കൊടുംവികൃതി, കാപ്പിമരത്തിൽ കെട്ടിയിടപ്പെട്ട അനിയന്‍റെ ഐഡിയ; ‘കെട്ടഴിച്ച് നമുക്ക് നാടുവിടാം. വെള്ളനാട് പോവാം’

നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം:  submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.

 

നിച്ചാവുമ്പോള്‍ കൂട്ടുവരാറുള്ള ഓര്‍മ്മകളിലൊരിടത്തും നിറപ്പകിട്ടാര്‍ന്ന മധ്യവേനലവധിക്കാലമില്ല. സ്‌കൂളൊന്നടച്ചിരുന്നെങ്കില്‍ അമ്മ വീട്ടിലേക്കും അച്ഛന്‍ വീട്ടിലേക്കുമൊക്കെ വിരുന്ന് പോവാമെന്നോര്‍ത്ത് എല്ലാ കുട്ടികളും കാത്ത് കാത്തിരിക്കുന്ന കാലം. അങ്ങനൊരു കാലമില്ലാതെ കടന്നുപോയി, എന്‍റെ സ്‌കൂള്‍ ജീവിതം.  

ഓര്‍മ്മകളുടെ ഘോഷയാത്രയാണ് എല്ലാര്‍ക്കും മധ്യവേനലവധിക്കാലം. സത്യത്തില്‍ എനിക്ക് ഏപ്രില്‍ -മെയ് മാസങ്ങളില്‍ അത്ര വലിയ സന്തോഷമൊന്നും തോന്നിയിട്ടില്ല. സാധാരണയില്‍ നിന്ന് മാറി നടന്നിരുന്ന ഒരു കുട്ടി ആയിരുന്നു അക്കാലത്തെ ഞാന്‍. സ്‌കൂള്‍ അടയ്ക്കുന്നതിന്‍റെ അടുത്ത ദിവസം മുതല്‍ അടുത്ത വര്‍ഷത്തെ പുസ്തകത്തിന് കാത്തിരിക്കുന്ന, പാരലല്‍ കോളേജില്‍ വെക്കേഷന്‍ ക്ലാസ് തുടങ്ങാന്‍ കാത്തിരിക്കുന്ന വേറിട്ടൊരു കുട്ടി. 

സ്‌കൂള്‍ അടയ്ക്കുമ്പോള്‍ സ്‌കൂള്‍ ലൈബ്രററിയില്‍ നിന്ന് എടുക്കുന്ന പുസ്തകങ്ങള്‍, പിന്നെ നാട്ടിലെ വായനശാലയില്‍ നിന്നെടുക്കുന്ന പുസ്തകങ്ങള്‍ – അതൊക്കെ വായിച്ചു തീര്‍ത്തിരുന്ന ഒരു മന്ദു-അന്നൊക്കെ ഞാന്‍ എന്നെത്തന്നെ വിളിച്ചിരുന്ന പേരായിരുന്നു മന്ദു. പിന്നെ 5,000 ക്വിസ്, 10,000 ക്വിസ് എന്ന പേരിലൊക്കെ ഇറങ്ങുന്ന കുറേ പൊതുവിജ്ഞാന പുസ്തകങ്ങള്‍ കാണാതെ പഠിത്തവും. 

സത്യത്തില്‍ എനിക്ക് ചിറകുകള്‍ മുളച്ചതും സ്വപ്നങ്ങള്‍ക്ക് നിറമുണ്ടായതും ഒക്കെ മുപ്പതുകള്‍ക്ക് ശേഷമാണെന്ന് തോന്നിയിട്ടുണ്ട്.. എങ്കിലും മധ്യവേനലവധിക്കാലമെന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ ഒരു കുട്ടി ഫ്രോക്കുകാരി ഓടിക്കളിക്കും. കൈയ്യിലും ചുണ്ടിലുമൊക്കെ കശുവണ്ടിക്കറയും മാങ്ങാക്കറയുമൊക്കെ തീര്‍ത്ത പാടുകളുമായി അവള്‍ ഓര്‍മ്മയുടെ ഒരു കോണില്‍ മാറി നിന്ന് നിശ്ശബ്ദം ചിരിക്കും. ഓര്‍മ്മയില്‍ തെളിയുമ്പോഴും അവളുടെ കൈയ്യില്‍ ഒരു പുസ്തകമുണ്ടാവും.

തമ്പാനൂരില്‍ നിന്നും നിന്നും മുപ്പത് കിലോമീറ്ററോളം മാറിയുള്ള ഒരു കുഞ്ഞു ഗ്രാമമായിരുന്നു ഞങ്ങളുടേത്. പച്ചപ്പും പാറയും പുഴയും തോടും വയലും കാവും കിളികളുടെ ആരവവുമൊക്കെ ചേര്‍ന്ന്, ശ്രീകുമാരന്‍ തമ്പി വര്‍ണ്ണിച്ചത് പോലെ, ‘കതിരവനെഴുതിയ കവിത പോലെ’ മനോഹരമായ ഒരു നാട്ടിന്‍പുറം. ഇപ്പോഴതൊക്കെ മാറി. കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ടാറിട്ട വലിയ റോഡും, വലിയ സ്‌കൂള്‍ കെട്ടിടങ്ങളും, ആഡിറ്റോറിയവും, കടകളുമൊക്കെയായി മുഖഛായ തന്നെ മാറിപ്പോയി. 

ഒരു കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. മൂന്ന് അമ്മൂമ്മമാര്‍, അമ്മൂമ്മമാരുടെ ആങ്ങള ഒരപ്പൂപ്പന്‍, പിന്നെ അമ്മൂമ്മമാരുടെ അമ്മ, പോറ്റി അമ്മൂമ്മയെന്ന് ഞങ്ങള്‍ വിളിച്ചിരുന്ന മുത്തശ്ശി അമ്മൂമ്മ. പിന്നെ എന്‍റെ അമ്മ, കുഞ്ഞമ്മ. അമ്മൂമ്മമാര്‍ക്കെല്ലാം പ്രത്യേക പേരിട്ടിരുന്നു ഞങ്ങള്‍ കുട്ടികള്‍. പാച്ചി അമ്മൂമ്മ അതാണ് അമ്മയുടെ അമ്മ. മൂത്ത അമ്മൂമ്മ. പിന്നെ പൂനേലമ്മൂമ്മ. അമ്മൂമ്മയുടെ അനിയത്തിയാണ്. പൂനയില്‍ കുഞ്ഞമ്മയ്‌ക്കൊപ്പം ഒരു വര്‍ഷം താമസിച്ചതിനാല്‍ കിട്ടിയ പേരാണ്. യഥാര്‍ത്ഥ പേര് കൗസല്യ. പിന്നെ സരോനി അമ്മൂമ്മ. അമ്മൂമ്മയുടെ കൊച്ചനിയത്തി. സരോജിനി അമ്മയെന്ന സരോനി അമ്മൂമ്മയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന എന്‍റെ കോളത്തിലെ കുറിപ്പുകളില്‍ കടന്നു വരാറുള്ളത്. പിന്നെ, മാധവന്‍ പിള്ള അപ്പൂപ്പനും.

അതുപോട്ടെ, മധ്യ വേനലവധിയിലേക്ക് വരാം. ട്യൂട്ടോറിയല്‍ കോളേജില്‍ വെക്കേഷന്‍ ക്ലാസ് തുടങ്ങുന്നതിന്  തൊട്ടുമുമ്പുള്ള കുറച്ച് ദിവസങ്ങളായിരുന്നു എന്‍റെ അവധിക്കാലം. കളിക്കാന്‍ ഒരിടത്തും ഞങ്ങളെ വിടാറില്ലായിരുന്നു. കളിയൊക്കെ ഞങ്ങള്‍ മൂന്ന് പേര്‍ക്കിടയില്‍ ഒതുങ്ങും  ഞങ്ങള്‍ അഞ്ചിലോ മറ്റോ പഠിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയിലേക്ക് ഒരാള്‍ കൂടി വന്നു. പ്രവീണിന്‍റെ അനിയന്‍. പ്രവീണും ഞാനും ഒരേ ക്ലാസില്‍. എന്‍റെ അനിയന്‍ ഒരു ക്ലാസ് താഴെ. അതുകൊണ്ട് തന്നെ സമപ്രായക്കാരായിരുന്നു എന്ന് പറയാം ഞങ്ങള്‍ മൂന്നാളും. മൂന്ന് പേരില്‍ ഏറ്റവും അടക്കമുള്ള കുട്ടി പ്രവീണായിരുന്നു. വഷളന്‍ എന്‍റെ അനിയനും. രണ്ടിനും മധ്യേ ഞാനും. ഞാനും പ്രവീണും കുഞ്ഞിലേ ഉവ്വാവ കുട്ടികളായിരുന്നു. എന്നും ജലദോഷം, പനി, തൊണ്ടവേദന ഇത്യാദി ദണ്ണങ്ങള്‍ കനിഞ്ഞനുഗ്രഹിച്ചവര്‍. പലപ്പോഴും ആശുപത്രിവാസവുമുണ്ടാവും. അതുകൊണ്ട് തന്നെ ഒന്നോടിയാല്‍ ഓര്‍മ്മപ്പെടുത്തല്‍ വരും.

‘ഓടിക്കളിച്ച് തല വിയര്‍ത്ത് പനി പിടിപ്പിക്കരുത്’

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്വയിനാ വെള്ളത്തിന്‍റെ വൃത്തികെട്ട രുചി ആലോചിക്കുമ്പോള്‍ ഞങ്ങള്‍ ഒരു മൂലയ്ക്ക് പോയിരിയ്ക്കും. എന്നിട്ട് അന്താക്ഷരി കളിയ്ക്കും. അന്താക്ഷരിയിലൂടെയാണ് കവിതയും സിനിമാപ്പാട്ടും എന്‍റെ ലോകത്തിലേക്ക് കടന്ന് വരുന്നത്. 

ലോവര്‍ പ്രൈമറി സ്‌കൂളും അവധിക്കാലവും

വെക്കേഷന്‍ ഏറ്റവും അധികം കുട്ടികള്‍ ആഘോഷിക്കുന്ന ലോവര്‍ പ്രൈമറി കാലം.  അന്നും അവധിക്കാലം എനിക്കിഷ്ടമേ അല്ലായിരുന്നു. അതിനൊരു കാരണവുമുണ്ട്. വീട്ടില്‍ നിന്നും മൂന്ന് കി. മി അകലെയായിരുന്നു സ്‌കൂള്‍. പുതുക്കുളങ്ങര ഗവ: എല്‍ പി എസ്. സ്‌കൂളില്‍ ഞങ്ങളെ ഒറ്റയ്ക്ക് വിടില്ലായിരുന്നു. കാരണം, അങ്ങോട്ടേക്ക് ഒരു പാലം കടന്ന് പോവണം. വികൃതി കുട്ടികളായതിനാല്‍ ചിലപ്പോള്‍ ആറ്റിലേക്ക് ചാടിയാലോന്നൊരു പേടിയുണ്ട് വീട്ടുകാര്‍ക്ക്. ഞങ്ങള്‍ പാച്ചി അമ്മൂമ്മയെന്ന് വിളിക്കുന്ന പരമേശ്വരി അമ്മൂമ്മയാണ് ഞങ്ങളെ സ്‌കൂളില്‍ കൊണ്ട് പോവുന്നത്. ഒരു കമ്യൂണിസ്റ്റ് പച്ചക്കമ്പും ഞങ്ങള്‍ക്കുള്ള ഉച്ചഭക്ഷണവും കാണും അമ്മൂമ്മയുടെ കൈയ്യില്‍. ക്ലാസ് കഴിയുന്നത് വരെ അമ്മൂമ്മ അവിടിരിക്കും.

ലൈബ്രറിയിലെ ബുക്കുകള്‍ വായിക്കുകയാണ് അമ്മൂമ്മയുടെ പ്രധാന പരിപാടി. ഉച്ചയ്ക്ക് ഞങ്ങളും അമ്മൂമ്മയും ഒരിലയില്‍ നിന്നാണ് കഴിക്കുന്നത്. ചമ്മന്തിയും തൈരും, കണ്ണിമാങ്ങയും ചേര്‍ന്ന ആ ഊണിന്‍റെ രുചി ഇന്നും നാവിന്‍ തുമ്പിലുണ്ട്. അന്നൊക്കെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉപ്പു മാവുണ്ട്. വാട്ടിയ ഇലയില്‍ കുട്ടികള്‍ ഉപ്പുമാവ് വാങ്ങി കഴിക്കുന്നത് കാണുമ്പോള്‍, അമ്മൂമ്മയുടെ ചോറു മറന്ന് ഞങ്ങള്‍ക്ക് നാവില്‍ വെള്ളമൂറും. അക്കാലത്തെ ഏറ്റവും വലിയ ആഗ്രഹം ആ ഉപ്പുമാവ് കഴിക്കുകയാണ്. ചില ദിവസങ്ങളില്‍ അമ്മൂമ്മ ഞങ്ങളെ സ്‌കൂളില്‍ വിട്ട് തിരിച്ചു പോവും. അന്നാണ് ഞങ്ങളുടെ സ്വാതന്ത്ര്യ ദിനം. ചോറുകളഞ്ഞിട്ട് ഉപ്പുമാവ് വാങ്ങിക്കഴിച്ച് ഞങ്ങള്‍ ആഘോഷിക്കും.

ഉച്ചയൂണ് നേരത്താണ് അമ്മൂമ്മ രാവിലെ വായിച്ച പുസ്തകത്തിന്‍റെ കഥ പറഞ്ഞു തരുന്നത്. നമ്മുടെ ഇപ്പോഴത്തെ സീരിയല്‍ സ്‌റ്റൈലിലാണ് കഥ നിര്‍ത്തുക. കപ്പല്‍ മുങ്ങി തുടങ്ങി. കപ്പിത്താന്‍… അപ്പോഴേക്കും ബെല്ലടിച്ചിട്ടുണ്ടാവും ബാക്കി ചോദിച്ചാല്‍ ‘ക്ലാസില്‍ പൊക്കോ, ബാക്കി വൈകിട്ട്’ എന്ന് പറഞ്ഞോടിക്കും. ക്ലാസിലിരുന്ന് ഞാനാലോചിക്കും. കപ്പല്‍ മുങ്ങിയിട്ടുണ്ടാവോ? കപ്പിത്താന്‍ രക്ഷപ്പെട്ടിട്ടുണ്ടാവോ? ക്ലാസിലിരുന്ന് പലപ്പോഴും ആ കഥയുടെ അവസാനം ഭാവനയില്‍ കാണുകയാവും ഞാന്‍. സത്യത്തില്‍ വായനയിലേക്കും കാല്‍പനിക ലോകത്തേക്കും  കൈപിടിച്ചു നടത്തിയത് ഈ അമ്മൂമ്മ കഥകളായിരുന്നു.  സ്‌കൂളടച്ചാല്‍ ഈ കഥകളൊക്കെ നഷ്ടപ്പെടുമെന്ന ദുഃഖത്തിലാവും പലപ്പോഴും ഞാന്‍. സ്‌കൂളടയ്ക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന കുട്ടി. 

