സംശയം തോന്നി സ്വിഫ്റ്റ് കാർ തടഞ്ഞപ്പോൾ വ്യാജ രജിസ്ട്രേഷൻ, പെരുമാറ്റത്തിലും സംശയം; കഞ്ചാവ് കേസ് പ്രതികൾ പിടിയിൽ
തിരുവനന്തപുരം: വ്യാജ രജിസ്ട്രേഷൻ നമ്പരുള്ള കാറുമായി തൃശൂർ സ്വദേശികൾ വിഴിഞ്ഞം പൊലീസിന്‍റെ പിടിയിലായി. തൃശൂർ സ്വദേശികളായ ശശികുമാർ (55), അനന്തു ബാബു(28) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ ഉച്ചക്കടയിൽ വച്ച് സംശയാസ്പദമായി തോന്നിയ ഇവരുടെ സ്വിഫ്റ്റ് കാർ പരിശോധിച്ചപ്പോഴാണ് വ്യാജ രജിസ്ട്രേഷനാണെന്ന് കണ്ടെത്തിയത്.
തൃശൂരിൽ നിന്നെത്തിയതാണെന്ന് ഇവർ പറയുന്നുണ്ടെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. ഇവർക്കെതിരെ പാലാരിവട്ടം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കഞ്ചാവ് വില്പനയ്ക്ക് കേസ് ഉള്ളതായി പൊലീസ് പറഞ്ഞു. വ്യാജരേഖ ചമച്ചതിന് ഇവർക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരം ലഭ്യമാകൂ.