ഇനി 9 ദിവസം കൂടി മാത്രം, സൗദിയിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് അവസാനിക്കുന്നു

റിയാദ്: സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് കാലയളവ് അവസാനിക്കാൻ ഇനി 9 ദിവസം കൂടി മാത്രം. 2024 ഏപ്രിൽ വരെ ചുമത്തിയ പിഴകൾ 50 ശതമാനം ഇളവോടെ അടക്കാൻ അനുവദിച്ച കാലാവധിയാണ് ഈ മാസം 18ന് അവസാനിക്കുന്നത്. വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒന്നിച്ചോ ഓരോന്നായോ അടക്കാവുന്ന ഇളവും നൽകിയിട്ടുണ്ടെന്നും ഈ അവസരം ഉപയോഗപ്പെടുത്തി ട്രാഫിക് പിഴകൾ അടക്കാൻ ജാഗ്രത പാലിക്കണമെന്നും ജനറൽ ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. ഏപ്രിൽ 18ന് ശേഷം പിഴകൾ അടക്കാൻ ഇളവ് ലഭിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. 

കഴിഞ്ഞ വർഷം ഒക്ടോബർ 18 വരെയായിരുന്നു ആദ്യം ഇളവ്  പ്രഖ്യാപിച്ചിരുന്നത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്ന് ഈ വർഷം ഏപ്രിൽ 18 വരെ ഇളവ് കാലാവധി ദീർഘിപ്പിക്കുകയായിരുന്നു. പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങൾ പിഴയുടെ ആനുകൂല്യത്തിൽ ഉൾപ്പെടില്ല. 

മയക്കുമരുന്നോ അല്ലെങ്കിൽ നിരോധിത വസ്തുക്കളോ ഉപയോഗിച്ച്  വാഹനമോടിച്ചപ്പോൾ ഉണ്ടായ പിഴകൾ, 120 കിലോമീറ്റർ വേഗത പരിധിയുള്ള റോഡുകളിൽ മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിലോ 140 കിലോമീറ്റർ വേഗത പരിധിയുള്ള റോഡുകളിൽ മണിക്കൂറിൽ 30 കിലോമീറ്ററിൽ കൂടുതൽ വേഗതയിലോ ഡ്രൈവ് ചെയ്തത് മൂലമുണ്ടായ പിഴകൾ എന്നിവയും ഗുരുതരമായ നിയമ ലംഘനങ്ങളാണ്. ഇതിനൊന്നും ഇളവ് ലഭിക്കില്ല. 

read more: യുഎഇയിൽ ഇന്ത്യൻ നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ, മോദിയുമായി കൂടിക്കാഴ്ച നടത്തി ദുബൈ കിരീടാവകാശി
 

By admin