ജയിൽ സജ്ജം, തഹാവൂർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കും, പ്രത്യേക വിമാനത്തിൽ കൊണ്ടുവരും
ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കും എന്ന് സൂചന. നീക്കം റാണയെ കൈമാറാൻ അമേരിക്ക സമ്മതിച്ചതിന് പിന്നാലെ, തിഹാർ ജയിലിൽ റാണയെ പാർപ്പിക്കാൻ സൗകര്യം ഒരുക്കി. മുംബൈയിലെ ഒരു ജയിലിലും തയ്യാറെടുപ്പിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക്ക് വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുഎസ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇന്ന് രാത്രിയോ നാളെ പുലർച്ചെയോടെയോ തഹാവൂർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കുമെന്നാണ് ലഭ്യമാവുന്ന വിവരം.
പാക് അമേരിക്കൻ ഭീകരവാദി ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ അനുയായിയാണ് റാണ. ഇന്ത്യക്ക് വിട്ടുകൊടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തഹാവൂർ റാണ നൽകിയ അടിയന്തിര ഹേബിയസ് കോർപസ് ഹർജി യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് തള്ളിക്കൊണ്ടായിരുന്നു യുഎസ് സുപ്രീം കോടതിയുടെ ഉത്തരവ്. ഫെബ്രുവരിയിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റാണയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകിയത്.
മുംബൈ ഭീകരാക്രമണ കേസിൽ നേരത്തെ തഹാവൂർ റാണയ്ക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. കനേഡിയൻ പൗരത്വമുള്ള വ്യവസായിയായ തഹാവൂർ റാണ പാക്കിസ്ഥാൻ സ്വദേശിയാണ്. ഭീകരാക്രമണം നടപ്പാക്കാൻ അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് എല്ലാ സഹായവും നൽകിയത് തഹാവൂർ റാണയാണെന്നാണ് എൻഐഎ കണ്ടെത്തൽ. 2008 നവംബർ 26 നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ 6 അമേരിക്കൻ വംശജർ ഉൾപ്പടെ 166 പേരാണ് കൊല്ലപ്പെട്ടത്.