേടിക്കാനില്ല.
വാങ്കഡേയിൽ സമ്മർദങ്ങളെ അതിജീവിച്ച് കരുത്തുകാട്ടിയതാണ് ബൗളിംഗ് നിര.യാഷ് ദയാലും ജോഷ് ഹേസൽവുഡും ഡൽഹിക്കെതിരെയും പ്രതീക്ഷ കാക്കുമെന്നാണ് ആര്‍സിബിയുടെ പ്രതീക്ഷ.ഡെത്ത് ഓവറുകളില്‍ റണ്‍നിയന്ത്രിക്കാന്‍ ഭുവനേശ്വര്‍ കുമാറുമുണ്ട്. നേർക്കുനേർ ബലാബലത്തിൽ ആർസിബിക്ക് തന്നെയാണ് ആധിപത്യം. പരസ്പരം ഏറ്റുമുട്ടിയ 31 മത്സരങ്ങളിൽ പത്തൊൻപതിലും ജയിച്ചത് ആര്‍സിബിയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക