അത് ധോണിയല്ല! വിക്കറ്റ് കീപ്പിങ്ങിനോടുള്ള ഇഷ്ടത്തിന് കാരണം അയാള്‍; വെളിപ്പെടുത്തി യുവതാരം
വിക്കറ്റ് കീപ്പില്‍ തന്റെ ആരാധനാപാത്രമാരെന്ന് ചോദിച്ചാല്‍ ഭൂരിഭാഗം ഇന്ത്യൻ താരങ്ങളുടേയും മറുപടി എം എസ് ധോണിയെന്നാകും. ധോണിയോളം മികവുള്ള മറ്റൊരു വിക്കറ്റ് കീപ്പറെ കളത്തിലെത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം ജിതേഷ് ശര്‍മ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വിക്കറ്റ് കീപ്പര്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകായണിപ്പോള്‍. എന്നാല്‍ അത് ധോണിയല്ല. ഓസ്ട്രേലിയൻ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റാണ്.
ഐപിഎല്ലിന്റെ ഔദ്യോഗിക പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ആവശ്യമായ സാങ്കേതികവിദ്യയെക്കുറിച്ചും മറ്റും ജിതേഷ് വിശദീകരിച്ചു.
വിക്കറ്റ് കീപ്പിങ്ങിനോടുള്ള എന്റെ ഇഷ്ടത്തിന്റെ കാരണം ആദം ഗില്‍ക്രിസ്റ്റാണ്. വളരെ അനായാസമായാണ് അദ്ദേഹം കീപ്പ് ചെയ്തിരുന്നത്. അദ്ദേഹം ക്യാച്ചുകള്‍ എടുത്തിരുന്ന രീതി എന്നെ വളരെയധികം ആകര്‍ഷിച്ചിരുന്നു. വിക്കറ്റ് കീപ്പിങ്ങിന് ചില അടിസ്ഥാന കാര്യങ്ങളും നിയമങ്ങളുമൊക്കെയുണ്ട്. നമ്മള്‍ ഇരിക്കുന്ന പൊസിഷനും തമ്പ് റൂളുമൊക്കെ അതില്‍ ഉള്‍പ്പെടുന്നുവെന്നും ജിതേഷ് വ്യക്തമാക്കി.
എന്നെ സംബന്ധിച്ച് ഞാൻ എപ്പോഴും ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുണ്ട്. പന്തില്‍ കൃത്യമായ ശ്രദ്ധ ചെലുത്തും. അപ്പോള്‍ സ്വഭാവികമായും ശരീരവും ഒപ്പം നീങ്ങും. തോളും മുട്ടും ഒരു ബോക്സ് രൂപത്തില്‍ നീക്കാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് എന്റെ പ്രതിരോധം മികച്ചരീതിയിലേക്ക് മാറുമെന്നും ജിതേഷ് കൂട്ടിച്ചേര്‍ത്തു.
2016 താരലേലത്തില്‍ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ താരമാണ് ജിതേഷ്. 2017ല്‍ റീട്ടെയിൻ ചെയ്യപ്പെട്ട ജിതേഷിന് ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചില്ല. പിന്നീട് 2022ല്‍ പഞ്ചാബ് കിംഗ്സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. പഞ്ചാബിന്റെ ഫിനിഷറായി കളത്തിലെത്തിയ ജിതേഷ് 163 സ്ട്രൈക്ക് റേറ്റില്‍ 234 റണ്‍സ് സീസണില്‍ നേടി. 2023ല്‍ തന്റെ സ്കോറിങ്ങ് മെച്ചപ്പെടുത്തിയ താരം 309 റണ്‍സാണ് നേടിയത്.
11 കോടി രൂപയ്ക്കാണ് ബെംഗളൂരു ജിതേഷിനെ ടീമിലെത്തിച്ചത്. ഇതിനോടകം തന്നെ താരം നാല് ഇന്നിങ്സുകളില്‍ നിന്ന് 88 റണ്‍സ് നേടി.