ഒഡീഷയിൽ മലയാളി വൈദികന് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിൽ പരാതി നൽകി
ഭുവന്വേശ്വർ: ഒഡീഷയിൽ മലയാളി വൈദികന് മർദ്ദനമേറ്റ സംഭവത്തിൽ വൈദികൻ പൊലീസിൽ പരാതി നൽകി. ലോക്കൽ പൊലീസിലാണ് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് എസ്പിക്കും ജില്ലാ കളക്ടർക്കും നൽകിയിട്ടുണ്ട്. പള്ളിയിൽ എത്തി അതിക്രമം കാണിച്ച പൊലീസുകാർക്കെതിരെയാണ് പരാതി നൽകിയത്. മാർച്ച് 22നാണ് പൊലീസ് പള്ളിയിൽ കയറി ഫാദർ ജോഷി ജോർജിനെയും സഹവികാരിയെയും പൊലീസ് മർദ്ദിച്ചത്.
ബെഹരാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. സമീപത്തെ ഗ്രാമത്തിൽ കഞ്ചാവ് കണ്ടെത്താനുള്ള പരിശോധനക്കിടെ ഒഡീഷ പൊലീസ് വൈദികനെ പള്ളിയിൽ കയറി മർദിക്കുകയായിരുന്നു. പൊലീസ് ക്രൂരമായി മർദിച്ചെന്നും, പള്ളിയിൽനിന്നും പണം അപഹരിച്ചെന്നും ഫാ ജോഷി ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.
പാകിസ്ഥാനിൽ നിന്നും വന്ന് മതപരിവർത്തനം നടത്തുന്നുവെന്നുൾപ്പെടെ പറഞ്ഞ് അപമാനിച്ചായിരുന്നു മർദ്ദനം. പരിസരത്തെ ഗ്രാമങ്ങളിൽ നടന്ന കഞ്ചാവ് പരിശോധനയ്ക്കിടെ പൊലീസ് പള്ളിയിലേക്ക് കയറിവന്ന് അവിടെയുണ്ടായിരുന്ന പെൺകുട്ടികളെ മർദിക്കാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തപ്പോഴാണ് വൈദികനും സഹ വികാരിക്കും ക്രൂരമായ മർദനമേറ്റത്. പൊലീസ് സംഘം പള്ളിയിലെ ഓഫീസിൽ കയറി 40,000 രൂപ അപഹരിച്ചുവെന്നും ഫാ. ജോഷി ജോർജ് വിശദമാക്കിയിരുന്നു.