കരച്ചിൽ നിർത്താതെ 3 മാസം പ്രായമുള്ള മകൻ, കുടിവെള്ള ടാങ്കിൽ എറിഞ്ഞുകൊന്ന് അമ്മ, അറസ്റ്റ്
അഹമ്മദാബാദ്: നിർത്താതെ കരഞ്ഞ മൂന്ന് മാസം പ്രായമുള്ള മകനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞു കൊന്ന് അമ്മ. ഗുജറാത്തിലാണ് സംഭവം. 22കാരിയാണ് 3 മാസം പ്രായമുള്ള മകനെ ഭൂർഭ കുടിവെള്ള ടാങ്കിലെറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തിൽ 22കാരിയായ കരിഷ്മ ഭാഗേൽ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ കാണാനില്ലെന്ന് യുവതി പറഞ്ഞതിന് പിന്നാലെ വീട് മുഴുവൻ തിരഞ്ഞ ശേഷമാണ് യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയത്.
തിങ്കളാഴ്ച ദമ്പതികളുടെ വീട്ടിലെത്തിയ പൊലീസ് വീട് അരിച്ച് പെറുക്കിയിരുന്നു. ഇതിനിടയിലാണ് കുടിവെള്ള ടാങ്കിൽ നിന്ന് കുട്ടിയുടെ മൃതദേഹം കിട്ടിയത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ യുവതിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ചോദ്യം ചെയ്യലിലാണ് യുവതി കുറ്റസമ്മതം നടത്തിയത്. ഉറങ്ങാൻ പോലും ആവാത്ത രീതിയിൽ മകൻ കരഞ്ഞ് ബഹളമുണ്ടാക്കിയതിന് പിന്നാലെയാണ് കുട്ടിയെ ടാങ്കിലെറിഞ്ഞതെന്നാണ് 22 കാരി പൊലീസിനോട് വിശദമാക്കിയത്. തിങ്കളാഴ്ച രാത്രിയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗർഭിണിയായ ശേഷവും പ്രസവ ശേഷവും യുവതി കടുത്ത മാനസിക സംഘർഷം നേരിട്ടിരുന്നതായാണ് വീട്ടുകാർ വിശദമാക്കുന്നത്. മകനെ കിടക്കയിൽ കിടത്തിയ ശേഷം ശുചിമുറിയിൽ പോയെന്നായിരുന്നു ഇവർ പൊലീസിനോട് ആദ്യം പറഞ്ഞത്. ടാങ്കിന്റെ നിർമ്മിതി അനുസരിച്ച കുട്ടി ഇഴഞ്ഞെത്തിയാൽ പോലും ടാങ്കിലേക്ക് വീഴാൻ സാധിക്കില്ലെന്നിരിക്കെ മൃതദേഹം ടാങ്കിൽ കണ്ടെത്തിയതാണ് സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തിയത്.