റോഡിൽ പൂച്ചക്കുഞ്ഞിനെ കണ്ട് മനസലിഞ്ഞു; രക്ഷിക്കാൻ നോക്കവെ വീടിന് 100 മീറ്റർ അടുത്ത് അപകടം, നൊമ്പരമായി യുവാവ്

തൃശ്ശൂർ: തിരക്കുള്ള റോഡിന്റെ നടുവിൽ അകപ്പെട്ടുപോയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം. കാളത്തോട് ചിറ്റിലപ്പള്ളി സിജോ തിമോത്തി എന്ന 44 കാരനാണ് പൂച്ചയുടെ ജീവൻ രക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടമായത്. തൃശ്ശൂർ കാളത്തോട് മണ്ണുത്തി പാതയിൽ ഇന്നലെ രാത്രി ഒമ്പതരക്കായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

സിജോയുടെ വീട്ടിൽ നിന്ന് 100 മീറ്റർ മാത്രം അകലെ വെച്ചായിരുന്നു അപകടം. ബൈക്കിൽ ആ വഴി പോകുമ്പോഴാണ് നടു റോഡിൽ പൂച്ചയെ സിജോ കണ്ടത്. ബൈക്ക് നിർത്തി  പൂച്ചയെ റോഡിൽ നിന്ന് എടുത്തുമാറ്റാനായി ഓടിയിറങ്ങി. തൃശ്ശൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറി സിജോയെ തട്ടി കാറിനു മുന്നിലേക്ക് ഇട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് സിജോയെ വലിച്ചെടുത്ത് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. കടുത്ത മൃഗസ്നേഹി കൂടിയായിരുന്നു സിജോതി മോത്തി എന്ന് നാട്ടുകാർ. സിജോയ്ക്ക് ജീവൻ നഷ്ടമായെങ്കിലും പൂച്ച അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. സിജോയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അവിവാഹിതനാണ് സിജോ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin