ചാരായം കുടിച്ചപ്പോള്‍ വയ്യായ്ക മറന്ന് ചാടിയെഴുന്നേറ്റ മാലക്കുട്ടി!

നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം:  submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.

ഇന്നലെ വെള്ളിലയില്‍ക്കൂടി പോയപ്പോഴാണ് വേനല്‍ക്കാലത്ത് ഞങ്ങള്‍ നടന്നിരുന്ന വഴി മക്കള്‍ക്ക് കാണിച്ച് കൊടുത്തത്. പാടവും, തോടും ഇറങ്ങിക്കടന്നാല്‍ റോഡായി. തോട്ടിലൂടെ കുറച്ചുദൂരം നടക്കണം. ബസ് കയറ്റാന്‍ കൂടെ ഡോളിപട്ടിയും വരും. അവിടവിടെയായിട്ട് തെളിഞ്ഞ വെള്ളം മുട്ടോളമുണ്ടാവും. അതിലിറങ്ങി വെള്ളം തെറിപ്പിച്ച് ആഘോഷത്തോടെയുള്ള ആ നടപ്പുണ്ടല്ലോ. അതിന്‍റെ ഒരു സുഖം വേറെയാണ്! 

അവധിക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് അച്ഛനെ സഹായിച്ചിരുന്നതാണ്. അച്ഛന്‍ കോടതി വിട്ടുവന്നാല്‍ വാഴയ്ക്ക് നനയ്ക്കാന്‍ പോകും. കൂടെ ഞാനും, ഏട്ടനും, പിന്നെ ഞങ്ങളുടെ ഫ്രണ്ട്‌സും. അച്ഛന്‍ വടക്കേകുളത്തില്‍ നിന്ന് ഏത്തംകൊണ്ട് വെള്ളം തേവും. ചാലുകളിലൂടെ വരുന്ന വെള്ളം കാണുമ്പോള്‍ തുള്ളിക്കളിക്കാന്‍ തോന്നും. ഒരു പിഞ്ഞാണം വെച്ച് ഞങ്ങള്‍ ഓരോ വാഴയ്ക്കും നനയ്ക്കും. ഇടയ്ക്ക് ഓപ്പോളുമുണ്ടാവും. ഇനി തിരിച്ചുകിട്ടാത്ത മഹാഭാഗ്യങ്ങള്‍!.

എന്‍റെ അടുത്ത സുഹൃത്തുക്കള്‍ വാസുവും, ശശിയുമായിരുന്നു. പല വലിയ വലിയ കാര്യങ്ങളും എനിക്ക് പറഞ്ഞുതന്നിരുന്നത് അവരാണ്. ഞങ്ങള്‍ കുട്ടിപ്പുരയുണ്ടാക്കി കളിക്കും. അതുകൊണ്ട് തന്നെ അന്നും, ഇന്നും എനിക്ക് ആത്മബന്ധം തോന്നുന്ന സൗഹൃദങ്ങള്‍ ആണ്‍കുട്ടികളായിരുന്നു. 

ഏട്ടനും കൂടി വലുതായപ്പോള്‍ പലപ്പോഴും എനിക്ക് ഏകാന്തത കൂട്ടായി. അപ്പോള്‍ ഞാന്‍ ഞങ്ങളുടെ പുതിയ ഉമ്മറത്തിനായി കെട്ടിയ തറയില്‍ ഡാന്‍സ് കളിക്കും. ഞാന്‍ സ്വന്തമായി പാട്ടുണ്ടാക്കി കളിച്ചിട്ടുണ്ട്, സ്‌കൂളില്‍ ലളിതഗാനം പാടിയിട്ടുണ്ട്, ആരോടും പറയാതെ. എന്നിലെ നര്‍ത്തകിയെ മാത്രമേ വീട്ടുകാര്‍ കണ്ടുള്ളൂ. എഴുത്തുകാരിയെ ഞാന്‍ പിന്നെ പുറത്തെടുക്കുന്നത് 45 വയസ്സിലാണ്. അപ്പോഴേക്കും അമ്മയും പോയിരുന്നു. 

