ഗുജറാത്തിനെതിരായ വമ്പന്‍ തോല്‍വി രാജസഥാന് കനത്ത തിരിച്ചടി,നാലാം ജയത്തോടെ ഗുജറാത്ത് ഒന്നാമത്

അഹമ്മദാബാദ്:അഞ്ച് കളികളില്‍ മൂന്നാം തോല്‍വി വഴങ്ങിയതോടെ ഐപിഎൽ പോയന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സിന് വമ്പന്‍ തിരിച്ചടി. പോയന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തു തന്നെ തുടരുകയാണെങ്കിലും 58 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയത് രാജസ്ഥാന് നെറ്റ് റണ്‍ റേറ്റില്‍ കനത്ത പ്രഹരമായി. അടുത്ത മത്സരം ജയിച്ചാല്‍ -0.733 നെറ്റ് റണ്‍റേറ്റുമായി ഏഴാം സ്ഥാനത്തുള്ള രാജസ്ഥാനെ മറികടക്കാന്‍ മുംബൈ ഇന്ത്യൻസിന്(-0.010) അവസരം ഒരുങ്ങും.

അതേസമയം, രാജസ്ഥാനെതിരെ വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് ഗണ്യമായി മെച്ചപ്പെടുത്തിയ ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം സ്ഥാനത്തെത്തി. അ‍ഞ്ച് കളികളില്‍ നാലു ജയവുമായി എട്ട് പോയന്‍റുള്ള ഗുജറാത്തിന് +1.413 മികച്ച നെറ്റ് റണ്‍റേറ്റുമുണ്ട്.മൂന്നു കളികളില്‍ മൂന്നും ജയിച്ച് ആറ് പോയന്‍റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഗജറാത്തിന് തൊട്ടു പിന്നില്‍ +1.257 എന്ന മികച്ച നെറ്റ് റണ്‍റേറ്റും ഡല്‍ഹിക്കുണ്ട്.

ആറ് പോയന്‍റ് വീതമുള്ള റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്സും ലക്നൗ സൂപ്പര്‍ ജയന്‍റ്സുമാണ് പോയന്‍റ് പട്ടികയിലെ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് മികച്ച നെറ്റ് റൺറേറ്റിന്‍റെ ബലത്തില്‍(-0.056) രാജസ്ഥാനെ മറികടന്നത് ആറാമത്. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനിറങ്ങുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയിച്ചാല്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ അവസരം ലഭിക്കും. അതേസമയം, ഇന്ന് മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ ഗുജറാത്തിനെ മറികടന്ന് ഡല്‍ഹിക്ക് ഒന്നാം സ്ഥാനത്തെത്താന്‍ അവസരമുണ്ട്.

By admin

You missed