ഏപ്രില്‍ – മെയ് മാസങ്ങള്‍ എന്നെ ഭയപ്പെടുത്തിയിരുന്നതിന് പിന്നില്‍ മറ്റൊരു കാരണവുമുണ്ട്. കുട്ടിക്കാലത്ത് സ്‌കൂളടച്ചാലുടന്‍ എന്‍റെ തല മൊട്ടയടിക്കും. എനിക്കാണേല്‍ മുടി വളര്‍ത്താന്‍ കൊതിയും. മൊട്ടത്തലയില്‍ അമ്മൂമ്മയുടെ തിരുപ്പന്‍ വച്ച് നോക്കി ഞാന്‍ സായൂജ്യം കണ്ടെത്തുമായിരുന്നു. വിയര്‍ത്ത് ജലദോഷം പിടിക്കാതിരിക്കാനെന്നാ വയ്പ്. ഉവ്വാവ കുട്ടിയാണേ. മുടിയുള്ള ശ്രീലതയോടും ജയശ്രീയോടുമൊക്കെ എനിക്ക് കുശുമ്പായിരുന്നു. അവര്‍ മുല്ലപ്പൂവൊക്കെ ചൂടി രണ്ട് വശത്ത് പിന്നിയിട്ട് വരുന്നതൊക്കെയാണ് എന്‍റെ അസൂയയ്ക്ക് കാരണം. 

ഒടുവില്‍, നാലാം ക്ലാസ് വെക്കേഷന് എന്‍റെ നിരന്തര ആവശ്യം അംഗീകരിക്കപ്പെട്ടു. മൊട്ടച്ചിയില്‍ നിന്നും സ്ഥാനക്കയറ്റം!  മുടി വളര്‍ത്താനുള്ള എന്‍റെ അപേക്ഷ അമ്മ അംഗീകരിച്ചു. ചില ഉപാധികളോടെയായിരുന്നു അംഗീകാരം. ഓടിക്കളിച്ച് വിയര്‍ക്കാന്‍ പാടില്ല, തലയില്‍ പേനുണ്ടാവാന്‍ പാടില്ല. എല്ലാ ഉപാധികളും ഞാന്‍ ശിരസ്സാല്‍ വഹിച്ചു. അങ്ങനെ ദീര്‍ഘകാലമായി നേരിട്ടിരുന്ന മൊട്ടച്ചി വിളിയില്‍ നിന്നും ഞാന്‍ മോചിതയായി. 

മാധവന്‍ അപ്പൂപ്പന്‍റെ സമാധി

മാധവന്‍ അപ്പൂപ്പന്‍ മരിക്കുന്നത് അഞ്ചാം ക്ലാസിലെ മധ്യവേനലവധിക്കാണ്. അപ്പൂപ്പന്‍ വല്യ ഭക്തനായിരുന്നു. സ്വാമി അപ്പൂപ്പന്‍. എന്നും കാവിലും തെക്കതിലുമൊക്കെ വിളക്ക് വയ്ക്കലായിരുന്നു പ്രധാന വിനോദം. ഇപ്പോഴത്തെ കുട്ടികളെപ്പോലെ വിവാഹക്കാര്യത്തില്‍ ന്യൂജെന്‍ ആയിരുന്നു അപ്പൂപ്പന്‍. വിവാഹമേ വേണ്ടാന്ന് തീരുമാനിച്ചയാള്‍. അപ്പൂപ്പന് സമാധി ആവണമെന്നായിരുന്നു ആഗ്രഹം. അപ്പൂപ്പന്‍ സുഖമില്ലാതെ കിടന്ന സമയം നേരിയ ഓര്‍മ്മയുണ്ട്. മരിക്കുന്നതിന് തൊട്ടു മുമ്പ് അപ്പൂപ്പന്‍ ചാടി എണീറ്റിരുന്നതായാണ് രാവിലെ കേട്ട കഥ. എന്തായാലും അമ്മൂമ്മമാരുടെ നിര്‍ബ്ബന്ധ പ്രകാരം ആങ്ങളയെ സമാധി ഇരുത്തി. എവിടെ നിന്നോ തന്ത്രിയെ ഒക്കെ കൊണ്ടുവന്ന് എത്രയോ ചാക്ക് ഉപ്പൊക്കെ ഇട്ടായിരുന്നു ആ കര്‍മ്മമെന്നാണ് ഓര്‍മ്മ. മരിച്ച് നാല്‍പ്പത്തിയഞ്ചാം ദിവസമായിരുന്നു അടുത്ത ചടങ്ങ്. അതോര്‍ക്കാന്‍ കാരണം, അന്ന് കഴിച്ച ഇഡ്ഡലിയും സാമ്പാറും അട പായസവുമാണ്. അപ്പൂപ്പന്‍ സമാധിയിരിക്കുന്ന ഫോട്ടോയൊക്കെ കുറേ നാള്‍ വീട്ടിലുണ്ടായിരുന്നു. ഗോപന്‍ സ്വാമിയുടെ സമാധി വിവാദമായ സമയത്ത് അപ്പൂപ്പന്‍ വീണ്ടും ഓര്‍മ്മയില്‍ തെളിഞ്ഞു. ആ ഫോട്ടോ കുഞ്ഞമ്മയോടൊക്കെ ചോദിച്ചെങ്കിലും കിട്ടിയില്ല.

