മരിച്ചിട്ടും ആരുമറിയാതെ ആശുപത്രി മോർച്ചറിയിൽ, സൗദിയിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് മലയാളികള്‍
റിയാദ്: മരിച്ചിട്ടും ആരുമറിയാതെ റിയാദിലെ ആശുപത്രി മോർച്ചറിയിൽ കിടന്ന തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി സംസ്കരിക്കാൻ മുൻകൈയ്യെടുത്ത് മലയാളി സാമൂഹികപ്രവർത്തകർ. ഹൃദയാഘാതം മൂലം മരിച്ച തമിഴ്നാട് രാമനാഥപുരം സ്വദേശി സീനി മുഹമ്മദിന്റെ (56) മൃതദേഹം ഖബറടക്കാൻ കെ.എം.സി.സി പ്രവർത്തകരാണ് മുന്നോട്ട് വന്നിട്ടുള്ളത്.
രക്തത്തിലെ പഞ്ചസാര കുറഞ്ഞ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അവിടെ വെച്ച് മരിച്ചു. എന്നാൽ അഡ്മിറ്റ് ചെയ്ത ആശുപത്രിയടക്കമുള്ള ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പിന്നീട് ലഭ്യമല്ലാതായി. തുടർന്ന് റിയാദിലെ മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പ്രവർത്തകരുടെയും അദ്ദേഹത്തിെൻറ സുഹൃത്തുക്കളുടെയും അന്വേഷണത്തിനൊടുവിൽ കിങ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രിയിലെ മോർച്ചറിയിൽ ആളറിയാത്ത മൃതദേഹങ്ങൾ സൂക്ഷിക്കുന്ന വിഭാഗത്തിൽനിന്നും മൃതദേഹം കണ്ടെത്തുകയും ശേഷം സുഹൃത്തുക്കൾ മൃതദേഹം തിരിച്ചറിയുകയും ചെയ്യുകയായിരുന്നു.
പിതാവ്: ഷംസു ഖനി (പരേതൻ), മാതാവ്: ഷംസു ബീവി (പരേത), ഭാര്യ: നസ്റത്ത്, മകൻ: സഹുബർ സാദിഖ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ കെഎംസിസി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, അനസ് പെരുവള്ളൂർ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിക്കും.
read more: കുവൈത്തിൽ താമസ കെട്ടിടത്തിന് തീപിടിച്ചു, ആളപായമില്ല