സഹോദരങ്ങളുമായി നടക്കുന്ന സ്വത്ത് തര്‍ക്ക കേസ്; പൊലീസിന്‍റെ എതിര്‍പ്പ് അവഗണിച്ച് കോടതി, മുഹമ്മദ് നിഷാമിന് പരോൾ
കൊച്ചി: സഹോദരങ്ങളുമായി നടക്കുന്ന സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്കായാണ് തൃശൂർ ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിഷാമിന് കോടതി പരോള്‍ അനുവദിച്ചത്. പൊലീസിന്‍റെ എതിര്‍പ്പ് അവഗണിച്ച കോടതി 15 ദിവസത്തെ പരോൾ ആണ് നിഷാമിന് അനുവദിച്ചത്. നിഷാമിന്‍റെ ഭാര്യയാണ് പരോളിനായി ഹൈക്കോടതിയെ സമീപിച്ചത്.
കേരളത്തെ നടുക്കിയ അരുംകൊലയിലെ പ്രതിയാണ് മുഹമ്മദ് നിഷാം. ഗേറ്റ് തുറക്കാന്‍ വൈകിയെന്ന കാരണത്തിന്‍റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊല്ലുകയായിരുന്നു. കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് നിഷാം. പരോള്‍ ആവശ്യപ്പെട്ട് നിഷാം സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ട് എതിരായതിനാല്‍ സര്‍ക്കാര്‍ ആവശ്യം നിരസിച്ചു. ഇതേ കാരണത്താല്‍ പരോള്‍ അപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും തളളി. തുടര്‍ന്നാണ് നിഷാമിന്‍റെ ഭാര്യ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
സഹോദരങ്ങളുമായി നടക്കുന്ന സ്വത്ത് തര്‍ക്കത്തിലെ നിയമ നടപടികള്‍ക്കായി മുപ്പത് ദിവസത്തെ പരോളായിരുന്നു ആവശ്യം. എന്നാല്‍ പതിനഞ്ച് ദിവസത്തെ പരോളാണ് കോടതി അനുവദിച്ചത്. പരോള്‍ വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. ഡിവിഷന്‍ ബെഞ്ചിലും പൊലീസ് നിഷാമിന് പരോള്‍ നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ജയിലിലെ പ്രൊബേഷണറി ഓഫിസര്‍ പരോളിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. 2015 ജനുവരിയിലായിരുന്നു നിഷാം ചന്ദ്രബോസിനെ കൊന്നത്. ഇതിനു മുന്പ് 2021ലാണ് മൂന്നു ദിവസത്തെ പരോള്‍ നിഷാമിന് ലഭിച്ചത്.
ബെംഗളൂരുവിൽ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു; അപകടം ജോലിയിൽ പ്രവേശിച്ച് അധികനാൾ കഴിയുംമുമ്പ്