ആ റെക്കോര്‍ഡും മറികടന്നു, ലോകത്തിലെ ആദ്യ താരം; അപൂര്‍വ്വ നേട്ടവുമായി വിരാട് കോലി

ബാറ്റിംഗില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലി. ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യമായി 1000 ബൗണ്ടറികള്‍ നേടുന്ന താരമായി മാറിയിരിക്കുകയാണ് കോലി. ഐപിഎല്ലിന്റെ എല്ലാ സീസണുകളും കളിച്ച കോലി ഇതുവരെ 257 മത്സരങ്ങളാണ് കളിച്ചത്. 721 ഫോറും 279 സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് ഐപിഎല്ലില്‍ പിറന്നു. 

ഡല്‍ഹിക്കെതിരായ മത്സരത്തിലെ നാലാം ഓവറിലെ മൂന്നാം പന്തിലായിരുന്നു കോലി നാഴികക്കല്ല് പിന്നിട്ടത്. ഡല്‍ഹി നായകൻ അക്സര്‍ പട്ടേലെറിഞ്ഞ പന്ത് സിക്സര്‍ പായിച്ചായിരുന്നു നേട്ടം. ലീഗില്‍ ഏറ്റവുമധികം ഫോറുകള്‍ നേടിയ താരമാണ് കോലിയെങ്കിലും സിക്സിന്റെ കാര്യത്തില്‍ പിന്നിലാണ്. ക്രിസ് ഗെയിലും (357) രോഹിത് ശര്‍മയുമാണ് (282) കോലിയേക്കാള്‍ സിക്സുകള്‍ ഐപിഎല്ലില്‍ നേടിയിട്ടുള്ളത്.

വരും മത്സരങ്ങളില്‍ മറ്റൊരു അപൂര്‍വ റെക്കോ‍‍ര്‍ഡുകൂടി കോലിയെ കാത്തിരിക്കുന്നുണ്ട്. ട്വന്റി 20 ക്രിക്കറ്റില്‍ 100 അര്‍ദ്ധ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ താരമാകാൻ കോലിക്ക് കഴിയും. നിലവില്‍ 99 അര്‍ദ്ധ സെഞ്ച്വറികളാണ് കോലിയുടെ പേരിലുള്ളത്. ഡേവിഡ് വാര്‍ണറാണ് ട്വന്റി 20യില്‍ 100 അര്‍ദ്ധ സെഞ്ച്വറി നേടിയിട്ടുള്ള ഏകതാരം.

ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുത്തിട്ടുണ്ട്. രജത് പടിധാര്‍, ജിതേഷ് ശര്‍മ എന്നിവരാണ് ക്രീസില്‍. ഫിലിപ് സാള്‍ട്ട് (17 പന്തില്‍ 37), ദേവ്ദത്ത് പടിക്കല്‍ (1), വിരാട് കോലി (22), ലിയാം ലിവിങ്സ്റ്റണ്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്. സാള്‍ട്ട് റണ്ണൗട്ടായപ്പോള്‍ ദേവ്ദത്ത്, മുകേഷ് കുമാറിന്റെ പന്തില്‍ അക്‌സര്‍ പട്ടേലിന് ക്യാച്ച് നല്‍കുകയായിരുന്നു. കോലിയുടെ വിക്കറ്റ് വിപ്രജ് നിഗമാണ് വീഴ്ത്തിത്.

By admin