ഈ വിഷുവിന് വ്യത്യസ്ത രീതിയിൽ ചക്ക പായസം ഉണ്ടാക്കിയാലോ ?
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ചക്ക പായസം സാധാരണ പഴുത്ത ചക്കയോ ചക്ക വരട്ടിയോ വച്ചാണ് പായസം ഉണ്ടാക്കാറ്. എന്നാൽ ഇന്ന് പച്ച ചക്ക വച്ചിട്ട് നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു പായസമാണ് തയ്യാറാക്കുന്നത്..
വേണ്ട ചേരുവകൾ
8 കപ്പ് പായസത്തിനുള്ള ചേരവകളാണ് പറയുന്നത്.
1.പച്ച ചക്ക ചെറിയ കഷണങ്ങളാക്കിയത് ഒന്നര കപ്പ്
2.ഒരു വലിയ തേങ്ങയുടെ 1, 2, 3 പാലുകൾ പിഴിഞ്ഞ് വയ്ക്കുക
3. മൂന്ന് അച്ച് ശർക്കര അരക്കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചു വയ്ക്കുക
4. ചവ്വരി രണ്ട് ടേബിൾ സ്പൂൺ കഴുകി വെള്ളം ഒഴിച്ച് കുതിരാൻ ആയിട്ട് മാറ്റിവയ്ക്കുക
5.ചവ്വരി കുതിർന്ന ശേഷം ഒരു പാത്രത്തിൽ വെള്ളം തിളക്കുമ്പോൾ അതിലിട്ട് തിള വന്നശേഷം അടച്ചുവയ്ക്കുക ഇത് സ്റ്റൗവിൽ നിന്ന് മാറ്റി തണുക്കാൻ ആയിട്ട് വയ്ക്കുക തണുത്ത ശേഷം ഒരു അരിപ്പയിലേക്ക് ഇട്ട് അതിലേക്ക് കുറച്ച് തണുത്ത വെള്ളം ഒഴിച്ച് അതിലെ കൊഴുപ്പ് കഴുകി കളഞ്ഞ് മാറ്റിവയ്ക്കുക
6. ഉപ്പ് കാൽ ടീസ്പൂൺ
7. നെയ്യ് ഒരു ടേബിൾ സ്പൂൺ
8. തേങ്ങാക്കൊത്ത് രണ്ട് സ്പൂൺ
9.കശുവണ്ടി നുറുക്കിയത് ഒരു സ്പൂൺ
10.ഉണക്കമുന്തിരി ഒരു പിടി
11.ഏലയ്ക്ക ആറെണ്ണം രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് പൊടിച്ചുവെക്കുക
തയ്യാറാക്കുന്ന വിധം
ഒരു അടി കട്ടിയുള്ള പാത്രം വച്ച് ഗ്യാസ് ഓൺ ചെയ്ത് അതിലേക്ക് മൂന്നാം പാൽ ഒഴിച്ചു കൊടുക്കുക. ഇത് ഇളക്കി ഇളക്കി തിളക്കുന്ന വരെ ഇളക്കിക്കൊണ്ടിരിക്കുക. മൂന്നാം പാൽ തിളച്ച ശേഷം അരിഞ്ഞു മാറ്റി വച്ചിട്ടുള്ള പച്ച ചക്ക ഇട്ടു കൊടുക്കുക. എന്നിട്ട് ഇളക്കുക.
രണ്ടോ മൂന്നോ മിനിറ്റ് ഇളക്കി തിളപ്പിക്കുമ്പോൾ ചക്ക വെന്തിട്ടുണ്ടാവും. അതിനു ശേഷം ഉരുക്കിവച്ച ശർക്കരപ്പാനി കുറേശ്ശെ ആയിട്ട് ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കുക എന്നിട്ട് മുഴുവനായിട്ട് ചേർക്കുക. ഇതിലേക്ക് ചവ്വരി വേവിച്ചുവെച്ചത് ചേർത്തു കൊടുക്കുക.
ഇടയ്ക്കിടെ ഇളക്കിക്കൊണ്ടിരിക്കുക. കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ഇത് മധുരം ബാലൻസ് ചെയ്യാനാണ്. വീണ്ടും ഇളക്കി പായസം കുറുക്കി എടുക്കുക. കുറുകി വരുമ്പോൾ രണ്ടാം പാൽ ചേർത്ത് കൊടുക്കുക. രണ്ടാം പാൽ ഒഴിച്ച് ഒന്നുകൂടി കുറുകി വരുമ്പോൾ ഒന്നാംപാൽ ഒഴിച്ചു കൊടുക്കുക ഒന്നാംപാൽ ഒഴിച്ച് ശേഷം തിളക്കുന്നതിന് മുമ്പായി വാങ്ങി വയ്ക്കുക. ആറ് ഏലക്ക രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് പൊടിച്ചത് ഇതിലേക്ക് ചേർക്കുക
ഇതിലേക്ക് വറുത്തിടാൻ വേണ്ടി ഒരു പാൻ വച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം നെയ്യ് ചൂടായി കഴിഞ്ഞാൽ തേങ്ങാക്കൊത്ത് ഇട്ട് ബ്രൗൺ നിറമാകുമ്പോൾ കശുവണ്ടി നുറുക്കിയതും ഇളം ബ്രൗൺ ആകുമ്പോൾ ഉണക്കമുന്തിരി ഇട്ട് മൂപ്പിച്ചെടുക്കുക. ശേഷം പായസത്തിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത് അടച്ചു വച്ച് ഒരു 10 മിനിറ്റിനു ശേഷം സെർവ് ചെയ്യാവുന്നതാണ് നല്ല ടേസ്റ്റ് ആയിട്ടുള്ള ചക്ക പായസം റെഡി.
ഈ വിഷുസദ്യയിലൊരുക്കാം മത്തൻ പൂവ് കൊണ്ട് തോരൻ ; റെസിപ്പി