മുറിച്ച് വെച്ച പഴവർഗ്ഗങ്ങൾക്ക് ചുറ്റും ഈച്ച ശല്യമുണ്ടോ? ഇത്രയും ചെയ്താൽ മതി 

മുറിച്ച് വെച്ച പഴവർഗ്ഗങ്ങൾ കുറച്ച് കഴിയുമ്പോൾ നിറം ബ്രൗൺ ആവുകയും രുചിയിൽ വ്യത്യാസം വരുകയും ചെയ്യാറുണ്ട്. എല്ലാ വീടുകളിലെയും സ്ഥിരം കാഴ്ച്ചയാണ് ഇത്. ഇതിന് കാരണം പഴവർഗ്ഗങ്ങളിൽ വന്നിരിക്കുന്ന ഈച്ചയാണ്. മുറിച്ചുവെച്ച പഴവർഗ്ഗങ്ങളിൽ ഈച്ച വരാതിരിക്കാൻ ഇത്രയും കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ മതി. അവ എന്തൊക്കെയാണെന്ന് അറിയാം.

എപ്പോഴും വൃത്തിയായി സൂക്ഷിക്കാം 

ഈച്ചകൾ വരാതിരിക്കാൻ പ്രധാനമായും ചെയ്യേണ്ടത് അവയെ ആകർഷിക്കുന്ന കാര്യങ്ങളിൽ നിന്നും അകറ്റിനിർത്തുകയാണ്. ചിലപ്പോൾ അത് മലിനമായ ഭക്ഷണമാകാം. അല്ലെങ്കിൽ അഴുക്ക് പിടിച്ച സിങ്കുമാകാം. അതിനാൽ തന്നെ എപ്പോഴും വൃത്തിയായി സാധനങ്ങൾ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങൾ വീടിന് അകത്ത് സൂക്ഷിക്കാതെ പെട്ടെന്ന് ഒഴിവാക്കുക, ഭക്ഷണാവശിഷ്ടങ്ങൾ ഉള്ള സ്ഥലങ്ങൾ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ പ്രാണികളും ഈച്ചകളും വരുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കും.

വേസ്റ്റ് ബിൻ 

ചവറ്റുകുട്ടയിൽ മാലിന്യം നിറഞ്ഞാൽ അവ എളുപ്പത്തിൽ നീക്കം ചെയ്ത് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ചവറുകൾ നിറഞ്ഞിരുന്നാൽ പലതരം പ്രാണികളും ഈച്ചകളും അതിലേക്ക് ആകർഷണമാവുകയും പുറത്തേക്ക് പോകാതിരിക്കുകയും ചെയ്യുന്നു. കൂടാതെ ചവറ്റുകുട്ട എപ്പോഴും അടച്ച് സൂക്ഷിക്കാനും ശ്രദ്ധിക്കണം. 

ഫ്രിഡ്ജിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം 

അമിതമായി പഴുത്തുപോയ പഴവർഗ്ഗങ്ങൾ അടുക്കളയിലോ ഫ്രിഡ്ജിലോ സൂക്ഷിക്കാൻ പാടില്ല. എന്ത് തരം ഭക്ഷണങ്ങൾ ആയാലും അവ അടുക്കളയിൽ തുറന്നുവെക്കാതിരിക്കാം. ഭക്ഷണ സാധനങ്ങൾ എപ്പോഴും വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്.

ഡ്രെയിൻ വൃത്തിയാക്കി സൂക്ഷിക്കാം 

അഴുക്കുള്ള സ്ഥലങ്ങളിലാണ് പ്രാണികൾ പെറ്റുപെരുകുന്നത്. ഈ പ്രാണികൾ പിന്നീട് ഭക്ഷണ സാധനങ്ങളിൽ വന്നിരിക്കുകയും ചെയ്യും. അതിനാൽ തന്നെ എപ്പോഴും ഡ്രെയിനുകൾ വൃത്തിയാക്കി സൂക്ഷിക്കേണ്ടതുണ്ട്. ബേക്കിംഗ് സോഡ, വിനാഗിരി എന്നിവയ്‌ക്കൊപ്പം ചൂടുവെള്ളം ചേർത്ത് ഒഴിച്ചാൽ ഡ്രെയിനിൽ അടിഞ്ഞുകൂടിയ അഴുക്കുകൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. ഇത് പ്രാണികൾ വരുന്നത് തടയുകയും ചെയ്യുന്നു. 

ഇനി ഉപയോഗിച്ച വെള്ളരിയുടെ തൊലി കളയേണ്ട; കാരണം ഇതാണ്

By admin