നടുറോഡിൽ മൃദംഗം വായിക്കുന്ന എംവിഡി ഉദ്യോഗസ്ഥൻ, താളത്തിനൊത്ത് പാട്ട് പാടുന്ന ബൈക്ക് യാത്രികൻ; പിന്നിലെ കഥയിതാ
പത്തനംതിട്ട: നടുറോഡിൽ മൃദംഗം വായിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ, താളത്തിനൊത്ത് പാട്ട് പാടുന്ന ബൈക്ക് യാത്രക്കാരൻ. പത്തനംതിട്ട മല്ലപ്പള്ളിയിൽ നിന്നുള്ള ഈ ദൃശ്യം വൈറലാണ്. ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്നവരെ കൊണ്ട്, പിഴയ്ക്ക് പുറമേ പാട്ട് പാടിക്കാനും തുടങ്ങിയോ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അതിന്‍റെ പിന്നിലെ യഥാർത്ഥ കഥ മറ്റൊന്നാണ്…
മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥനായ അജിത്ത് ആൻഡ്രൂസ് ആ കഥ പറയുന്നു- “മല്ലപ്പള്ളിക്ക് സമീപം പതിവ് വാഹന പരിശോധനയായിരുന്നു. അതിനിടെയാണ് ഒരു ബൈക്കിൽ പുറകിൽ ഇരിക്കുന്നയാൾ ഹെൽമറ്റ് വച്ചിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടനെ കൈകാണിച്ച് നിർത്തി. ആള് ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് സുഹൃത്താണെന്ന് മനസ്സിലായത്. ഞങ്ങൾ കലാരംഗത്ത് ഒന്നിച്ച് പ്രവർത്തിക്കുന്നവരാണ്. വർഷങ്ങളായി അറിയാം. സുമേഷ് മല്ലപ്പള്ളി എന്ന അറിയപ്പെടുന്ന പാട്ടുകാരനാണ്. ചിത്രചേച്ചിയുടെ ഒക്കെ വളരെ പെറ്റ് ആയിട്ടുള്ള ആളാണ്. ഞങ്ങളൊരുമിച്ച് സ്റ്റേജ് പ്രോഗ്രാമൊക്കെ ചെയ്തിട്ടുണ്ട്.”
ഈ സൌഹൃദം കാരണം പെറ്റിയിടിച്ചില്ലെന്ന് കരുതിയെങ്കിൽ തെറ്റി. ജോലിയും സൌഹൃദവും കൂട്ടിക്കലർത്താൻ പറ്റില്ലെന്ന് അജിത്ത് ആൻഡ്രൂസ് പറഞ്ഞു- “ഇത് സുരക്ഷയുടെ കാര്യമാണ്. അവിടെയുണ്ടായിരുന്ന വേറെ ആളുകൾ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരോട് ഞങ്ങൾ തമ്മിലെ ബന്ധം പറഞ്ഞപ്പോൾ മൃദംഗം വായിക്കാനും പാട്ട് പാടാനും നിർബന്ധിച്ചു. അങ്ങനെ സുമേഷ് പാടി, ഞാൻ മൃദംഗം വായിച്ചു. അതാണ് സംഭവിച്ചത്.”
പാട്ട് കഴിഞ്ഞ് അഞ്ച് മിനിട്ടായപ്പോഴേക്കും പെറ്റിയടയ്ക്കാനുള്ള അറിയിപ്പ് ഫോണിൽ വന്നു. ഇനി ഹെൽമറ്റ് വച്ചേ പുറത്തിറങ്ങൂവെന്ന് സുമേഷ് മല്ലപ്പള്ളി ഉറപ്പ് നൽകി.