പ്രിയാന്‍ഷ് ആര്യ, യുദ്ധഭൂമിയില്‍ പുതിയൊരു ഭടന്‍! ഓവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയിട്ടുള്ള താരം

6, 6, 6, 4! ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ യോര്‍ക്കര്‍ വീരന്‍ മതീഷ പതിരാനയെ തല്ലിയോടിച്ച് ഐപിഎല്‍ സെഞ്ചുറി. ഐപിഎല്ലില്‍ മറ്റൊരു പഞ്ചാബ് കിംഗ്സ് അണ്‍ക്യാപ്ഡ് പ്ലെയര്‍ കൂടി സെഞ്ചുറിയുമായി ഞെട്ടിച്ചിരിക്കുന്നു. പേര് പ്രിയാന്‍ഷ് ആര്യ. വയസ് 24, ബാറ്റിംഗ് പൊസിഷന്‍ ഇടംകൈയന്‍ ഓപ്പണര്‍. സിഎസ്‌കെയ്ക്കെതിരെ സെഞ്ചുറി തികച്ചത് വെറും 39 പന്തില്‍. ആകെ 42 പന്തില്‍ 7 ഫോറും 9 സിക്സറും സഹിതം 103 റണ്‍സ്. സിഎസ്‌കെ ബൗളര്‍മാര്‍ക്ക് മേല്‍ സര്‍വ്വ മേധാവിത്വത്തോടെയും ബാറ്റ് വീശിയ ഇന്നിംഗ്സ്. പോള്‍ വാല്‍ത്താട്ടിക്കും പ്രഭ്‌സിമ്രാന്‍ സിംഗിനും ശേഷം ഐപിഎല്‍ സെഞ്ചുറി നേടുന്ന പഞ്ചാബ് കിംഗ്സിന്‍റെ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ബാറ്ററായ പ്രിയാന്‍ഷ് ആര്യ ആരാണ്? 

ദിവസങ്ങള്‍ മുമ്പ് മാത്രം അപമാനിതന്‍

ഇതേ ഐപിഎല്‍ പതിനെട്ടാം സീസണില്‍ അപമാനിതനായ ഒരു പ്രിയാന്‍ഷ് ആര്യയെ ആരാധകര്‍ക്ക് ഓര്‍മ്മ കാണും. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്- പഞ്ചാബ് കിംഗ്സ് മത്സരത്തിലായിരുന്നു ആ സംഭവം. പഞ്ചാബ് ഓപ്പണറായ പ്രിയാന്‍ഷ് ആര്യയെ പുറത്താക്കിയ ശേഷം നോട്ട്ബുക്ക് സ്റ്റൈല്‍ സെലിബ്രേഷന്‍ നടത്തിയാണ് ലഖ്നൗ സ്പിന്നര്‍ ദിഗ്വേഷ് സിംഗ് രാത്തി താരത്തെ യാത്രയാക്കിയത്.  9 പന്തുകളില്‍ 8 റണ്‍സുമായി പവലിയനിലേക്ക് മടങ്ങുമ്പോള്‍ പ്രിയാന്‍ഷ് ആര്യ അപമാനഭാരം കൊണ്ട് മൂടപ്പെട്ടു. എന്നാല്‍ അതേ പ്രിയാന്‍ഷ് ആര്യ സെഞ്ചുറിയുമായി ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നു, ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഐപിഎല്‍ പതിനെട്ടാം സീസണിലെ നാലാം തോല്‍വിയിലേക്ക് തള്ളിവിട്ട് ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ അഞ്ചാം ശതകവുമായി. മത്സരം പഞ്ചാബ് 18 റണ്ണിന് ജയിച്ചപ്പോള്‍ പ്രിയാന്‍ഷ് ആര്യ കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

മതീഷ പതിരാന മാത്രമല്ല, സിഎസ്‌കെ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും പ്രിയാന്‍ഷ് ആര്യയുടെ ബാറ്റിംഗ് ചൂടറിഞ്ഞു. അര്‍ധസെഞ്ചുറി നേടാന്‍ അശ്വിനെ ലോങ് ഓഫിന് മുകളിലൂടെ പറത്തിയ ടോപ് ലോഫ്റ്റഡ് ഷോട്ട് മാത്രം മതി പ്രിയാന്‍ഷിന്‍റെ റേഞ്ച് മനസിലാക്കാന്‍. നല്ല ഒഴുക്കുള്ള ബാറ്റിംഗ്, ഒരുവശത്ത് വിക്കറ്റുകള്‍ നഷ്ടമാകുമ്പോഴും മുഖത്ത് പ്രതിഫലിക്കുന്ന സമ്മര്‍ദമില്ലായ്മ… ഇതെല്ലാം വെറും നാല് ഐപിഎല്‍ മത്സരങ്ങള്‍ കൊണ്ട് പ്രിയാന്‍ഷ് ആര്യ എന്ന 24-കാരന്‍ നേടിക്കഴിഞ്ഞു. 

