ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവും ജനപ്രീതിയുള്ള താരങ്ങളില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ഫ്രാഞ്ചൈസിയാണ് അതിന് കാരണം. തെന്നിന്ത്യയില്‍ അതിനു മുന്‍പേ ജനപ്രീതിയുണ്ടെങ്കിലും ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ അദ്ദേഹത്തെ അറിയുന്നത് പുഷ്പ എത്തിയപ്പോഴാണ്. ഇപ്പോഴിതാ അല്ലു അര്‍ജുന്‍റെ ഒരു റീ റിലീസ് ചിത്രവും തിയറ്ററുകളില്‍ ആളെ നിറയ്ക്കുകയാണ്. അല്ലു അര്‍ജുനെ നായകനാക്കി പുഷ്പ സംവിധായകന്‍ സുകുമാര്‍ തന്നെ സംവിധാനം ചെയ്ത ആര്യ 2 ആണ് ഇത്.
2004 ല്‍ പുറത്തെത്തി വന്‍ വിജയം നേടിയ ആര്യയുടെ രണ്ടാം ഭാഗത്തിന്‍റെ ഒറിജിനല്‍ റിലീസ് 2009 ല്‍ ആയിരുന്നു. എന്നാല്‍ ഒന്നാം ഭാഗം നേടിയതുപോലെ ഒരു വലിയ വിജയം രണ്ടാം ഭാഗം നേടിയില്ല. എന്നാല്‍ റീ റിലീസില്‍ ചിത്രം സ്വീകരിക്കുകയാണ് പ്രേക്ഷകര്‍ എന്ന് സൂചിപ്പിക്കുന്നതാണ് പുറത്തെത്തുന്ന കണക്കുകള്‍. അല്ലു അര്‍ജുന്‍റെ പിറന്നാളിന് മുന്നോടിയായി ഏപ്രില്‍ 5 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം നേടിയത് 4 കോടി ആണെന്ന് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് അറിയിക്കുന്നു. അടുത്ത രണ്ട് ദിനങ്ങളില്‍ നിന്ന് 1.25 കോടിയും ചിത്രം കളക്റ്റ് ചെയ്തു. അങ്ങനെ ആദ്യ മൂന്ന് ദിവസം കൊണ്ട് 5.25 കോടിയാണ് കളക്ഷന്‍.
ഏപ്രില്‍ 5 ന് തെലുങ്ക് സംസ്ഥാനങ്ങളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ആറാം തീയതി കേരളത്തിലും. ഒരാഴ്ചത്തെ ലിമിറ്റഡ് റീ റിലീസ് ആണ് ചിത്രത്തിനുള്ളത്. ഇന്നലെ ആയിരുന്നു അല്ലുവിന്‍റെ പിറന്നാള്‍. പുഷ്പയ്ക്ക് ശേഷം അല്ലു അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ഇന്നലെ ആയിരുന്നു. ആറ്റ്ലിയാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്.
ALSO READ : ഒരു കേക്ക് പറഞ്ഞ കഥ; ‘കേക്ക് സ്റ്റോറി’ ട്രെയ്‍ലര്‍ എത്തി