തൊഴുത്തിന്‍റെ ചുമരിലൂടെ അതിസാഹസികമായി കയറി അവിടെ ഇരുന്ന് കളിക്കുക, വടക്കേ അറയിലെ ജനല്‍പ്പാളിയില്‍ ചോക്കുകൊണ്ട് എഴുതി ടീച്ചറാവുക ഇതൊക്കെ എന്‍റെ ഏകാന്ത വിനോദങ്ങളായിരുന്നു. പിന്നെ ചെമ്പരത്തി കൊമ്പിലിരുന്ന് ആടാറുണ്ടായിരുന്നു. 

ഞാന്‍ സ്വയം ഒരു കഥാപാത്രമാവുകയും, കുറേക്കാലം ഞാന്‍ എന്നെത്തന്നെ ആ പേരില്‍ മനസുകൊണ്ട് അഭിസംബോധന ചെയ്യുകയും ചെയ്തു. സാങ്കല്‍പ്പികലോകത്തും എനിക്ക് ഒരു ആണ്‍സുഹൃത്ത് ആയിരുന്നു കൂട്ട്. 

അവധിക്കാലത്ത് എന്‍റെ കസിന്‍റെ മോന്‍ മനുവേട്ടന്‍ വരും. എന്നെക്കാള്‍ ഒരു വയസിന് മൂത്ത മനുവേട്ടന്‍റെ പുസ്തകങ്ങളാണ് പിറ്റേവര്‍ഷം ഞാന്‍ ഉപയോഗിക്കുക. വളരെ വൃത്തിയില്‍ പൊതിഞ്ഞ പുസ്തകം കൃത്യമായി എല്ലാ കൊല്ലവും എനിക്ക് എത്തിയ്ക്കും. എന്‍റെ അടുത്ത് എത്തിയാല്‍ കൊല്ലാവസാനമാകുമ്പോഴേക്കും ഏടുകള്‍ ഒന്നും കാണില്ല. മനുവേട്ടന്‍ വന്നാല്‍ പിന്നെ ആഘോഷമാണ്. കളികളും കുളത്തില്‍ ചാടലും ഒക്കെയായി ദിവസം പോകുന്നത് അറിയില്ല. മനുവേട്ടനെ എന്നെങ്കിലും മാത്രേ കാണാറുള്ളൂ ഇപ്പോള്‍, എന്തെങ്കിലും വിശേഷങ്ങള്‍ക്ക്. പക്ഷേ ബാല്യകാല സൗഹൃദത്തിന്‍റെ ആ ബോണ്ടിങ് ഇപ്പോഴും ഞങ്ങള്‍ക്കിടയിലുണ്ട്.

ആഘോഷങ്ങള്‍ പലവിധമായിരുന്നു. വെയിലുള്ളപ്പോള്‍ കളികള്‍ അകത്ത് തന്നെ ആയിരിക്കും. തെക്കിനിയും, കിഴക്കിനിയും ഇല്ലാത്ത ഒരു നാലുകെട്ടിന്‍റെ ബാക്കിയെല്ലാ ഭാഗങ്ങളും ചേര്‍ന്നതായിരുന്നു ഞങ്ങളുടെ വീട്. വലിയ അടുക്കളയും, വലിയ വടക്കിനിയും, വലിയൊരു മേലടുക്കളയും. തട്ടിന്‍പുറവും തട്ടിടാന്‍ മാത്രം ഉയരമുള്ളത്. വേനല്‍ക്കാലത്ത് ഞങ്ങള്‍ അവിടെ കിടക്കാറുണ്ട്. പടിഞ്ഞാറ്റി തട്ട് ഇട്ടതായിരുന്നു. വീതി കുറഞ്ഞ വളരെ നീളമുള്ള ഒരു ഇടനാഴി.

അവിടെ ഗോലി ഉരുട്ടിക്കളിക്കല്‍ എന്‍റെയും, ഏട്ടന്‍റെയും വലിയ വിനോദമായിരുന്നു. അത് പരസ്പരം കൂട്ടിമുട്ടുമ്പോള്‍ ഉള്ള സന്തോഷം. പിന്നെ ഉച്ചക്ക് ശേഷം സിനിമ പ്രദര്‍ശനം ഏട്ടന്‍റെ വക. കണ്ണാടിവെച്ച് വെയില്‍ ചുമരിലേക്ക് പ്രതിബിംബിച്ച് പഴയ ഫിലിം റോളുകള്‍ കാണിക്കല്‍. അത് വളരെ വിജയകരമായി ഏട്ടന്‍ ചെയ്യുമ്പോള്‍ ആ മഹാപ്രതിഭയുടെ കഴിവില്‍ ഞാന്‍ അഭിമാനം കൊള്ളും. 

പിന്നെ അമ്മയുടെയും, കുഞ്ഞമ്മയുടെയും കൂടെ ഇരുന്ന് സിലോണ്‍ റേഡിയോ കേള്‍ക്കല്‍, മേമ വന്നാല്‍ സിനിമാക്കഥ കേള്‍ക്കല്‍ -ഇതൊക്കെ നല്ല രസമാണ്. കുഞ്ഞമ്മ വലിയൊരു ജയന്‍ ഫാന്‍ ആയിരുന്നു. കുഞ്ഞമ്മയുടെ പെട്ടിയില്‍ ധാരാളം ജയന്‍റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ സ്ഥിരമായി ‘അമ്പിളി അമ്മാവന്‍’ പുസ്തകം അച്ഛന്‍ കൊണ്ടുവരുമായിരുന്നു. അത് വായിച്ച് ഏട്ടന്‍ കഥ പറഞ്ഞുതരും. കുറച്ച് ആയപ്പോള്‍ ഞാനും അതൊക്കെ വായിച്ചുതുടങ്ങി. 

എന്‍റെ കുട്ടിക്കാലത്താണ് മായാവി ബാലരമയില്‍ തുടങ്ങുന്നത്. രാജുവും, രാധയും ഇന്നും വലുതായില്ല, പക്ഷെ നമ്മുടെയൊക്കെ തലയില്‍ വെള്ളിവര വീണു തുടങ്ങി. ബാലരമ വരുത്തുന്നത് നിര്‍ത്തിയത് തന്നെ ഈ അടുത്ത കാലത്താണ്. അമ്മുവും കൂടി വലുതായിട്ട്. 

അച്ഛന് ബാലരമയും, അമ്മയ്ക്ക് മനോരമയും നിര്‍ബന്ധം ആയിരുന്നു. കൂട്ടത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പും. മാതൃഭൂമിയിലെ ചെറുകഥകള്‍ എന്‍റെ കോളേജ് കാലത്ത് സ്ഥിരമായി ഞാന്‍ വായിക്കാറുണ്ടായിരുന്നു. കുട്ടിക്കാലത്ത് മനോരമ ആഴ്ചപ്പതിപ്പ് വായിക്കാന്‍ സമ്മതിക്കില്ല. അതില്‍ പൈങ്കിളികഥകള്‍ ഉള്ളത് കൊണ്ട്.

വൈകുന്നേരമായാല്‍ പിന്നെ മുറ്റത്തുനിന്ന് കയറാതെയുള്ള കളികളായിരുന്നു. ഇടയ്ക്ക് മരത്തില്‍ കയറ്റം. നല്ല മാവും, പറങ്കിമാവും ഒക്കെ കാണുമ്പോള്‍ ഇപ്പോഴും കയറാനും, തൂങ്ങി ആടാനും ഒക്കെ കൊതി തോന്നാറുണ്ട്. ഇതിനിടയില്‍ രാവിലെ ഒരു കുളത്തില്‍ ചാട്ടം ഉണ്ട്. തലയ്ക്ക് മത്ത് പിടിക്കുന്നവരെ വെള്ളത്തില്‍ കിടക്കും. ഇങ്ങനെ നീളുന്നു ഞങ്ങളുടെ കളികള്‍.

