അനിവാര്യമായ തീരുമാനം ട്രംപ് എടുത്തു, പിന്നാലെ ശുഭസൂചനകൾ; അമേരിക്കയിൽ നിക്ഷേപകർ ഹാപ്പി, സൂചികകൾ മുന്നോട്ട്
വാഷിങ്ടൺ: അധിക തീരുവ പ്രഖ്യാപനം ട്രംപ് മരവിപ്പിച്ചതോടെ കുതിച്ചുയർന്ന് അമേരിക്കൻ ഓഹരി വിപണി. ഡൗ ജോൺസ് സൂചിക 8 ശതമാനം ഉയർന്നു. 3000 പോയിന്റിന്റെ നേട്ടമാണ് രേഖപ്പെടുത്തിയത്. നാസ്ഡാക് 12 ശതമാനവും, എസ് ആൻഡ് പി 500 ഒൻപത് ശതമാനവും മുന്നേറി. കഴിഞ്ഞ ഒരാഴ്ച്ചയിൽ ലിസ്റ്റഡ് കമ്പനികളുടെ ആകെ വിപണി മൂല്യത്തിൽ ആറ് ലക്ഷം കോടി ഡോളർ മാഞ്ഞുപോയിടത്ത് നിന്നാണ് ഓഹരി സൂചികകളുടെ തിരിച്ചുവരവ്.
ട്രംപിൻ്റെ പുതിയ തീരുമാനത്തിൻ്റെ പ്രതിഫലനം ഇന്ത്യയിലടക്കമുള്ള ഓഹരി സൂചികകളിലും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ചൈന ഒഴികെയുള്ള അറുപതോളം രാജ്യങ്ങൾക്കാണ് ഡോണൾഡ് ട്രംപിന്റെ ഇളവ് . അധിക തീരുവ 90 ദിവസത്തേയ്ക്ക് മരവിപ്പിക്കുന്നെന്ന പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു, എങ്കിലും അനിവാര്യവുമായിരുന്നു. അതേസമയം യുഎസ് പ്രസിഡൻ്റിൻ്റെ നടപടിക്ക് അതേ ഭാഷയിൽ തിരിച്ചടിച്ച ചൈനയ്ക്കുള്ള നികുതി 125% വരെ ആയി തുടരും. ലോക വ്യാപാര സംഘടനയ്ക്ക് ചൈന പരാതി നൽകിയിട്ടുണ്ട്.