യുക്രൈയ്നിൽ ഒരു തീരുമാനം വേണമെന്ന് യുഎസ്; മൌനം തുടർന്ന് റഷ്യ

യുക്രൈയ്നിൽ ഒരു തീരുമാനം വേണമെന്ന് യുഎസ്; മൌനം തുടർന്ന് റഷ്യ

 

മേരിക്കൻ പ്രസിഡന്‍റിന് റഷ്യൻ പ്രസിഡന്‍റിന്‍റെ തന്ത്രങ്ങൾ മനസിലായിരിക്കുന്നു എന്നാണ് സൂചന. ചർച്ചകൾ നീട്ടിനീട്ടി കൊണ്ടുപോവാനുള്ള കെണിയിൽ  പ്രസിഡന്‍റ് വീഴില്ലെന്ന് പറഞ്ഞത് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയാണ്. അത്ര തൃപ്തിയില്ല തനിക്ക് എന്ന് അമേരിക്കൻ പ്രസിഡന്‍റ് തന്നെ പരസ്യമാക്കി.

സെലൻസ്കിയെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പുടിൻ ആവശ്യപ്പെട്ടതാണ് ട്രംപിന്‍റെ അതൃപ്തിക്ക് തുടക്കമിട്ടത്. സെലൻസ്കിയോട് താൽപര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ധാരണയിലെത്തിയേ തീരൂവെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്‍റിന്‍റെ ക്ഷമ നശിച്ചുവെന്ന് ഫിൻലന്‍റ് പ്രസിഡന്‍റും പറഞ്ഞു, ഒരു ഗോൾഫ് കളിക്ക് ശേഷം. റഷ്യൻ എണ്ണക്കയറ്റുമതിയിൽ 50 ചുങ്കം എന്ന ഭീഷണി വന്നത് ഈ സാഹചര്യത്തിലാണ്. റഷ്യൻ എണ്ണയോ മറ്റെന്തെങ്കിലുമോ വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം ചുങ്കം എന്ന ബിൽ തയ്യാറാക്കി രണ്ട് പാർട്ടികളിൽ നിന്നുമുള്ള സെനറ്റർമാർ.  അതോടെ ക്രെംലിന്‍റെ സ്വഭാവം മാറി.

അതുവരെ ട്രംപ് സർക്കാരിനെ പ്രകീർത്തിച്ചിരുന്ന റഷ്യൻ പത്രങ്ങൾ പരിചയക്കുറവ്, അപക്വം എന്നൊക്കെ കുറ്റപ്പെടുത്താൻ തുടങ്ങി. ട്രംപിന്‍റെ സ്വഭാവത്തിന് സ്ഥിരതയില്ലെന്ന് ആരോപിച്ചു. പക്ഷേ, ചുങ്കപ്പട്ടികയിൽ റഷ്യയെ ഉൾപ്പെടുത്തിയില്ല ട്രംപ്. പകരം ഒരു ക്രെംലിൻ ഉദ്യോഗസ്ഥന് ഉപരോധം നീക്കിക്കൊടുത്തു. അതുകഴിഞ്ഞാണ് മാർക്കോ റൂബിയോയുടെ മുന്നറിയിപ്പ് വന്നത്. ഒന്നോ രണ്ടോ ആഴ്ചക്കകം അറിയാം റഷ്യക്ക് സമാധാനത്തിൽ താൽപര്യമുണ്ടോ എന്ന് റൂബിയോ അറിയിച്ചു. നേറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയാണ് റൂബിയോയുടെ വാക്കുകൾ. ബ്രിട്ടിഷ്, ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാരും ഈ അഭിപ്രായം ആവർത്തിച്ചു. മുഖം രക്ഷിക്കാനുള്ള അവസരമാണിത് പുടിനെന്നും പ്രയോജനപ്പെടുത്തിയില്ലെങ്കിൽ അമേരിക്കയുടെ നിലപാട് മാറുമെന്നും പോളിഷ് വിദേശകാര്യ മന്ത്രി പറഞ്ഞു.

Read More: യുക്രൈയ്നില്‍ യുഎന്‍ ഭരണം ആവശ്യപ്പെട്ട് പുടിന്‍; തന്ത്രം, ശ്രദ്ധ മാറ്റുക!

യുക്രൈയ്നിൽ ഒരു തീരുമാനം വേണമെന്ന് യുഎസ്; മൌനം തുടർന്ന് റഷ്യ

Read More: പുടിന് വിധേയനായ ട്രംപ്; മൂന്നാം ലോക മഹായുദ്ധത്തിന് വഴി തെളിയുകയാണോ?

തെരഞ്ഞെടുപ്പ് സാധ്യത

അതിനിടെ യുക്രെയ്നിൽ തെരഞ്ഞെടുപ്പ് പരിഗണിക്കുന്നു എന്ന വാർത്തയും പ്രചരിക്കുന്നുണ്ട്. ബിബിസി റിപ്പോർട്ടനുസരിച്ച് ഈ വർഷം തന്നെ തെരഞ്ഞെടുപ്പ് എന്നാണ് സൂചന. യുക്രൈയ്ന്‍റെ മുൻ സൈനിക മേധാവി, യുകെ അംബാസിഡർ വാർത്ത നിഷേധിച്ചത് സാധ്യത കൂടുതൽ ശക്തമാക്കുകയാണ് ചെയ്തത്. വെടിനിർത്തൽ നിലവിൽ വന്നാലുടൻ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ നടത്താൻ സെലൻസ്കി നിർദ്ദേശിച്ചുവെന്നും റിപ്പോർട്ടുണ്ട്. കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സെലൻസ്കിയുടെ ജനപ്രീതി കൂടിയതാണ്. ട്രംപുമായുള്ള ഏറ്റുമുട്ടലിന് ശേഷമാണ് കണക്കുകൾ കൂടുതൽ അനുകൂലമായത്. ഒരു രണ്ടാമൂഴമായിരിക്കണം സെലൻസ്കിയുടെ ലക്ഷ്യം.

മേയ്യിൽ സൈനിക നിയമ കാലാവധി അവസാനിക്കും. അപ്പോഴക്ക് വേണമെങ്കിൽ തെരഞ്ഞെടുപ്പ് നടത്താം. അമേരിക്കയുടെ യുക്രൈയ്ൻ മധ്യസ്ഥൻ വിറ്റ്കോഫിന്‍റെ അഭിപ്രായവും തെരഞ്ഞെടുപ്പ് നടക്കുമെന്നാണ്. അഭയാർത്ഥികളായി അന്യരാജ്യങ്ങളിൽ കഴിയുന്നവരുടെ വോട്ടാണ് പ്രതിസന്ധി. അത് ആപ്പ് വഴിയാക്കാം, യൂറോവിഷൻ സോങ് കോൺടെസ്റ്റില്‍ (Eurovision Song Contest) വോട്ട് ചെയ്തത് അങ്ങനെയാണ്. വെടിനിർത്തൽ നി‍ർദ്ദേശം മുന്നോട്ടുവച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു. റഷ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ആക്രമണം തുടരുകയുമാണ്. ഇനിയധികം സമയം ശേഷിക്കുന്നില്ലെന്ന അമേരിക്കയുടെ മുന്നറിയിപ്പ് ക്രെംലിൻ ഗൗരവമായെടുക്കുമോ അതോ അതിനെയും മറികടക്കാൻ തന്ത്രങ്ങൾ കണ്ടെത്തുമോ എന്നാണിനി അറിയാനുള്ളത്.
 

By admin