കനത്ത തോല്‍വിക്കൊപ്പം സഞ്ജുവിനും ടീമിനും അടുത്ത തിരിച്ചടി, കുറഞ്ഞ ഓവര്‍ നിരക്കിന് കനത്ത പിഴ

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കനത്ത തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസണും ടീമിനും കനത്ത പിഴ ചുമത്തി ബിസിസിഐ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് 24 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്.ഇതിന് പുറമെ പ്ലേയിംഗ് ഇലവനിലെ മറ്റ് താരങ്ങള്‍ക്ക് ആറ് ലക്ഷമോ മാച്ച് ഫീയുടെ 25 ശതമാനമോ ഏതാണ് കുറവ് അത്രയും തുക പിഴയായി ഒടുക്കണം. ടീമിലെ ഇംപാക്ട് പ്ലേയര്‍ക്കും പിഴ ബാധകമാണ്.

സീസണില്‍ രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെടുന്നത് എന്നതിനാലാണ് സഞ്ജുവിന് കനത്ത പിഴ ചുമത്തിയത്. ആദ്യ തവണ ശിക്ഷിക്കപ്പെടുമ്പോള്‍ 12 ലക്ഷം രൂപയായിരുന്നു പിഴ. ഗുജറാത്തിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്ഥാന് അവസാന ഓവറില്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ ബൗണ്ടറിയില്‍ നിര്‍ത്താന്‍ കഴിഞ്ഞിരുന്നുളളു.സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സ് കൂടി കൂട്ടിച്ചേർത്ത ഗുജറാത്ത് ടീം ടോട്ടല്‍ 217 റണ്‍സിലെത്തിക്കുകയും ചെയ്തു.

റിട്ടയേര്‍ഡ് ഔട്ടായാല്‍ പിന്നീടൊരു മടങ്ങിവരവില്ലേ, ഐപിഎല്ലിലെ പുതിയ ട്രെന്‍ഡിനെക്കുറിച്ചറിയാം

ഗുജറാത്ത് ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് തുടക്കത്തിലെ തിരിച്ചടിയേറ്റിരുന്നു. ഓപ്പണര്‍ യശസ്വി ജയ്സ്വാളും നിതീഷ് റാണയും പവര്‍ പ്ലേയില്‍ തന്നെ മടങ്ങിയപ്പോള്‍ സഞ്ജുവും റിയാന്‍ പരാഗും ചേര്‍ന്ന് പ്രതീക്ഷ നല്‍കിയെങ്കിലും വിവാദപരമായ ഒരു തീരുമാനത്തിലൂടെ പരാഗ് പുറത്തായതോടെ രാജസ്ഥാൻ വീണ്ടു തകര്‍ച്ചയിലായി. പരാഗിന് പിന്നാലെ ധ്രുവ് ജുറെലും മടങ്ങി. പിന്നീട് ഹെറ്റ്മെയറും സഞ്ജുവും ചേര്‍ന്ന് 48 റണ്‍സ് കൂട്ടുകെട്ടിലൂടെ രാജസ്ഥാനെ 100 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും പ്രസിദ്ദ് കൃഷ്ണയുടെ പന്തില്‍ സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍റെ അവസാന പ്രതീക്ഷും അവസാനിച്ചു.

218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19.2 ഓവറില്‍ 159 റണ്‍സിന് ഓള്‍ ഔട്ടായി സീസണിലെ മൂന്നാം തോല്‍വി വഴങ്ങി. ജയത്തോടെ ഗുജറാത്ത് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin