ഏറ്റവും സ്ലിം, 200 എംപി ക്യാമറ, അത്ഭുതപ്പെടുത്താൻ സാംസങ് ഗാലക്സി എസ് 25 എഡ്ജ് എത്തുന്നു! വില വിവരങ്ങൾ പുറത്ത്
സാംസങ് ഗാലക്സി എസ് 25 എഡ്ജ് മെയ് 13 ന് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്യുന്നതിന് മുമ്പ്, ഏറ്റവും കനം കുറഞ്ഞ സാംസങ് ഫോണായിരിക്കും ഇതെന്നാണ് വ്യക്തമാകുന്നത്. സാംസങ് ഗാലക്സി എസ് 25 എഡ്ജിന്‍റെ വില വിവരങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഇത് ഐഫോൺ 16 നേക്കാൾ വിലയേറിയതായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ.
യൂറോപ്യൻ ഇ – കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെനെറ്റി ഷോപ്പ്, ഗാലക്‌സി എസ് 25 എഡ്ജിന്റെ പ്രതീക്ഷിക്കുന്ന വില വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വില 1,361 യൂറോ (ഏകദേശം 1,27,900 രൂപ) മുതൽ ആരംഭിക്കാം എന്നാണ് റിപ്പോർട്ടുകൾ. 256 ജി ബി, 512 ജി ബി എന്നീ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിന്‍റെ 256 GB മോഡലിന് 1,380 യൂറോ (ഏകദേശം 1,28,200 രൂപ) വില വരാൻ സാധ്യതയുണ്ട്. അതേസമയം ഉയർന്ന പതിപ്പിന് 1,490 യൂറോ (ഏകദേശം 1,40,000 രൂപ) വില വരാം. ഇന്ത്യയിലെ വില യൂറോപ്പിനേക്കാൾ അൽപ്പം കുറവായിരിക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഈ സ്മാർട്ട്‌ഫോണിന് 6.6 ഇഞ്ച് ഒ എൽ ഇ ഡി ഡിസ്‌പ്ലേയും 200 MP പ്രധാന ക്യാമറയും 12 MP സെക്കൻഡറി ക്യാമറയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സീരീസിലെ മറ്റ് മോഡലുകളെ പോലെ തന്നെ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറും 12 GB റാമും 512 GB വരെ ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ഇത് പിന്തുണയ്ക്കുന്നു.
ഗാലക്‌സി എസ് 25 എഡ്ജ് സാംസങ്ങിന്റെ ഏറ്റവും സ്ലിം ആയ ഫോണായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. വെറും 5.8 എം എം കനമേ ഇതിന് ഉണ്ടാകുകയുള്ളൂ. ഇതിൽ 3,900 എം എ എച്ച് ബാറ്ററിയും 25 W ഫാസ്റ്റ് വയർഡ്, വയർലെസ് ചാർജിംഗും വാഗ്ദാനം ചെയ്യും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യു ഐ 7-ൽ ഈ ഡിവൈസ് പ്രവർത്തിക്കും. ഇത് മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം വാഗ്ദാനം ചെയ്യുന്നു.