ഏഴാം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷന്‍ കാലം. അപ്പോഴേക്കും മുട്ടോളം നീളത്തില്‍ മുടി വളര്‍ന്നിരുന്നു. റോസാപ്പൂവ് മുതല്‍ കനകാംബരം വരെ മുടിയ്ക്ക് അലങ്കാരമായ കാലം. എന്നാല്‍ അതധികനാള്‍ നീണ്ടില്ല. അമ്മയും ഞാനും കൂടി എവിടെയോ പോയി വന്നതായിരുന്നു അന്ന്. ആരോ ഒരു കമന്‍റടിച്ചു. 

‘കൊച്ചിനോളം ഉണ്ടല്ലോ മുടി…’

അതു കേട്ട് തിരിച്ച് വന്ന ഉടന്‍ അമ്മ ചെയ്തത് എന്‍റെ മുടി തോളറ്റം മുറിക്കുകയായിരുന്നു. അന്നുവരെ മുടി അഴിച്ചിട്ടും, രണ്ടായി പിന്നിയിട്ടും  ജാഡയില്‍ നടന്നിരുന്ന ഞാന്‍ വീണ്ടും മൊട്ടച്ചിയായി. അന്ന് മുഴുവന്‍ ഞാന്‍ കരഞ്ഞു. അമ്മയെ കൊല്ലാനുള്ള ദേഷ്യമുണ്ടായി. അതും കരുതലായിരുന്നുവെന്ന് ആ പ്രായത്തില്‍ മനസ്സിലാവില്ലല്ലോ. കുട്ടിക്ക് ആരും കണ്ണ് വയ്ക്കാതിരിക്കാനാണത്രേ. ഇപ്പോള്‍ ലെയര്‍ കട്ട് ചെയ്തു നടക്കുന്ന ഞാന്‍,  ഇതെഴുതുമ്പോള്‍ അന്ന് നഷ്ടമായ മുടി ഓര്‍ത്ത് നെടുവീര്‍പ്പിടുന്നു. എന്ത് വിരോധാഭാസം! 

കൊഴിഞ്ഞ പല്ലും പഴഞ്ചൊല്ലും

കുട്ടിക്കാലത്ത് വളരെ കുഞ്ഞന്‍ പല്ലായിരുന്നു എനിക്കെന്നോര്‍മ്മയുണ്ട്. അമ്മൂമ്മയുടെ ഭാഷയില്‍ മുത്തു പോലുള്ള പല്ല്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു പല്ല് കൊഴിഞ്ഞ് തുടങ്ങിയത്. കൊഴിയുന്ന പല്ല് ചാണകത്തില്‍ പൊതിഞ്ഞ് വീടിന് മോളിലേക്കെറിയണം. താഴെ വീഴാന്‍ പാടില്ല. വീണാല്‍ പുതിയ പല്ല് വരില്ല എന്നാണ് ശാസ്ത്രം. എറിയുമ്പോള്‍ പറയാന്‍ ഡയലോഗുമുണ്ട്. ”കുന്താലി പല്ലേ പോ; മുത്തുമണി പല്ലേ വാ”-എനിക്കാണേല്‍ കുഞ്ഞിലേ ഇത്തരം വിശ്വാസങ്ങളോട് എതിര്‍പ്പായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ തിരിച്ചേ പറയൂ. ‘ ‘കുന്താലി പല്ലേ വാ: മുത്തുമണി പല്ലേ പോ”-വിശ്വാസം ശരിയോ തെറ്റോന്നറിയില്ല. എന്‍റെ പ്രാര്‍ത്ഥന കുറച്ചൊക്കെ ഫലിച്ചു! സ്ഥിരം പല്ലു വന്നപ്പോള്‍ എനിക്ക് പണി കിട്ടി.

”പറഞ്ഞാല്‍ അനുസരിക്കില്ലല്ലോ പല്ല് കണ്ടില്ലേ.” എന്ന് ഇടയ്ക്കിടയ്ക്ക് അമ്മ, ബോഡി ഷെയിമിംഗ് നടത്തിക്കൊണ്ടിരുന്നു. ഞാനുണ്ടോ മൈന്‍ഡ് ചെയ്യുന്നു. എന്നാലും, ചിലപ്പോഴൊക്കെ  ഞാന്‍ ഓര്‍ക്കാറുണ്ട് അന്ന് അമ്മൂമ്മ പറഞ്ഞത് പോലെ ചെയ്താല്‍ മതിയായിരുന്നു!

