ഏത് കറയും പമ്പകടക്കും; അടുക്കള വൃത്തിയാക്കാൻ നാരങ്ങ നീര് മാത്രം മതി
അടുക്കളയിൽ നന്നായി പാചകം ചെയ്യണമെങ്കിൽ എല്ലാ ഭാഗങ്ങളും വൃത്തിയായിരിക്കണം. എങ്കിൽ മാത്രമേ ശാന്തമായി അടുക്കള ജോലികൾ ചെയ്യാൻ സാധിക്കുകയുള്ളു. വൃത്തിയാക്കാൻ പ്രകൃതിദത്തമായി ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ നീര്. ഇത് ഉപയോഗിച്ച് അടുക്കളയിലെ ഏത് കഠിന കറയെയും എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. നാരങ്ങ നീര് ഉപയോഗിച്ച് വൃത്തിയാക്കേണ്ട വസ്തുക്കൾ ഇതാണ്.
മൈക്രോവേവ് വൃത്തിയാക്കാം
മൈക്രോവേവിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ നീക്കം ചെയ്യുന്നത് കുറച്ച് പണിയുള്ള കാര്യമാണ്. എന്നാൽ നാരങ്ങ നീരിന്റെ ഗുണങ്ങൾ കറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഒരു കപ്പ് വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് മൈക്രോവേവിന്റെ ഉള്ളിലേക്ക് വയ്ക്കാം. കുറച്ച് നേരം ചൂടാക്കണം. ഇത് പറ്റിയിരിക്കുന്ന കറകളെ അലിയിക്കുന്നു. ശേഷം ടവൽ ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്.
സ്റ്റീൽ പാത്രങ്ങൾ തിളങ്ങും
ഉപയോഗിച്ച് തിളക്കം മങ്ങിയ പാത്രങ്ങൾ പുത്തനാക്കാൻ നാരങ്ങ നീര് ഉപയോഗിച്ച് വൃത്തിയാക്കിയാൽ മതി. കൂടാതെ പാത്രത്തിൽ തുരുമ്പെടുത്തിട്ടുണ്ടെങ്കിൽ അതും നാരങ്ങ നീര് ഉപയോഗിച്ച് നീക്കം ചെയ്യാൻ സാധിക്കും.
കട്ടിങ് ബോർഡ് കഴുകാം
കട്ടിങ് ബോർഡ് വൃത്തിയാക്കുന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും തടികൊണ്ടുള്ള കട്ടിങ് ബോർഡുകൾ. ഇവ എളുപ്പത്തിൽ കഴുകാൻ ആവുമെങ്കിലും അണുക്കൾ ശരിക്കും പോകണമെന്നില്ല. നാരങ്ങ ഉപയോഗിച്ച് ഉരച്ച് കഴുകുകയാണെങ്കിൽ അണുക്കളെ എളുപ്പത്തിൽ തുരത്താൻ സാധിക്കുന്നു.
ദുർഗന്ധമകറ്റാം
പലതരം ഭക്ഷണങ്ങൾ പാചകം ചെയ്യുന്നതുകൊണ്ട് തന്നെ എപ്പോഴും അടുക്കളയിൽ ദുർഗന്ധമുണ്ടായിരിക്കും. എത്രയൊക്കെ വൃത്തിയാക്കിയാലും ദുർഗന്ധം മാത്രം അങ്ങനെ തന്നെ നിലനിൽക്കുന്നു. അടുക്കളയിലെ ദുർഗന്ധമകറ്റാൻ നാരങ്ങ നീരും വെള്ളവും ചേർത്ത് അടുക്കള ഭാഗങ്ങളിൽ സ്പ്രേ ചെയ്ത് കൊടുത്താൽ മതി.
സ്റ്റീൽ പാത്രം ഉപയോഗിച്ചാണോ പാചകം ചെയ്യുന്നത്? എങ്കിൽ സൂക്ഷിക്കണം; കാരണം ഇതാണ്