കൊല്ലം: സുരേഷ് ഗോപിയെ കുറിച്ചുള്ള തൊപ്പി പരാമർശത്തിൽ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന സമരത്തെ പരിഹസിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. പൊലീസ് തൊപ്പിയെ പറ്റി പറഞ്ഞാൽ തൊപ്പിയല്ലേ തനിക്കെതിരെ സമരം ചെയ്യേണ്ടതെന്ന് ഗണേഷ് കുമാർ ചോദിച്ചു. സിനിമാ ഷൂട്ടിങിന് കൊണ്ടുവന്ന ഒരു തൊപ്പിയെ പറ്റിയാണ് താൻ തമാശ പറഞ്ഞത്. അതിനൊക്കെ സമരം ചെയ്യുന്നത് മോശം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. കമ്മീഷണര്‍ എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ കാറിന് പുറകിൽ എസ്‍പിയുടെ തൊപ്പി വെച്ചിരുന്നയാളാണ് സുരേഷ് ഗോപിയെന്നാണ് ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഗണേഷ് കുമാർ പറഞ്ഞതിങ്ങനെ…
“ഒരു വിമർശനവും പാടില്ലേ ഈ നാട്ടിൽ? പൊലീസ് തൊപ്പിയെ പറ്റി പറഞ്ഞാൽ തൊപ്പിയല്ലേ എനിക്കെതിരെ സമരം ചെയ്യേണ്ടത്? ആളുകളെ മനസ്സിലാക്കാൻ നമുക്ക് കിട്ടുന്ന അവസരമാണ് ഇതെല്ലാം. ഉദ്ദേശ്യം സമരമോ പ്രതിഷേധമോ മന്ത്രിയോടുള്ള പിണക്കമോ ഒന്നുമല്ല. സമരത്തിന് വേറെ കാരണമൊന്നും ഇല്ലെങ്കിൽ തൊപ്പി കേസിലും സമരം ചെയ്യാം. പത്തനാപുരത്ത് നടക്കുന്നത് തൊപ്പി സമരമാണ്.
സിനിമ ഷൂട്ടിങ്ങിന് കൊണ്ടുവന്ന ഒരു തൊപ്പിയെ പറ്റിയാണ് ഞാൻ തമാശ പറഞ്ഞത്. അതിനൊക്കെ സമരം ചെയ്യുന്നുവെങ്കിൽ മോശം മോശം എന്നേ പറയാനുള്ളൂ. അപ്പോ അങ്ങനെയൊരു തൊപ്പിയുണ്ടായിരുന്നു എന്ന് സമ്മതിക്കുകയും ചെയ്തു.
ഐപിഎസ് ഉദ്യോഗസ്ഥന്‍റെ തൊപ്പി ചുമ്മാ ഇട്ടു നടക്കാൻ പറ്റുമോ? ഞാൻ ഇട്ടു നടന്നാൽ ശരിയാണോ? നിയമവിരുദ്ധമാണ്. ഷൂട്ടിങിന് വേണ്ടി ഉപയോഗിക്കുന്നത് ശരി. സിനിമയിൽ ഐജി, ഡിജിപി ഒക്കെ ആയിരിക്കും. ആ വേഷവും ഇട്ട് കാറോടിച്ച് പോകാൻ പറ്റുമോ? പൊലീസും എംവിഡിയും പിടിക്കും. ഞാനൊരു നടനാണ്. ഞാനത് ചെയ്യാൻ പാടില്ല. ഞാൻ എന്‍റെ കാര്യമാണ് പറഞ്ഞത്. നമ്മളുപയോഗിക്കാൻ പാടില്ലാത്ത സാധനം എടുത്ത് ഉപയോഗിക്കുന്നത് യൂസ് ആണ് മിസ് യൂസ് ആണോ എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്.
തൊപ്പി എന്ന് പറഞ്ഞൊരാളുണ്ടല്ലോ. അപ്പോ അയാൾക്കും പിണക്കം വരണ്ടേ. ഇതൊന്നും കാര്യമുള്ള കാര്യങ്ങളല്ല.”
സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളെന്ന് ഗണേഷ് കുമാർ
സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്നാണ് കെ ബി ഗണേഷ് കുമാര്‍ ഇന്നലെ പാലക്കാട് പറഞ്ഞത്. സുരേഷ് ഗോപിക്ക് കട്ട് പറയാൻ താൻ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാൽ ജനങ്ങളാണ് കട്ട് പറയേണ്ടതെന്ന് ഗണേഷ് കുമാർ പറഞ്ഞു.
സുരേഷ് ഗോപി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരത് ചന്ദ്രൻ ഐപിഎസ് ആയി അഭിനയിച്ചപ്പോൾ പൊലീസ് തൊപ്പി കാറിന്‍റെ പിന്നിൽ സ്ഥിരമായി വെച്ചിരുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു. സാധാരണ ഉന്നത പൊലീസുകാര്‍ കാറിൽ യാത്ര ചെയ്യുമ്പോള്‍ അവരുടെ തൊപ്പി ഊരി സീറ്റിന്‍റെ പിന്നിൽ വെക്കാറുണ്ട്. അത്തരത്തിൽ സുരേഷ് ഗോപി കുറെക്കാലം എസ്‍പിയുടെ തൊപ്പി കാറിന്‍റെ പിന്നിൽ വെച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു വെച്ചിരുന്നത്. അത്രയേ അദ്ദേഹത്തെക്കുറിച്ച് പറയാനുള്ളൂവെന്നും ഗണേഷ് കുമാർ പരിഹസിച്ചു. മാധ്യമപ്രവര്‍ത്തകരോടുള്ള സുരേഷ് ഗോപിയുടെ സമീപനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഗണേഷ് കുമാര്‍.