എന്താ ഒരു ഭംഗി! നഗ്നനേത്രങ്ങൾ കൊണ്ട് അധികം വൈകാതെ ദൃശ്യമാകും, സൗരയുഥത്തിന് ഉള്ളിൽ കണ്ടെത്തിയ വാൽനക്ഷത്രം
സൗരയുഥത്തിന്റെ ഉൾഭാഗത്ത് തിളക്കമുള്ള പുതിയ ബ്രൈറ്റ് ഗ്രീൻ വാൽനക്ഷത്രം കണ്ടെത്തി. മരതക നിറമുള്ള ഈ ധൂമകേതു ഒരു മാസത്തിനുള്ളിൽ സൂര്യനെ ചുറ്റി സഞ്ചരിക്കും. അപ്പോൾ നഗ്നനേത്രങ്ങൾക്ക് അത് ദൃശ്യമാകും. SWAN25F എന്ന് വിളിക്കപ്പെടുന്ന പുതിയ വാൽനക്ഷത്രത്തെ ഏപ്രിൽ ഒന്നിന് ഓസ്‌ട്രേലിയൻ അമച്വർ ജ്യോതിശാസ്ത്രജ്ഞനായ മൈക്കൽ മാറ്റിയാസോ ആണ് കണ്ടെത്തിയത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സോളാർ ആൻഡ് ഹീലിയോസ്ഫെറിക് ഒബ്സർവേറ്ററി (SOHO) ബഹിരാകാശ പേടകത്തിലെ SWAN ക്യാമറ പകർത്തിയ ഫോട്ടോകളിൽ അദ്ദേഹം വാൽനക്ഷത്രത്തെ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
നിരവധി ജ്യോതിശാസ്ത്രജ്ഞർ SWAN25F ന്റെ കണ്ടെത്തൽ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം നാസയുടെ മൈനർ പ്ലാനറ്റ്സ് സെന്റർ ഇതുവരെ ഈ വാൽനക്ഷത്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഈ വാല്‍ നക്ഷത്രത്തിന്‍റെ വലിപ്പം, ഉത്ഭവം, ദൂരം, വേഗത, ഭ്രമണപഥം എന്നിവ സംബന്ധിച്ച് ഇപ്പോഴും വലിയ അവ്യക്തതകൾ ഉണ്ട്. എന്നാൽ സൗരയൂഥത്തിലൂടെ അതിന്റെ പാത പരിശോധിക്കുകയാണ് ഇപ്പോൾ ഗവേഷകർ. മെയ് ഒന്നിന് അത് സൂര്യനോട് ഏറ്റവും അടുത്തുള്ള പെരിഹെലിയനിൽ എത്തുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഈ സമയം സൂര്യനിൽ നിന്ന് ഏകദേശം 31 ദശലക്ഷം മൈൽ (50 ദശലക്ഷം കിലോമീറ്റർ) അകലെ ആയിരിക്കും ഇതെന്നുമാണ് ഗവേഷകരുടെ കണക്കുകൂട്ടൽ.
ഇറ്റലിയിലെ മാൻസിയാനോയിലുള്ള വെർച്വൽ ടെലിസ്കോപ്പ് പ്രോജക്റ്റും പുതിയ പച്ച വാൽനക്ഷത്രത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട് . യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ SOHO ബഹിരാകാശ പേടകം പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ചാണ് വാൽനക്ഷത്രത്തെ കണ്ടെത്തിയത്. ആ ഫോട്ടോയുടെ അടിസ്ഥാനത്തിൽ, SWAN25F ന് രണ്ട് ഡിഗ്രി വരെ നീളമുള്ള ഒരു വാൽ ഉണ്ടായിരിക്കാമെന്ന് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്യുന്നു. ധൂമകേതുവിന്റെ മരതക തിളക്കം ഡൈകാർബണിന്റെ സാനിധ്യം കാരണമായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ.