മകളെ പിച്ചിച്ചീന്തിയവനെ വിധിക്ക് വിട്ടുകൊടുക്കാത്ത അച്ഛൻ,  കൃഷ്ണപ്രിയയുടെ ഓർമകളും പേറി ജീവിച്ച ശങ്കരനാരായണൻ

കൃഷ്ണപ്രിയയുടെ അച്ഛൻ എന്ന ഒറ്റ വിശേഷണം കൊണ്ടുതന്നെ കേരളമാകെ ഓർക്കുന്ന വ്യക്തിയായിരുന്നു മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ. പിഞ്ചുമകളുടെ ഘാതകനെ വിധിക്ക് വിട്ടുകൊടുത്താതെ ഒറ്റവെടിയുണ്ടയിൽ അവസാനിപ്പിച്ച അച്ഛനെ മലയാളികൾ ഏറെക്കാലം ചർച്ച ചെയ്തു. ഒടുവിൽ 75-ാം വയസ്സിൽ മകളുടെ ഓർമകളും പേറി ആ അച്ഛൻ വിടവാങ്ങിയിരിക്കുന്നു.

രണ്ടര പതിറ്റാണ്ടായെങ്കിലും അത്രപെട്ടെന്നൊന്നും കേരളത്തിന് മറക്കാൻ കഴിയാത്ത ദിവസമാണ് 2001 ഫെബ്രവരി ഒൻപത്. മഞ്ചേരി എളങ്കൂരിൽ ഏഴാം ക്ലാസുകാരിയായ കൃഷ്ണപ്രിയ സ്‌കൂൾ വിട്ടുവരികയായിരുന്നു. പ്രായം വെറും 13 വയസ്സ്. അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) ബലാത്സം​ഗം ചെയ്ത ശേഷം കൃഷ്ണപ്രിയയെ ക്രൂരമായി കൊലപ്പെടുത്തി. വാർത്ത കാട്ടുതീ പോലെ പടർന്നു.

അക്കാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു കൃഷ്ണപ്രിയ വധം. മാധ്യമങ്ങൾ വലിയ രീതിയിൽ കൃഷ്ണപ്രിയ വധത്തിന് പ്രാധാന്യം നൽകി.  പൊലീസ് ജാഗ്രതയോടെ പ്രവർത്തിച്ചു. വൈകാതെ തന്നെ പ്രതി വലയിലായി. തെളിവുകൾ നിരത്തി പ്രതിയെ കോടതി ശിക്ഷിക്കുകയും ചെയ്തു. ഒരുപാട് കേട്ട പീഡന വാർത്തകൾ പോലെ തീരുമായിരുന്ന ഈ കേസ് പക്ഷെ ഒരച്ഛന്റെ കയ്പ്പുനിറഞ്ഞ കണ്ണീരിന്റെ പക തീർത്തതോടെ മറ്റൊരു അധ്യായത്തിലേക്ക് കടക്കുകയായിരുന്നു. കോടതി ശിക്ഷിച്ച പ്രതിക്ക് കൃഷ്ണ പ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ കാത്തുവെച്ചത് മറ്റൊരു ശിക്ഷയായിരുന്നു.  

ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലായ് 27ന് വെടിയേറ്റ് കൊല്ലപ്പെട്ടു. മുഹമ്മദ് കോയ വെടിയേറ്റ് മരിച്ചുവെന്നും കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ പൊലീസിനു കീഴടങ്ങിയന്നും വാർത്ത പരന്നു. കണ്ണീരിന്റെ കയ്പ്പുമായി രാവുകൾ തള്ളിനീക്കിയ ഒരച്ഛൻ ശങ്കരനാരായണൻ ഹീറോ എന്ന കഥാപാത്രത്തിലേക്ക് മാറി. മകളുടെ മരണശേഷം അതീവദുഃഖിതനായിരുന്നു ശങ്കരനാരായണൻ. പക്ഷേ മനസ്സില്‍ അടങ്ങാത്ത പകയും. 

Read More… കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ വിടവാങ്ങി

സംഭവത്തിന് ശേഷം മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പ്രതികളെയും ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചത്. എന്നാൽ ശങ്കരനാരായണനെ 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു. മൃതശരീരം വീണ്ടെടുക്കുന്നതിൽ പൊലീസിനു വീഴ്ച പറ്റിയെന്നും ക്രിമിനൽ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്നും കാണിച്ചാണ് കോടതി അന്ന് അദ്ദേഹത്തെ വെറുതെ വിട്ടത്.

കൃഷ്ണപ്രിയ മരിച്ചശേഷം കണ്ണീരില്ലാതെ ഒരു ദിവസം പോലും ശങ്കരനാരായണന്‍റെ ദിവസം കടന്നുപോയിട്ടില്ല. മരിക്കുന്നത് വരെ തന്റെ ഓമന മകളായ കൃഷ്ടപ്രിയയെ കുറിച്ചാണ് സംസാരമെന്നും അയൽവാസികൾ പറയുന്നു.  

By admin