അവധിക്കാലത്ത് നടന്ന ഒരു സംഭവം കൂടി പറഞ്ഞിട്ട് നിര്‍ത്താം. മാലക്കുട്ടി എന്ന പശുക്കിടാവ് അവിടെ പെറ്റുവളര്‍ന്നതാണ്. വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയായ എന്നോട് കാണിക്കുന്ന വാത്സല്യമൊക്കെ അതിനും കൊടുത്തിരുന്നു. അതുകൊണ്ടുതന്നെ കുറുമ്പി ആയിരുന്നു. രണ്ട് സംഭവങ്ങളാണ് മാലക്കുട്ടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത്. ഒരിക്കല്‍ കപ്പയുടെ ഇലയോ, തൊലിയോ മറ്റോ തിന്ന് അവള്‍ക്ക് ബോധം പോയി. അപ്പുറത്തെ വീട്ടിലെ മാഷ് ചാരായം കൊണ്ടുവരാന്‍ പറഞ്ഞ് അത് അവള്‍ക്ക് കൊടുത്തു. സാധാരണ ചാരായം കുടിച്ചാല്‍ ബോധം കെടാറുള്ള നമ്മളില്‍ നിന്ന് വ്യത്യസ്തമായി ചാരായം കുടിച്ച് അവള്‍ എഴുന്നേറ്റ് ഉഷാറായി. 

മാലക്കുട്ടിക്ക് എല്ലാവരെയും പരിചയക്കേട് ആയിരുന്നു. വലുതായിട്ട് അവള്‍ ഒരു അമ്മ ആയിക്കഴിഞ്ഞപ്പോഴും അതുണ്ടായിരുന്നു. പരിചയം ഇല്ലാത്ത ആര് അടുത്ത് ചെന്നാലും അവള്‍ അലറി നിലവിളിക്കും. അവളെ കറക്കാന്‍ അടുത്ത വീട്ടില്‍ നിന്ന് ഒരു ഏട്ടനാണ് വന്നിരുന്നത്. വേറെ ആരെയും അവള്‍ സമ്മതിക്കില്ല. അങ്ങനെ ഒരു ദിവസം, അന്ന് അച്ഛനും, അമ്മയും, പിന്നെ ഞാനും എവിടെയോ പോയതാണ്, രാവിലെ അച്ഛമ്മ നോക്കിയപ്പോള്‍ മാലക്കുട്ടി തൊഴുത്തില്‍ ഇല്ല. രാത്രി അവളുടെ കരച്ചിലൊന്നും കേട്ടതുമില്ല. ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ’ എന്ന് പറയും പോലെ അവള്‍ അലറിവിളിക്കാതെ കൂടെ പോകണമെങ്കില്‍ ആ ഏട്ടന്‍ തന്നെ ആയിരിക്കണമെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ഞങ്ങള്‍ പാടത്തുകൂടെ നടന്നുപോയപ്പോള്‍ പശുവിന്‍റെ കാലടിപ്പാട് കണ്ടു. അച്ഛന്‍ പോലീസ് കേസ് ആക്കിയെന്ന് തോന്നുന്നു. എന്തായാലും ഞങ്ങളുടെ മാലയെ തിരിച്ചുകിട്ടി.

പിന്നെ ഞങ്ങളുടെ അരുമകള്‍ ഡോളിയെന്ന പട്ടി, കൗസു എന്ന പൂച്ച, കല്ലു എന്ന ആട്.. അവധികളില്‍ ഇവരും എനിക്ക് കൂട്ടായി.

 

ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.

 

 

By admin