വെക്കേഷന്‍ ക്ലാസ് അപഹരിച്ച അവധിക്കാലം

അഞ്ചാം ക്ലാസ് മുതല്‍ വെക്കേഷന്‍ ക്ലാസിന് പോയി തുടങ്ങിയതായാണ് ഓര്‍മ്മ. ജിപിഎമ്മും ഭാരതും ആ നാട്ടിലെ രണ്ട് ട്യൂട്ടോറിയല്‍ കോളേജുകള്‍.  ഇന്ത്യയും പാകിസ്ഥാനും പോലായിരുന്നു രണ്ടും. ഭാരതില്‍ പഠിക്കുന്ന കുട്ടികള്‍ ജിപിഎമ്മിലെ കുട്ടികളോട് മിണ്ടിയിരുന്നോ എന്ന് തന്നെ സംശയം. ഞങ്ങള്‍ ജിപിഎമ്മില്‍ ആയിരുന്നു. ജിപിഎമ്മിന്‍റെ വെക്കേഷന്‍ ക്ലാസിന്‍റെ നോട്ടീസ് കാണുന്നത് വരേയുള്ളൂ ഞങ്ങളുടെ അവധിക്കാലം.

ഉച്ചവരെയേ ഉണ്ടാവൂ വെക്കേഷന്‍ ക്ലാസ്. അത് കഴിഞ്ഞാല്‍ മരം കേറലും കളിയും. കുളവും വയലും കാവും ഒക്കെ ചേര്‍ന്ന തനി നാട്ടിന്‍ പുറമാണ്. തുള്ളിച്ചാടി നടക്കാന്‍ ധാരാളം സ്ഥലം. എങ്കിലും  ദിവസം എണ്ണി സ്‌കൂള്‍ തുറക്കാന്‍ കാത്തിരുന്ന മന്ദുവായിരുന്നല്ലോ ഞാന്‍. സ്‌കൂള്‍ തുറക്കുമ്പോള്‍ കിട്ടുന്ന പുത്തനുടുപ്പിനേക്കാള്‍ പുസ്തകം പൊതിയുന്ന  ബ്രൗണ്‍ പേപ്പറും നെയിം സ്ലിപ്പും അച്ഛന്‍ വാങ്ങി തന്നിരുന്ന അലൂമിനിയം പെട്ടിയും ( ഇന്നത്തെ സ്‌കൂള്‍ ബാഗിന്‍റെ മുന്‍ഗാമി) ഒക്കെ ആയിരുന്നു എന്‍റെ പ്രിയം. 

പുതിയ സ്‌കൂളും അവധിക്കാലവും

അഞ്ചാം ക്ലാസ് മുതല്‍ വീടിനടുത്തുള്ള പുതിയ സ്‌കൂളിലായിരുന്നു. അഞ്ച് മിനിട്ട് നടന്നാല്‍ സ്‌കൂളിലെത്തും. അതോടെ അമ്മൂമ്മയുടെ അകമ്പടിയില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടു. അകമ്പടിയോടെ നടന്നുനീങ്ങുന്ന അനിയനെ നോക്കി ഞാന്‍ ഗര്‍വ്വോടെ തലയുയര്‍ത്തി നില്‍ക്കും. ഉച്ചയ്ക്ക് വീട്ടില്‍ വന്ന് കഴിക്കാം. ബെല്ലടിക്കുമ്പോള്‍ പോയാല്‍ മതി. ബല്യ സൗകര്യത്തിലായിരുന്നു, 5 മുതല്‍ 10 വരെ. പിന്നെയുള്ള മധ്യ വേനലവധിയാവട്ടെ ഹിന്ദി ക്ലാസും വെക്കേഷന്‍ ക്ലാസ്സും കവര്‍ന്നു. ലൈബ്രററിയില്‍ നിന്ന് എടുക്കുന്ന പുസ്തകങ്ങളും, അച്ഛന്‍ ഓഫീസില്‍ നിന്നും കൊണ്ടുവരുന്ന ആനുകാലികങ്ങളും. ഇടയ്‌ക്കെപ്പോഴെങ്കിലും ഒരു സിനിമ. പിന്നെ ഞങ്ങടെ ഫിലിപ്‌സ് റേഡിയോയും. ഇത്രയൊക്കെ ഉണ്ടായിരുന്നുള്ളൂ ഓരോ അവധിക്കാലവും. 

