ലഹരിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; വിപുലമായ കർമ്മ പദ്ധതി തയ്യാറാക്കും, 17ന് സർവകക്ഷി യോഗം

തിരുവനന്തപുരം: ലഹരിക്കെതിര സംസ്ഥാനം തുറന്ന യുദ്ധം പ്രഖ്യാപിക്കുകയാണെന്നും വിപുലമായ കര്‍മ്മ പദ്ധതിക്ക് രൂപം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ലഹരിക്കെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണ്. മഹായജ്ഞത്തിൽ നാടിന്‍റെ പിന്തുണ ആവശ്യമാണ്.മയക്കു മരുന്ന് ഉപയോഗം കുടുംബ തകർച്ചയിലേക്ക് നയിക്കുകയാണ്.

ആത്മഹത്യയിലേക്കും എത്തിക്കുകയാണ്. സിന്തറ്റിക് ലഹരി മരുന്ന് ഉപയോഗം കൂടുതൽ ഗൗരവമുള്ളതാണ്. ലഹരി വ്യാപനം തടയാൻ ഇന്നും ഉന്നത തല യോഗം ചേർന്നു. വിപുലമായ കർമ്മ പദ്ധതിക്ക് രൂപം നൽകും. ആക്ഷൻ പ്ലാൻ ഉണ്ടാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഈ വരുന്ന 17ന് സര്‍വകക്ഷി യോഗം ചേരും. അതിന് മുന്നോടിയായി 16ന് മതമേലധ്യക്ഷൻമാരുടെ യോഗം ചേരും.

സംസ്ഥാനത്ത് ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കും 2025 മാർച്ച് 31 വരെ 12760 കേസുകളാണ് ലഹരിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 12 കോടിയുടെ മയക്ക് മരുന്നാണ് പിടിച്ചെടുത്തത്. മാർച്ചിൽ 10495 കേസുകളാണ് എക്സൈസ് എടുത്തത്. ലഹരിക്ക് എതിരായ യുദ്ധം തുടങ്ങേണ്ടത് വീടുകളിൽ നിന്നാണ്. 

സർക്കാരിന്‍റെ നാലാം വാർഷികം വിപുലമായി ആഘോഷിക്കും

സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികം വിപുലമായി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏപ്രിൽ 21 ന് കാസർകോടുനിന്ന് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. ഒരോ ജില്ലകളിലും ജില്ലാതല യോഗം യോഗം ചേരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരിക്കും യോഗം. ഈ യോഗങ്ങളിൽ പൗര പ്രമുഖര്‍ പങ്കെടുക്കും. രാവിലെ 10.30 മുതൽ 12.30വരെയായിരിക്കും യോഗം.

By admin