സിനിമകളുടെ ഓഡിയോ മാര്‍ക്കറ്റ് ഒരു കാലത്ത് വിപുലമായിരുന്നു. ഇന്‍റര്‍നെറ്റിന് മുന്‍പുള്ള കാലത്ത് ഓഡിയോ കാസറ്റുകളും പിന്നീട് സിഡികളുമൊക്കെ ധാരാളമായി വിറ്റിരുന്നു. എന്നാല്‍ ഇന്ന് അവയെല്ലാം ഓണ്‍ലൈന്‍ ആയി ലഭ്യമായതോടെ അത്തരത്തിലുള്ള വില്‍പനകള്‍ ഇല്ലാതെയായി. അതേസമയം മ്യൂസിക് ആപ്പുകളും മറ്റും സബ്സ്ക്രിപ്ഷനില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. പ്രേക്ഷകര്‍ പാട്ടുകള്‍ കേള്‍ക്കുന്ന രീതി മാറിയെങ്കിലും ഓഡിയോ റൈറ്റ്സ് ഇനത്തില്‍ ഇന്നും നിര്‍മ്മാതാക്കള്‍ക്ക് വരുമാനമുണ്ട്. എന്നാല്‍ അങ്ങനെ ലഭിക്കുന്ന തുകയില്‍ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍ ഒരു തെലുങ്ക് ചിത്രം.
ബുച്ചി ബാബു സന രചനയും സംവിധാനവും നിര്‍വ്വഹിച്ച് രാം ചരണ്‍ നായകനാവുന്ന പെഡ്ഡി എന്ന ചിത്രമാണ് ലഭിച്ച ഓഡിയോ റൈറ്റ്സ് തുകയുടെ പേരില്‍ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നത്. തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഓഡിയോ റൈറ്റ്സ് ഇനത്തില്‍ ചിത്രം നേടിയിരിക്കുന്നത് 25 കോടിയാണ്. പ്രമുഖ കമ്പനിയായ ടി സിരീസ് ആണ് ചിത്രത്തിന്‍റെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ബഹുഭാഷകളില്‍ എത്തുന്ന ചിത്രത്തിന്‍റെ എല്ലാ ഭാഷകളിലെയും ഓഡിയോ റൈറ്റ്സിന് ചേര്‍ത്തുള്ളതാണ് ഈ തുക. ഒരു രാം ചരണ്‍ ചിത്രത്തിന് ഇതുവരെ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഓഡിയോ റൈറ്റ്സ് തുകയാണ് ഇത്.
ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്‍മാന്‍ ആണ്. ജാന്‍വി കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ ശിവ രാജ്‍കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദേവരയിലൂടെ തെലുങ്കില്‍ അരങ്ങേറിയ ജാന്‍വി കപൂറിന്‍റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഇത്. ഗെയിം ചേഞ്ചറിന്‍റെ പരാജയത്തിന് ശേഷം എത്തുന്ന രാം ചരണ്‍ ചിത്രവുമാണ് പെഡ്ഡി. അതിനാല്‍ത്തന്നെ വിജയമല്ലാതെ മറ്റൊന്നും ഇതിലൂടെ അദ്ദേഹം ലക്ഷ്യമാക്കുന്നില്ല.