ബോളിവുഡിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. എന്നാല്‍ ബോളിവുഡിലെ മറ്റ് പല താരങ്ങളെയുംപോലെ കൊവിഡ് കാലത്തിനിപ്പുറത്ത് തന്‍റെ താരമൂല്യത്തിന് ചേര്‍ന്നുള്ള ഒരു വിജയം നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അദ്ദേഹത്തിന് വലിയ പ്രതീക്ഷ ഉണ്ടായിരുന്ന ഈദ് റിലീസ് സിക്കന്ദറും ബോക്സ് ഓഫീസില്‍ വലിയ ചലനമൊന്നും ഉണ്ടാക്കാതെ പോവുകയാണ്. ഇപ്പോഴിതാ സിക്കന്ദറിന്‍റെയും തന്‍റെ മറ്റ് സമീപകാല ചിത്രങ്ങളുടെയും പരാജയത്തെക്കുറിച്ച് ആരാധകരുടെ അഭിപ്രായം തേടാന്‍ അവരെ തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍.
ഗാലക്സി അപാര്‍ട്ട്മെന്‍റിലെ വീട്ടിലാണ് സല്‍മാന്‍ ഖാന്‍റെ ക്ഷണപ്രകാരം ആരാധകര്‍ എത്തിയത്. സല്‍മാന്‍ ഖാനൊപ്പം അദ്ദേഹത്തിന്‍റെ മാനേജര്‍ ജോര്‍ഡി പട്ടേലും ബിസിനസ് ഹെഡ് വിക്രം തന്‍വാറും ഈ അപൂര്‍വ്വ കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. സല്‍മാന്‍ ഖാന്‍റെ സമീപകാല ചിത്രങ്ങളിലുള്ള തങ്ങളുടെ നിരാശ ആരാധകര്‍ അദ്ദേഹത്തോട് തുറന്ന് പ്രകടിപ്പിച്ചു. ആരാധകരുടെ സ്നേഹവും കരുതലും അദ്ദേഹത്തെ സ്പര്‍ശിച്ചെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.
“സിക്കന്ദറിനെക്കുറിച്ച് ആരാധകരോട് അദ്ദേഹം ചില കാര്യങ്ങളും തുറന്ന് പറഞ്ഞു. തുടക്കം മുതല്‍ക്കേ ഈ ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക് നേരായ ദിശയിലല്ലെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. ഒരു വലിയ ചിത്രം ഇങ്ങനെയല്ല നിര്‍മ്മിക്കപ്പെടേണ്ടതെന്നും. ആരാധകരെ സന്തോഷിപ്പിക്കുന്ന ചിത്രങ്ങള്‍ താനിനി ഉറപ്പായും ചെയ്യുമെന്നും സല്‍മാന്‍ ഖാന്‍ അവര്‍ക്ക് വാക്ക് കൊടുത്തു”, അടുത്ത വൃത്തങ്ങള്‍ പറയുന്നു.
അതേസമയം ഉള്ളടക്കം മാത്രമല്ല, ചിത്രത്തിന് ആവശ്യമുള്ള രീതിയിലുള്ള പ്രൊമോഷനും ലഭിച്ചിരുന്നില്ലെന്നാണ് സിക്കന്ദറിനെക്കുറിച്ച് ആരാധകര്‍ സല്‍മാനോട് പരാതിപ്പെട്ടത്. നിര്‍മ്മാതാവ് സാജിദ് നദിയാദ്‍വാലയുടെ ഭാര്യ വര്‍ധ നദിയാദ്‍വാല എക്സില്‍ തങ്ങളോട് കോര്‍ത്ത കാര്യവും മോശം അവര്‍ താരത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തി. അലി അബ്ബാസ് സഫര്‍, കബീര്‍ ഖാന്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്ത് കാണാനുള്ള തങ്ങളുടെ ആഗ്രഹവും അവര്‍ സല്‍മാന്‍ ഖാനെ അറിയിച്ചു. ആരാധകരുടെ എല്ലാ ആശങ്കകളും പരിഗണിക്കുമെന്ന് അറിയിച്ചാണ് ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച സല്‍മാന്‍ കാന്‍ അവസാനിപ്പിച്ചത്.
ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ട സിക്കന്ദര്‍ എ ആര്‍ മുരുഗദോസ് ആണ് സംവിധാനം ചെയ്തത്. ആറ് ദിവസം എടുത്താണ് ചിത്രം ഇന്ത്യയില്‍ നിന്ന് 100 കോടി കളക്റ്റ് ചെയ്തത്. ഒരു സല്‍മാന്‍ ഖാന്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവിനെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കണക്കാണ് ഇത്.
ALSO READ : ‘മഞ്ജു വാര്യർ സൂപ്പർതാരം ആണെന്ന് അന്ന് അറിയില്ലായിരുന്നു’; ജാൻമണി ദാസ് പറയുന്നു