ട്രംപിന് ആപ്പിളിന്‍റെ ചെക്ക്! തീരുവ വര്‍ധനവിന് തൊട്ടു മുമ്പ് ഇന്ത്യയില്‍ നിന്ന് എത്തിച്ചത് 5 വിമാനം ഐഫോണുകള്‍
ദില്ലി: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തുന്നതിന് തൊട്ടുമുമ്പ് ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിച്ചത് അഞ്ച് വിമാനങ്ങള്‍ നിറയെ ഐഫോണുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍. മാര്‍ച്ച് അവസാന വാരം വെറും മൂന്ന് ദിവസങ്ങള്‍ക്കിടെയാണ് അഞ്ച് വിമാനങ്ങളിലായി ഐഫോണുകള്‍ അടക്കം ആപ്പിളിന്‍റെ അസെംബിളര്‍മാര്‍ ഇന്ത്യയില്‍ നിന്നും അയച്ചത് എന്ന് മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്ക് ട്രംപ് ഭരണകൂടം താരിഫ് കുത്തനെ ഉയര്‍ത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ആപ്പിളിന്‍റെ ഈ തന്ത്രപൂര്‍വമായ നീക്കം. ഇതുവഴി അമേരിക്കയില്‍ ഐഫോണ്‍ അടക്കമുള്ളവയുടെ സ്റ്റോക്ക് വര്‍ധിപ്പിക്കാന്‍ ആപ്പിളിനായി. ട്രംപ് തീരുവ കൂട്ടിയപ്പോഴും ഉടനടി ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇതോടെ കമ്പനിക്ക് ഒഴിവാക്കാനായത് വിപണിയില്‍ നേട്ടമായേക്കും എന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് മാസം അവസാനത്തോടെ കുറഞ്ഞ തീരുവയ്ക്ക് യുഎസിലേക്ക് എത്തിക്കാനായ ആപ്പിള്‍ ഉപകരണങ്ങള്‍ താല്‍ക്കാലികമായെങ്കിലും വില വര്‍ധനവ് യുഎസില്‍ ഒഴിവാക്കും. ഇതിന് പുറമെ ആപ്പിളിന്‍റെ അമേരിക്കയിലെ സംഭരണശാലകള്‍ മാസങ്ങളോളം വിറ്റഴിക്കേണ്ട ഐഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ തിടുക്കത്തില്‍ ശേഖരിച്ചിട്ടുണ്ടാവാന്‍ സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്.
യുഎസില്‍ മാത്രമല്ല, ലോകത്തെ പ്രധാന വിപണികളിലെല്ലാം ട്രംപിന്‍റെ തീരുവ വര്‍ധനവോടെ ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് വിലയുയരും. ഇന്ത്യയിലും ഐഫോണുകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് വില കൂടുമെങ്കിലും എപ്പോഴെന്ന് വ്യക്തമല്ല. ഇപ്പോഴും അമേരിക്കയാണ് ആപ്പിളിന്‍റെ ഏറ്റവും വലിയ വിപണി. വില വര്‍ധനവ് ഒഴിവാക്കാന്‍ ആപ്പിള്‍ കിണഞ്ഞുപരിശ്രമിക്കുകയാണ് എന്നാണ് സൂചന. കാരണം തിടുക്കത്തില്‍ വില ഉയര്‍ത്തിയാല്‍ ആപ്പിള്‍ ഉപകരണങ്ങളുടെ ആവശ്യകതയെ അത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക കമ്പനിക്കുണ്ട്. വില വര്‍ധനവ് പേടിച്ച് അമേരിക്കക്കാര്‍ ഐഫോണുകള്‍ അപ്ഗ്രേഡ‍് ചെയ്യാന്‍ മത്സരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്‍റെ പുത്തന്‍ താരിഫ് പ്രാബല്യത്തില്‍ വന്നാല്‍ യുഎസില്‍ ഐഫോണിന്‍റെ വില ഇരട്ടിയായി ഉയരുമെന്നാണ് അഭ്യൂഹങ്ങള്‍.
Read more: ഐഫോണ്‍ ഉള്‍പ്പടെയുള്ള ഡിവൈസുകൾ അപകടത്തിൽ; ആപ്പിൾ ഉപയോക്താക്കൾക്ക് സർക്കാർ മുന്നറിയിപ്പ്