യുപിയിലാണ് ജനനമെങ്കിലും പ്രിയാന്‍ഷ് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത് ഡല്‍ഹിക്ക് വേണ്ടി. മാതാപിതാക്കള്‍ ദില്ലിയില്‍ അധ്യാപകരായിരുന്നു എന്നതിനാല്‍ ക്രിക്കറ്റ് പരിശീലനം അവിടെയായി. സഞ്ജയ് ഭരദ്വാജിന് കീഴിലാണ് ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചത്.  

ഒരോവറിലെ ആറ് പന്തും സിക്‌സര്‍

ചില്ലറക്കാരനല്ല പ്രിയാന്‍ഷ് ആര്യ എന്ന് അദേഹത്തിന്‍റെ മുന്‍ ചരിത്രം അറിയാവുന്നവര്‍ക്കറിയാം. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം മത്സര ക്രിക്കറ്റില്‍ സംഭവിച്ചിട്ടുള്ള, ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയിട്ടുള്ള വീരനാണ് പ്രിയാന്‍ഷ് ആര്യ. ഡല്‍ഹി പ്രീമിയര്‍ ലീഗിലായിരുന്നു ആ സിക്‌സര്‍ വേട്ട. പ്രിയാന്‍ഷ് കളിക്കുന്നത് സൗത്ത് ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിനായി. നോര്‍ത്ത് ഡല്‍ഹി സ്ട്രൈക്കേഴ്സിന്‍റെ ഇടംകൈയന്‍ സ്പിന്നര്‍ മനന്‍ ഭരദ്വാജിനെതിരെ ഇന്നിംഗ്സിലെ 12-ാം ഓവറിലായിരുന്നു പ്രിയാന്‍ഷിന്‍റെ ബാറ്റിംഗ് വെടിക്കെട്ട്. അന്ന് 50 പന്തിലാകെ 120 റണ്‍സ് അടിച്ചെടുത്ത് പ്രിയാന്‍ഷ് ഞെട്ടിച്ചു. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ ഡല്‍ഹിയുടെ വിശ്വസ്ത ഓപ്പണറായും പ്രിയാന്‍ഷ് സീറ്റുറപ്പിച്ചു.

2024ലെ ഐപിഎല്‍ താരലേലത്തില്‍ പേരുണ്ടായിരുന്നെങ്കിലും പ്രിയാന്‍ഷ് ആര്യയെ സ്വന്തമാക്കാന്‍ ടീമുകളാരും എത്തിയില്ല. എന്നാല്‍ ഡല്‍ഹി പ്രീമിയര്‍ ലീഗിലെയും സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെയും വെടിക്കെട്ടിന് പിന്നാലെ ഇത്തവണ 3.80 കോടി രൂപ മുടക്കി പഞ്ചാബ് കിംഗ്സ് പ്രിയാന്‍ഷിനെ ടീമിലെടുത്തു. ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 23 ബോളുകളില്‍ 47 റണ്‍സുമായി വരവറിയിച്ചു. നാലാം മത്സരത്തില്‍ കന്നി ഐപിഎല്‍ സെഞ്ചുറിയും പേരിലാക്കി. ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഓവറിലെ ആറ് പന്തും സിക്സര്‍ നേടിയ താരത്തില്‍ നിന്ന് ഇനിയുമേറെ ആരാധകര്‍ പ്രതീക്ഷിക്കുന്നു. 

Read more: ഒരോവറില്‍ ആറ് സിക്‌സുകള്‍! വരവറിയിച്ച് പ്രിയാന്‍ഷ് ആര്യ, ആയുഷ് ബദോനിയുടെ അഴിഞ്ഞാട്ടം; വൈറല്‍ വീഡിയോ

 

By admin