വിഷുക്കാലവും കൈനീട്ടവും

വേനലവധിക്കാലത്തെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു വിഷു. വിഷുക്കൈനീട്ടം കിട്ടുന്ന കുഞ്ഞ് തുകയ്ക്ക് എന്ത് വിലയായിരുന്നു അന്ന്! തലേരാത്രി അച്ഛന്‍ രണ്ട് രൂപ നാണയം എന്നെ ഏല്‍പ്പിക്കും. പിറ്റേന്ന് രാവിലെ അത് വിഷുക്കൈനീട്ടമായി അച്ഛന് കൊടുക്കണം. ആ നാണയത്തുട്ട് അച്ഛന്‍ സൂക്ഷിച്ച് വയ്ക്കും. അടുത്ത വര്‍ഷം കൈമാറാന്‍. എന്‍റെ വിവാഹം വരെ അത് തുടര്‍ന്നിരുന്നു. രൂപയുടെ മൂല്യം കുറഞ്ഞിട്ടും അച്ഛന് ഞാന്‍ നല്‍കിയിരുന്ന വിഷുക്കൈ നീട്ടം ആ നാണയമായിരുന്നു. ഒടുവിലൊക്കെ ആയപ്പോള്‍ അത് ക്ലാവ് പിടിച്ചു തുടങ്ങി. എന്‍റെ അനിയന്‍ വിഷുക്കൈനീട്ടം കിട്ടുന്ന പൈസ അന്ന് തന്നെ നാരങ്ങ മിഠായിയും ഉരള്‍ മിഠായിയുമൊക്കെ വാങ്ങി തീര്‍ക്കുമായിരുന്നു. എന്നാല്‍, ഞാനത് കുടുക്കയിലിട്ട് കാത്തിരിക്കും. ഉത്സവത്തിന് കുപ്പിവള കച്ചവടക്കാരെത്തുമ്പോള്‍ കുപ്പിവള വാങ്ങാന്‍. ഒന്നിനോടും കമ്പം തോന്നാത്ത ഇക്കാലത്ത് തിരിഞ്ഞു നോക്കുമ്പോള്‍ അക്കാലത്തിന് എന്ത് ചാരുതയായിരുന്നു !

കളിയില്‍ തോറ്റ അനിയന്‍റെ പ്രതികാരം!

സിനിമാപ്പേരെഴുതുന്ന ഒരു കളിയുണ്ടായിരുന്നു. ഇന്നത്തെ പസില്‍ പോലൊരു കളി. കളം പൂരിപ്പിക്കല്‍. എപ്പോഴും ഞാനായിരുന്നു ജയിച്ചിരുന്നത്. വികൃതിയായിരുന്നു അനിയന്‍. ഒരു ദിവസം കളിയില്‍ തോറ്റതും പെന്‍സില്‍ വെട്ടാന്‍ ഞാന്‍ കൊണ്ടുവച്ചിരുന്ന ബ്ലേഡ് എടുത്ത് അവന്‍ എന്‍റെ കുട്ടി പാവാടയ്ക്ക് മേളിലൂടെ ഒറ്റവരയല്‍. നല്ല ആഴത്തിലുള്ള മുറിവ്. ചോര നില്‍ക്കുന്നില്ല. ഞാന്‍ കരയാന്‍ തുടങ്ങി. അമ്മ ഓടി വന്നു. അവനെ മുറ്റത്തെ കാപ്പിമരത്തില്‍ കെട്ടിയിട്ടു. അതേ ബ്ലേഡ് കൊണ്ട് വരയാന്‍ പോവുന്നത് പോലെ കാണിച്ചു. ഗള്‍ഫ് നാടുകളിലെ ശിക്ഷാവിധി ആയിരുന്നു പലപ്പോഴും അമ്മ ഞങ്ങള്‍ക്കിടയില്‍ പരീക്ഷിച്ചിരുന്നത്. Blood is sticker than water എന്നല്ലേ. ഞാനോടിപ്പോയി തടഞ്ഞു. ബ്ലേഡ് വര തല്ലിലൊതുങ്ങി. അവിടെ കിടക്കെന്ന് പറഞ്ഞ് അവനെ അഴിച്ച് വിടാതെ അമ്മ ചാടിത്തുള്ളി പോയി. എനിക്ക് പാവം തോന്നി. ഞാന്‍ പോയി അവനെ കെട്ടഴിച്ചു വിട്ടു. അമ്മയ്ക്ക് കലി കയറി. എന്നെയും അവനെയും രണ്ട് കാപ്പിമരത്തിലായി കെട്ടിയിട്ടു. അവിടെ കിടന്ന് ഞങ്ങള്‍ ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞു. അവന്‍ പറഞ്ഞു.

”ഈ കെട്ടഴിച്ച് നമുക്ക് നാടുവിടാം. വെള്ളനാട് പോവാം.”

അച്ഛന്‍റെ നാടാണ് വെള്ളനാട്. ആ അമ്മൂമ്മ പാവമായിരുന്നു. പരസ്പര സഹായത്തോടെ കെട്ടഴിച്ച് ഞങ്ങള്‍, കുറച്ച് ദൂരെ വാഴത്തോട്ടത്തിനിടയില്‍ ഒളിച്ചിരുന്നു. അന്ന് അമ്മ ഞങ്ങളെ തപ്പി കുറേ നടന്നു. കണ്ടുപിടിച്ചപ്പോള്‍ വീണ്ടും തല്ല് കിട്ടി. കാലമിത്ര കഴിഞ്ഞിട്ടും എന്‍റെ കാലിലെ ആ മുറിവിന്‍റെ പാട് ഇപ്പോഴുമുണ്ട്, മായാത്തൊരോര്‍മ്മയായി.

