ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം ഉയരുന്നു; നിരക്ക് വര്‍ധന എങ്ങനെ കൈകാര്യം ചെയ്യാം
രാജ്യത്തെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി പ്രീമിയം നിരക്കുകള്‍ കുത്തനെ വര്‍ധിക്കുന്നതായി കണക്കുകള്‍. ഒരു ഏജന്‍സി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകളില്‍ 52% പേര് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പ്രീമിയം 25%-ത്തിലധികം വര്‍ദ്ധിച്ചതായാണ് വ്യക്തമാക്കുന്നത്. സര്‍വേയില്‍ പ്രതികരിച്ച 18,067 പേരില്‍ 27% പേര് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പ്രീമിയം 25% വരെ വര്‍ദ്ധിച്ചതായി അറിയിച്ചു. മിക്ക കമ്പനികളും അടുത്ത കുറച്ച് മാസങ്ങളില്‍ പ്രീമിയം വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. നിരക്ക് വര്ധന് 5-18% വരെയാകുമെന്നാണ് കണക്കുകൂട്ടല്‍. ആരോഗ്യ സേവന മേഖലയിലെ പണപ്പെരുപ്പം പ്രതിവര്‍ഷം ഏകദേശം 15% ആണെന്നാണ് കണക്ക്. അതിന് പിന്നാലെ നിരവധി ആരോഗ്യ പ്രശ്നങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
പോളിസി നിരക്ക് വര്‍ധന എങ്ങനെ കൈകാര്യം ചെയ്യാം?
ഒരു പരിഹാരം മള്‍ട്ടി-ഇയര്‍ പോളിസി വാങ്ങുക എന്നതാണ. ഇത്തരം പോളിസികളുടെ പ്രീമിയം, അഞ്ച് വര്‍ഷം മുന്‍കൂട്ടി അടയ്ക്കാന്‍ കഴിയും. മള്‍ട്ടി-ഇയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എന്നത് ഒരു തരം പ്ലാനാണ്, ഇത് ഒരു വര്‍ഷത്തെ കാലാവധിക്ക് പകരം, സാധാരണയായി രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ ദീര്‍ഘകാലത്തേക്ക് കവറേജ് നല്കുന്നു. മള്‍ട്ടി-ഇയര്‍ മെഡിക്ലെയിം പ്ലാന്‍ വാങ്ങുന്നത് ഈ കാലയളവിലെ പ്രീമിയം നിരക്ക് വര്‍ധനയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്നു. രാജ്യത്തെ മിക്ക ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളും രണ്ട് വര്‍ഷത്തെ പോളിസി കാലാവധി തിരഞ്ഞെടുക്കുമ്പോള്‍ 10% വരെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്..
ദീര്‍ഘകാല പോളിസികള്‍ക്കൊപ്പം, ചില ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയങ്ങള്‍ ലോക്ക് ചെയ്യുന്ന പോളിസികളും വാഗ്ദാനം ചെയ്യുന്നുണ്ട്.ു. അത്തരം പോളിസികളുടെ കാര്യത്തില്‍, ഇന്‍ഷ്വര്‍ ചെയ്തയാള്‍ ഒരു ക്ലെയിമും നടത്തിയിട്ടില്ലെങ്കില്‍, പോളിസി എടുത്ത പ്രായം മുതല്‍ ആണ് കമ്പനി പ്രീമിയം കണക്കാക്കുന്നത്. . അതിനാല്‍, യുവാക്കള്‍ക്ക് ഇത്തരം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഏറെ പ്രയോജനകരമാണ്.
എന്തൊക്കെയാണ് പോരായ്മകള്‍?
ദീര്‍ഘകാല പോളിസി നല്കുന്ന കമ്പനി തങ്ങളുടെ പോളിസികളുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും മാറ്റുകയാണെങ്കില്‍, പോളിസി ഉടമയ്ക്ക് പുറത്തുകടക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പോലും അത് വളരെ പരിമിതമാണ് എന്നുള്ളതാണ് ഇതിന്റെ പ്രധാന പോരായ്മ. മള്‍ട്ടി-ഇയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ് വാങ്ങുമ്പോള്‍, നോ ക്ലെയിം ബോണസിന്റെ കണക്കുകൂട്ടല്‍ പ്രക്രിയയും അല്‍പ്പം ബുദ്ധിമുട്ടുള്ളതായിരിക്കും.