കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതി പിഎം ശ്രീയിൽ കേരളം ഉടൻ ചേരില്ല; മന്ത്രിസഭാ യോഗം തീരുമാനം മാറ്റി
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ അംഗീകരിക്കുന്നതിൽ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. പദ്ധതിയിൽ ചേരാതെ ഫണ്ട് നൽകില്ലെന്ന കേന്ദ്ര നിലപാടിനെ തുടർന്ന് കേരളവും വഴങ്ങുമെന്നാണ് കരുതിയതെങ്കിലും വിശദമായ ചർച്ച വേണമെന്ന നിലപാടിൽ മന്ത്രിസഭാ യോഗം തീരുമാനം മാറ്റിവച്ചു. മൂന്ന് വർഷമായുള്ള എതിർപ്പ് തുടരാൻ സിപിഐയുടെ വിമുഖതയാണ് കാരണമായത്. പദ്ധതിയിൽ ചേർന്നില്ലെങ്കിൽ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളിലെ വിഹിതിം നൽകില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ തുടരുകയാണ്.
മൂന്ന് വർഷത്തെ എതിർപ്പ് മാറ്റി പിഎം ശ്രീയിൽ കൈകൊടുക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് നീക്കം. പക്ഷെ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പഴയ എതിർപ്പ് കൂടുതൽ ശക്തമായി ഉന്നയിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ പിഎം ശ്രീ ബോർഡും പ്രധാനമന്ത്രിയുടെ ഫോട്ടോയും അടക്കം വെക്കുന്ന ബ്രാൻഡിംഗിനോടുള്ള പ്രതിഷേധമാണ് ആവർത്തിച്ചത്. പിഎം ശ്രീയിൽ കൈകൊടുത്താൽ ദേശീയ വിദ്യാഭ്യാസ അവകാശ നയവും നടപ്പാക്കേണ്ടിവരുമെന്നും സിപിഐ മന്ത്രിമാർ അഭിപ്രായപ്പെട്ടു. ബ്രാൻഡിംഗിനോടുള്ള രാഷ്ട്രീയമായ വിയോജിപ്പ് മാറ്റണമെങ്കിൽ കൂടുതൽ നയപരമായ ചർച്ച വേണമെന്ന് സിപിഐ നിലപാട്. ഇതോടെ കൂടുതൽ ചർച്ചകൾക്കായി തീരുമാനം മാറ്റി.
പിഎം ശ്രീ തീരുമാനം നീട്ടുന്നതിനോട് വിദ്യാഭ്യാസവകുപ്പിന് പക്ഷെ യോജിപ്പില്ല. പിഎം ശ്രീയിൽ ചേരാത്തതിനാൽ സമഗ്രശിക്ഷാ കേരളം പദ്ധതിയിലടക്കം കേന്ദ്രം ഫണ്ട് തരാത്തതാണ് വകുപ്പ് ഉന്നയിക്കുന്ന പ്രശ്നം. രണ്ട് അധ്യയനവർഷമായി ഏതാണ് 1100 കോടി രൂപയോളമാണ് കിട്ടാത്തതെന്നാണ് വിദ്യാഭ്യാസവകുപ്പ്ിൻറെ വിശദീകരണം. എസ്എസ് കെയിൽ ശമ്പളം വരെ കൊടുക്കാൻ പറ്റാത്ത സാഹചര്യവും വകുപ്പ് ചൂണ്ടിക്കാട്ടുന്നുണ്ട്. സിപിഐയെ അനുനയിപ്പിച്ചാലേ ഇനി പിഎം ശ്രീയിൽ ചേരാനുള്ള തീരുമാനമെടുക്കാനാകൂ.