ഗുജറാത്തിനെതിരെ ടോസ് നേടിയിട്ടും എന്തിന് ബൗളിംഗ് തെരഞ്ഞെടുത്തു?, സഞ്ജുവിനെതിരെ വിമര്‍ശനവുമായി മുന്‍ താരം

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തില്‍ ടോസ് നേടിയിട്ടും ബൗളിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ താരം ആകാശ് ചോപ്ര. ഈ സീസണില്‍ ഇവിടെ നടന്ന മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ തുടര്‍ച്ചയായി 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്നത് കണ്ടിട്ടും സഞ്ജു ബൗളിംഗ് തെരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ആകാശ് ചോപ്ര പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ 200 റണ്‍സിന് മുകളില്‍ സ്കോര് ചെയ്യുന്നത് പതിവ് കാഴ്ചയാണ്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകളും 200ന് മുകളില്‍ സ്കോര്‍ ചെയ്യുന്നുണ്ടെങ്കിലും ഈ ആഴ്ച നടന്ന മത്സരങ്ങളില്‍ ഒരേയൊരു തവണ മാത്രമാണ് 200ന് മുകളില്‍ ഒരു ടീം ചേസ് ചെയ്ത് ജയിച്ചത്. അതുകൊണ്ട് തന്നെ ടോസ് നേടിയാല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു ഉചിതം.

ഐപിഎൽ ഓറഞ്ച് ക്യാപ്: രണ്ടാം സ്ഥാനം തിരിച്ചുപിടിച്ച് സായ് സുദർശൻ; ടോപ് 10ല്‍ തിരിച്ചെത്തി സഞ്ജു സാംസൺ

ഗുജറാത്തിനെതിരെ സഞ്ജുവും ഹെറ്റ്മെയറും പരാഗുമെല്ലാം നന്നായി കളിച്ചു. പക്ഷെ ധ്രുവ് ജുറെലും യശസ്വി ജയ്സ്വാളും നിരാശപ്പെടുത്തി. ഈ സീസണില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് യശസ്വി മികച്ച പ്രകടനം നടത്തിയത്. പലപ്പോഴും നല്ല തുടക്കങ്ങള്‍ ലഭിച്ചിട്ടും യശസ്വി മോശം പ്രകടനം തുടരുകയാണ്.അത് അത്ര നല്ല കാര്യമല്ല.

ഗുജറാത്ത് ടീമില്‍ എല്ലാവര്‍ക്കും വ്യക്തമായ റോളുണ്ട്. അതവര്‍ ഭംഗിയായി നിറവേറ്റകയും ചെയ്യുന്നു.അവനവന്‍റെ റോളിനെക്കുറിച്ചുള്ള വ്യക്തതയാണ് ഗുജറാത്ത് താരങ്ങളുടെ മികച്ച പ്രകടനത്തിന് കാരണമെന്നും ആകാശ് ചോപ്ര പറഞ്ഞു. രാജസ്ഥാനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ 217 റണ്‍സടിച്ചപ്പോള്‍ രാജസ്ഥാന്‍ 159 റണ്‍സിന് പുറത്തായി 58 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങിയിരുന്നു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

By admin