രാത്രിയിൽ മരണവീട്ടിൽ പോയി മടങ്ങിയ കുടുംബത്തെ വെട്ടി പരിക്കേൽപ്പിച്ചു, നായയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമം

കൊല്ലം: കൊല്ലം നെടുമ്പനയിൽ മരണവീട്ടിൽ പോയി മടങ്ങിയ കുടുംബത്തെ കൂട്ടം ചേർന്ന് ആക്രമിച്ചു. ഒമ്പതു പേര്‍ക്കെതിരെ കണ്ണനല്ലൂര്‍ പൊലീസ് കേസെടുത്തു.
യാതൊരുകാരണവുമില്ലാതെയായിരുന്നു ആക്രമണമെന്ന് ബിഎസ്എൻഎൽ ജീവനക്കാരിയായ ധന്യയും കുടുംബവും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ബിഎസ്എന്‍എല്‍ ജീവനക്കാരിയായ ധന്യയും കുടുംബം ആക്രമണത്തിനിരയായത്.

നെടുമ്പന വലിയവിളയില്‍ ഒരു മരണ വീട്ടിൽ പോയി വരും വഴി കളയ്ക്കല്‍ ഭാഗത്ത് വെച്ച് ഒരു സംഘം കുടുംബത്തെ തടഞ്ഞു നിര്‍ത്തി. ധന്യയും ഭര്‍ത്താവും രണ്ട് സഹോദരങ്ങളും സഹോദരന്‍റെ ഭാര്യയുമാണ് മൂന്ന് ബൈക്കുകളിലായി എത്തിയത്. ആദ്യം ഇളയ സഹോദരന്‍ അതുലിനെ മര്‍ദ്ദിച്ചു. തടയാന്‍ എത്തിയ മറ്റുള്ളവരെ ആയുധങ്ങള്‍ അടക്കം ഉപയോഗിച്ച് ആക്രമിച്ചു. നായയെ അഴിച്ചുവിട്ട് കടിപ്പിക്കാനും ശ്രമിച്ചു. 

വലിയവിളയിലുള്ള വിശാഖ് എന്നയാളെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരാണ് കുടുംബത്തിനുനേരെ അക്രമം അഴിച്ചുവിട്ടത്. വലിയവിള സ്വദേശികളോടുള്ള വൈരാഗ്യം കാരണമായിരുന്നു ആക്രമണം. കൊല്ലത്ത് ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സിലും നെടുമ്പനയിലുമായിട്ടാണ് ധന്യയും കുടുംബവും താമസിക്കുന്നത്. ധന്യയുടെ സഹോദരന് മാത്രമാണ് അക്രമി സംഘത്തില്‍ ചിലരെ കണ്ടു പരചയമുള്ളത്. വലിയവിളയിലെ താമസക്കാരല്ലെന്നും വിശാഖുമായി ബന്ധമില്ലെന്നും കുടുംബം ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അക്രമികള്‍ ലഹരിയിലായിരുന്നുവെന്നും പരാതിക്കാര്‍ പറയുന്നു.

കണ്ണനല്ലൂര്‍ പൊലീസ് എത്തിയാണ് കുടുംബത്തെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് അയച്ചത്. സംഭവത്തില്‍ ഒമ്പതു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മനീഷ്, മജേഷ്, ആരോമല്‍, ഹരിലാല്‍, ആദര്‍ശ്, അക്ഷയ്, സുധീഷ് കണ്ടാലറിയാവുന്ന രണ്ട് പേര്‍ എന്നിവരാണ് പ്രതികള്‍. ഒന്‍പത് പേരും ഒളിവിലാണ്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 

ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാം; മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു
 

By admin