ദില്ലി: പുതിയ ഓഫറുകളുമായി ഓണ്‍ലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്. ‘മാക്സ് സേവര്‍’ (maxxsaver) എന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചത്. ഇൻസ്റ്റാമാർട്ടിൽ 999 രൂപയിൽ കൂടുതലുള്ള ഓർഡറിന് ശേഷം ഡിസ്കൌണ്ട് ലഭിക്കും എന്നാണ് കമ്പനിയുടെ അറിയിപ്പ്. 500 രൂപ വരെ ലാഭിക്കാമെന്നാണ് ഓഫർ. ദൈനംദിന ഷോപ്പിങ് കൂടുതല്‍ താങ്ങാനാവുന്നതും ഫലപ്രദവുമാക്കുക എന്നതാണ് ഈ ഫീച്ചറിന്‍റെ ലക്ഷ്യമെന്നും സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സിഇഒ അമിതേഷ് ഝാ അറിയിച്ചു.
ഇൻസ്റ്റാമാർട്ട് സേവനങ്ങൾ ലഭ്യമായ ഇന്ത്യയിലെ 100 സിറ്റികളിലും ഈ ഓഫർ ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ഓരോ ഓര്‍ഡറിലൂടെയും പരമാവധി ലാഭം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സ്വിഗ്ഗി ഇന്‍സ്റ്റാമാർട്ട് സിഇഒ വ്യക്തമാക്കി. ഒരു നിശ്ചിത ഓര്‍ഡറിന് ശേഷം ഉപഭോക്താക്കള്‍ സ്വയമേവ എൻറോള്‍ ചെയ്യപ്പെടുകയും 500 രൂപ വരെ ഡിസ്കൌണ്ട് ലഭിക്കുകയും ചെയ്യുന്ന ഇന്‍-ആപ്പ് ഫീച്ചറാണിത്. വൻതോതിൽ ഒരുമിച്ചുള്ള പർച്ചേസിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ഇന്‍സ്റ്റാമാര്‍ട്ടിന് നിലവില്‍ പലചരക്ക് സാധനങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫാഷന്‍, മേക്കപ്പ് തുടങ്ങി 35000ത്തിലേറെ ഉത്പന്നങ്ങളുടെ വലിയ ശേഖരമുണ്ട്. കഴിഞ്ഞ മാസം മുതൽ സ്മാർട്ട് ഫോണുകളും വിതരണം ചെയ്യുന്നുണ്ട്. ഇൻസ്റ്റാമാർട്ടിൽ ഓർഡർ ചെയ്താൽ 10 മിനിട്ടിനുള്ളിൽ ഡെലിവറി എന്ന വാഗ്ദാനത്തിന് മാറ്റമൊന്നുമില്ലെന്നും സ്വിഗ്ഗി അറിയിച്ചു.
ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ 3993 കോടി രൂപയുടെ ഓപ്പറേറ്റിങ് റവന്യൂ സ്വിഗ്ഗി നേടിയെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ ക്വിക്ക് കൊമേഴ്‌സ് വിപണി 2030 ആകുമ്പോഴേക്കും 42 ബില്യൺ ഡോളറിനും 55 ബില്യൺ ഡോളറിനും ഇടയിൽ വളരുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ സമീപകാല റിപ്പോർട്ട് പറയുന്നത്.
Gold Rate Today: ഇടിവ് തുടരുന്നു, സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം; പവന്റെ ഇന്നത്തെ വില അറിയാം