മുനമ്പം കേസിൽ അപ്രതീക്ഷിത മലക്കംമറിയൽ; ഭൂമി വഖഫല്ലെന്ന് നിലപാട് മാറ്റി സിദ്ദിഖ് സേഠിന്‍റെ മകൾ സുബൈദയുടെ മക്കൾ

കൊച്ചി: മുനമ്പം വഖഫ് കേസിൽ മലക്കം മറിഞ്ഞ് ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്‍റെ മകളുടെ കുടുംബം. ഭൂമി വഖഫല്ലെന്ന് സിദ്ദിഖ് സേഠിന്‍റെ മകള്‍ സുബൈദയുടെ മക്കളുടെ അഭിഭാഷന്‍ വഖഫ് ട്രൈബ്യൂണലില്‍ വാദിച്ചു. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോ‍ർഡിൽ ഹർ‍ജി നൽകിയ വ്യക്തിയുടെ മക്കളാണ് നിലപാട് മാറ്റിയത്.

മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ച വഖഫ് ബോർഡിന്‍റെ ഉത്തരവുണ്ട്. സിദ്ധീഖ് സേഠിന്‍റെ മക്കളായ സുബൈദ ബായിയും, നസീർ സേഠും, ഇർഷാദ് സേഠും നൽകിയ ഹർജിയെ തുടർന്നായിരുന്നു 2019 മെയ് 20 ന് ഭൂമി ഏറ്റെടുത്ത് കൊണ്ടുള്ള നടപടി. ഇത് ചെദ്യം ചെയ്ത് ഫാറൂഖ് കോളേജ് മാനേജ്ന്‍റ് നൽകിയ ഹർജിയിലാണ് സുബൈദയുടെ മക്കൾ നിലപാട് മാറ്റിയത്. സുബൈദ മരിച്ചതോടെ മക്കളാണ് നിലവിൽ കേസ് നടത്തുന്നത്. മുനമ്പത്തെ ഭൂമി വഖഫല്ലെന്ന ഫാറൂഖ് കോളേജിന്‍റെ വാദമാണ് ഇവരുടെ അഭിഭാഷകൻ ട്രൈബ്യുണലിന് മുന്നില്‍ ഉന്നയിച്ചത്.

മുനമ്പത്തെ ഭൂമി ദാനമായി കിട്ടിയതാണെന്നും വഖഫായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കണമെന്നുമാണ് വഖഫ് ട്രൈബ്യൂണലില്‍ ഫാറൂഖ് കോളജ് മാനേജ്മെന്‍റ് നടത്തുന്ന കേസ്. ഇതിനോട് യോജിച്ചായിരുന്നു സുബൈദയുടെ മക്കളുടെ വാദം. സിദ്ദീഖ് സേഠിന്‍റെ മറ്റുമക്കളായ നസീർ സേഠും, ഇർഷാദ് സേഠും ഭൂമി വഖഫാണെന്ന നിലപാടിൽ തുടരുകയാണ്.

ഭൂമിയുടെ അനന്തരാവകാശികൾക്ക് പുതിയ വാദം ഉന്നയിക്കാമെന്നാണ് നിലപാടുമാറ്റിയ കക്ഷികളുടെ അഭിഭാഷകൻ പറയുന്നത്. പക്ഷേ നിലപാട് മാറ്റാനുള്ള കാരണം വ്യക്തമാക്കിയില്ല. ഫാറൂഖ് കോളേജിനും മുനമ്പത്തെ താമസക്കാർക്കും അനുകൂലമായ ഈ നിലപാട് മാറ്റം കേസിനെ എങ്ങനെ സ്വാധീനിക്കുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. 

സുരേഷ് ഗോപിയുടെ ഫണ്ട് വേണോ, അതോ എംഎൽഎയുടെ വേണോ? ആകെപ്പാടെ പൊല്ലാപ്പ്, ‘പണി’ കിട്ടിയത് 80 കുടുംബങ്ങൾക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

By admin