വൈലോപ്പള്ളിയുടെ മാമ്പഴവും അനിയനും 

ആറാം ക്ലാസിലെ മധ്യവേനലവധിക്കാലം. മുറ്റത്തെ കുഞ്ഞ് മാവ് നിറയെ പൂവിട്ടിട്ടുണ്ട്. അങ്ങിങ്ങ് കണ്ണിമാങ്ങ പിടിച്ചിട്ടുമുണ്ട്. മഹാ വികൃതിയായിരുന്ന അനിയന്‍ വീടിന് ചുറ്റും ഓടുന്നതിനിടയില്‍ മാമ്പൂ അടിച്ചു കൊഴിച്ചു. ആ കമ്പ് വാങ്ങി അമ്മ അവനെ തല്ലി. അവന്‍ ഉറക്കെ നിലവിളിച്ചു. വൈലോപ്പള്ളി കവിത മാമ്പഴം ഞാന്‍ കാണാതെ ചൊല്ലി നടക്കുന്ന കാലമാണ്. നെഞ്ചില്‍ വല്ലാത്തൊരാന്തല്‍. ആ പൊട്ടത്തിയുടെ മനസില്‍ പെട്ടെന്നൊരു ചിന്ത കടന്നു കയറി. അടുത്ത മാമ്പഴക്കാലത്തിന് മുമ്പ് അവന്‍ മരിച്ചു പോവുമല്ലോന്ന്. 

കുടക്കയിലുണ്ടായിരുന്ന ചില്ലറയൊക്കെ എടുത്ത് ഞാന്‍ കരഞ്ഞ് പ്രാര്‍ത്ഥിച്ചു. ”ദൈവമേ മരിച്ചു പോവരുതേ, ഞാനിതൊക്കെ നടയ്ക്കിട്ടേക്കാമേ”

ആ പ്രാര്‍ത്ഥന ദൈവം കേട്ടെന്ന് കുറേ നാള്‍ വിശ്വസിച്ചിരുന്നു. ബന്ധങ്ങളുടെ ആഴമൊക്കെ കുറഞ്ഞ ഇക്കാലത്ത് ഇതൊക്കെ ആലോചിക്കുമ്പോള്‍, ആ പൊട്ടത്തരത്തിനും എന്ത് ചന്തമാണ്! 

നിറമുള്ള ചില കുഞ്ഞോര്‍മ്മകള്‍

വീടിന് ചുറ്റും വാഴത്തോട്ടമുണ്ടായിരുന്നു.  വാഴത്തേന്‍ കട്ടു കുടിക്കാന്‍ പൂവാലന്‍ അണ്ണാറക്കണ്ണനും പൂത്തുമ്പിയുമൊക്കെ വരും. തലപ്പന്ത് കളിയും, വട്ട് കളിയും (പേര് കൃത്യമായി ഓര്‍മ്മയില്ല), ഉരുളന്‍ പാറക്കല്ല് വച്ച് മറ്റൊരു കളിയുമൊക്കെ ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്. ഗോലികളിയിൽ തോല്‍ക്കുമ്പോള്‍ ഗോലി പെറുക്കി പറമ്പിലേക്കെറിയും അനിയന്‍. വീടിനടുത്തുള്ള തോട്ടിലെ മീന്‍ പിടിത്തമാണ് വേനലവധിക്കാലത്തെ നിറമുള്ള ഓര്‍മ്മകള്‍. ഇതിനൊക്കെ നേതൃത്വം നല്‍കുന്നത് അനിയനായിരുന്നു. ഒപ്പം അമ്മൂമ്മമാരും ഉണ്ടാവും. പക്ഷേ ഇതിനെല്ലാം കൂടി കിട്ടിയിരുന്നത് ആകെ പത്തോ പതിനഞ്ചോ ദിവസം മാത്രമായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും അവധിക്കാലത്ത് വായിച്ച പുസ്തകങ്ങളും, ആനുകാലികങ്ങളും, കേട്ട പാട്ടുകളുമൊക്കെയാണ് എനിക്ക് ഇതിലും സുഖം നല്‍കുന്ന ഓര്‍മ്മ. അവധിക്കാലം ഒന്നു തീരാന്‍ കാത്തിരുന്ന ആ മന്ദുകുട്ടിയ്ക്ക് അങ്ങനേ ചിന്തിക്കാനാവൂ.

ഇന്നിതെഴുതുമ്പോള്‍ പലരും ഒപ്പമില്ല. അമ്മയാണ് ആദ്യം പോയത്. അമ്മൂമ്മയും അച്ഛനുമൊക്കെ പിന്നാലേ പോയി. അവരൊന്നുമില്ലാത്ത ലോകത്തിരുന്ന് ഈ അവധിക്കാലത്ത്, പണ്ട് ഞാന്‍ തടങ്കലെന്ന് പറഞ്ഞിരുന്ന  ആ മദ്ധ്യവേനലവധിക്കാലത്തെ കുറിച്ചെഴുതുമ്പോള്‍ ഒരു കരുതലിന്‍റെ പുതപ്പ് വന്നെന്നെ പൊതിയുന്നു. നിറയുന്ന കണ്ണുകളില്‍ ഓരോ മുഖവും മങ്ങിയ കാഴ്ചകളായി തെളിയുന്നു. അറിയാതെ കാലിലെ ആ പാടില്‍ തടവുമ്പോള്‍ അന്നത്തെ അതേ വേദന!
 

 

ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.

 

 

By admin