സൗ​ദിയാണോ ലക്ഷ്യം? പൗരത്വം വളരെയെളുപ്പം നേടാനാകുന്നത് ആർക്കൊക്കെ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ

റിയാദ്: പ്രവാസികളുടെ ഇഷ്ടസ്ഥലമാണ് സൗദി അറേബ്യ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും സാംസ്കാരിക പൈതൃകവും വിഷൻ 2030 പദ്ധതിയും മിക്കവരെയും സൗദിയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ചിലതാണ്. ഒരു വിദേശിയെ സംബന്ധിച്ചിടത്തോളം സൗദി പൗരത്വം നേടുകയെന്നത് വളരെ വെല്ലുവിളി നിറ‍ഞ്ഞ കാര്യമാണ്. എന്നാൽ, ഈയിടെ വന്ന ചില മാറ്റങ്ങൾ സൗദിയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലായ ആൾക്കാർക്ക് സൗദി പൗരത്വം നേടുന്നതിനുള്ള പ്രക്രിയകൾ കൂടുതൽ എളുപ്പത്തിലാക്കിയിട്ടുണ്ട്.

പ്രധാനമായും മൂന്ന് കാറ്റ​ഗറിയിലുള്ളവർക്കാണ് സൗദി പൗരത്വം അനുവദിക്കുന്നത്. സൗദി പൗരത്വം നേടിയിട്ടുള്ള മാതാപിതാക്കൾ ഉള്ള കുട്ടികൾ, സൗദി പൗരത്വമുള്ളവർ പങ്കാളികളായുള്ള വിദേശികൾ, മെഡിസിൻ, എൻജിനീയറിങ്, ടെക്നോളജി, കല, കായികം, കൾച്ചർ, ശാസ്ത്രം എന്നീ മേഖലകളിൽ പ്രാവീണ്യം നേടിയിട്ടുള്ള പ്രൊഫഷണലുകൾ എന്നിവർക്കാണ് പൗരത്വം നേടുന്നതിനുള്ള അനുമതി ലഭിക്കുക. പ്രവാസികളായ പ്രൊഫഷണലുകളെ സംബന്ധിച്ചിടത്തോളം ദേശീയ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലുള്ള അവരുടെ സംഭാവനയും പരി​ഗണിക്കുന്നതായിരിക്കും. പൗരത്വം നേടാനായി ഇവർക്ക് കൃത്യമായ യോ​ഗ്യത മാനദണ്ഡങ്ങളും ഉണ്ട്.

സാധുവായ റസി‍ഡൻസി വിസയിൽ കുറഞ്ഞത് 10 വർഷമെങ്കിലും തുടർച്ചയായി സൗദിയിൽ താമസിക്കുന്നയാളായിരിക്കണം, മെഡിസിൻ, എൻജിനീയറിങ്, അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയിൽ പ്രാവീണ്യം നേടിയിട്ടുള്ള ആളായിരിക്കണം, നിയമപരമായി മാത്രം സമ്പാദിക്കുകയും സാമ്പത്തിക സ്ഥിരതയും ഉള്ളയാളായിരിക്കണം, കുറ്റകൃത്യങ്ങൾക്ക് തടവ് അനുഭവിച്ചിട്ടുള്ളയാളോ ക്രിമിനൽ പശ്ചാത്തലം ഉണ്ടാകാനോ പാടില്ല, അറബി ഭാഷയിൽ പ്രവീണ്യമുണ്ടായിരിക്കണം തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ. വിദ്യാഭ്യാസ യോ​ഗ്യത, താമസ കാലയളവ്, സ്വദേശികളുമായുള്ള ബന്ധം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ള പോയിന്റ് സംവിധാനം വഴിയാണ് അപേക്ഷകരെ വിലയിരുത്തുന്നത്. അപേക്ഷകർക്ക് ഏറ്റവും കുറഞ്ഞത് 23 പോയിന്റുകളെങ്കിലും ലഭിച്ചിരിക്കണം. എങ്കിൽ മാത്രമേ കൂടുതൽ വിലയിരുത്തുകൾക്ക് പരി​ഗണിക്കൂ.

സാധുവായ പാസ്പോർട്ട്, റസിഡൻസി വിസ (ഇഖാമ), സൗദിയിൽ തുടർച്ചയായ 10 വർഷത്തോളമായി താമസിക്കുന്നിതിന്റെ രേഖ, വിദ്യാഭ്യാസ യോ​ഗ്യത, മാനസിക, ശാരീരിക ആരോ​ഗ്യം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ക്രമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ്, തൊഴിലുടമയിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് എന്നിവയുണ്ടെങ്കിൽ യോ​ഗ്യരായവർക്ക് സൗദി പൗരത്വത്തിനായി അപേക്ഷിക്കാവുന്നതാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ സിവിൽ അപയേഴ്സ് വിഭാ​ഗം വഴി പൗരത്വത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇരട്ട പൗരത്വത്തിന് സൗദിയിൽ അം​ഗീകാരമില്ല.

By admin