‘കാറിൽ സ്ഥലമില്ലെന്നു പറഞ്ഞ് ലിഫ്റ്റ് തരാതിരുന്ന സുഹൃത്തുക്കളുണ്ട്’; അമൃത നായർ പറയുന്നു

കുടുംബവിളക്കിലെ ശീതളായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമൃത നായർ. ഇപ്പോള്‍ ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമൊക്കെ പറഞ്ഞുകൊണ്ടുള്ള അമൃതയുടെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. താൻ കടന്നുവന്ന വഴികളെക്കുറിച്ചും അമൃത സംസാരിക്കുന്നുണ്ട്.

കാറിൽ സ്ഥലമില്ലെന്നു പറഞ്ഞ് ഒരു സമയത്ത് സുഹൃത്തുക്കൾ പോലും തനിക്ക് ലിഫ്റ്റ് തരാതിരുന്നിട്ടുണ്ടെന്ന് അമൃത പറയുന്നു. ”ഒന്ന് ലിഫ്റ്റ് തരുമോ എന്ന് ചോദിച്ചപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ പോലും എന്നെ കൊണ്ടുപോകാതിരുന്നിട്ടുണ്ട്. കാറിൽ നിറയെ ആളാണ്, അത് വഴിയല്ല പോകുന്നത് എന്നൊക്കെ പറയും. ആ വാശിയില്‍ ഞാനൊരു കാറെടുത്തു. കാര്‍ വന്നപ്പോള്‍ ഇല്ലാത്ത ബന്ധങ്ങളൊക്കെ വന്നു. കുറ്റം പറഞ്ഞ ആള്‍ക്കാരൊക്കെ കൂടെക്കൂടാൻ വന്നു. നൂറ് പേരില്‍ പത്ത് പേര്‍ക്കെങ്കിലും അമൃതയെ അറിയണം, നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നൊക്കെയായിരുന്നു ആഗ്രഹം. ആദ്യം ചെറിയ ചെറിയ വേഷങ്ങളാണ് ചെയ്തിരുന്നത്.  ഇപ്പോള്‍ അമൃതയെന്ന് പറഞ്ഞാല്‍ പത്തു പേര്‍ക്ക് അറിയാം”, താരം അഭിമുഖത്തിൽ പറഞ്ഞു.

”ആദ്യം സീരിയലിൽ അഭിനയിക്കാൻ വന്ന സമയത്ത് സാമ്പത്തികമായി ഞങ്ങള്‍ക്ക് ഒന്നുമില്ലായിരുന്നു. ഡ്രസ് എല്ലാം നമ്മള്‍ തന്നെ വാങ്ങണം.
ഇന്നത്തേപ്പോലെ കൊളാബറേഷൻസ് ഒന്നുമില്ല. അതൊക്കെ കോവിഡിന് ശേഷമാണ് വരുന്നത്. കഥാപാത്രത്തിന് അനുസരിച്ചുള്ള വസ്ത്രം വേണം. റിച്ച് കഥാപാത്രമാണെങ്കില്‍ വിലകൂടിയ വസ്ത്രം വേണം. ചില സുഹൃത്തുക്കളോട് ഡ്രസ് തരാമോ, ഇട്ടതാണെങ്കിലും മതി എന്നൊക്കെ ഞാൻ ചോദിച്ചിട്ടുണ്ട്. പക്ഷേ, അതും തരാത്തവരുണ്ട്. നമ്മുടെ കയ്യില്‍ കാശുണ്ടെങ്കില്‍ ആളുകള്‍ തരും. ഡ്രസ് മോശമായാലും അവർക്ക് അത് വാങ്ങിത്തരാന്‍ സാധിക്കുമല്ലോ എന്നോർത്ത് കൊടുക്കും. പൈസയ്ക്ക് പൈസ തന്നെ വേണം”, അമൃത കൂട്ടിച്ചേർത്തു.

ALSO READ : ഒരു കേക്ക് പറഞ്ഞ കഥ; ‘കേക്ക് സ്റ്റോറി’ ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin