“മലയാളത്തിൻ്റെ സ്റ്റൈൽ ഐക്കണെ എനിക്ക് മുന്നിൽ കിട്ടിയാൽ ഞാനെന്തിന് കുറയ്ക്കണം…”
നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ബസൂക്ക ഏപ്രിൽ പത്തിന് എത്തുകയാണ്. ഗെയിം ത്രില്ലർ ഴോൺറയിൽ കഥ പറയുന്ന ചിത്രത്തെക്കുറിച്ച് പല വ്യാഖ്യാനങ്ങളാണ് സോഷ്യൽ മീഡിയയിൽ. മമ്മൂട്ടി കൈപിടിച്ച് സംവിധായകനാക്കിയ ഡീനോ പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിൻ്റെ മകനാണ്.
ഔട്ട് ആൻഡ് ഔട്ട് സ്റ്റൈലിഷാകും ബസൂക്ക. മമ്മൂട്ടിയെ സ്നേഹിക്കുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന ആത്മവിശ്വാസമാണ് ഡിനോ പങ്കുവെച്ചത്. പെർഫെക്ഷനിസ്റ്റായ തന്നെ ചേർത്തു നിർത്തിയ മമ്മൂട്ടിയെക്കുറിച്ചും എമ്പുരാൻ സാഹചര്യത്തിലെത്തുന്ന മമ്മൂട്ടി ചിത്രമെന്ന ആശങ്കയെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് മനസ് തുറക്കുകയാണ് സംവിധായകൻ.
ബസൂക്ക ഗണ്ണിലെ ബസൂക്ക?
ഗെയിമിങ് ബാക്ക് ഡ്രോപ്പിലുള്ളതാണ് സിനിമ. കഥ നടക്കുന്നത് ഇവിടെ തന്നെയാണ്, ഫാനറസിയൊന്നുമല്ല. പല ആളുകൾ പല തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. അതൊക്കെ സിനിമകണ്ട് മനസിലാക്കട്ടെ. എല്ലാ മനുഷ്യർക്കും കണക്ട് ആകുന്ന തരത്തിലാണ് സിനിമയുടെ പശ്ചാത്തലം. പഞ്ചുള്ള പേര് വേണമെന്നുണ്ടായിരുന്നു. ബസൂക്ക ഗണ്ണുമായി പേരിന് ബന്ധമുണ്ടോ എന്നും എന്താണ് ബസൂക്ക എന്നും സിനിമ കണ്ടാലേ മനസിലാകൂ.
ഔട്ട് ആൻഡ് ഔട്ട് സ്റ്റൈലിഷ്
സ്റ്റൈലിങ്ങിന് സ്കോപ്പുള്ള സിനിമയാണ് ബസൂക്ക. മലയാള സിനിമയിലെ സ്റ്റൈൽ ഐക്കണിൻ്റെ ഡേറ്റ് കിട്ടുമ്പോൾ അത് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നമ്മുടെ സബ്ജക്ടും അത് ഡിമാൻഡ് ചെയ്യുമ്പോൾ മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.
പല ലുക്കുകളും മമ്മൂക്കയുമായി ഷെയർ ചെയ്തിരുന്നു. ഞാൻ മുമ്പ് മുടി വളർത്തി പോണി ടെയിൽ ഒക്കെ കെട്ടുമായിരുന്നു. ലുക്ക് ടെസ്റ്റ് നടന്നുവരുമ്പോൾ മമ്മൂക്കയ്ക്ക് പിന്നിൽ അല്പം മുടിയുണ്ട്. പോണി കെട്ടിയാൽ എങ്ങനെയുണ്ടാകുമെന്ന് നോക്കി. മമ്മൂക്ക രണ്ട് മൂന്ന് സ്റ്റൈലിൽ അത് ചെയ്ത് കാണിച്ചപ്പോൾ, നമ്മൾ ഉദ്ദേശിച്ചത് കിട്ടിയെന്ന് മനസിലായി. മമ്മൂക്ക ഒരുപാട് സൺഗ്ലാസുകൾ ബസൂക്കയിൽ ഉപയോഗിച്ചിട്ടുണ്ട്. ഒരുപാട് കോസ്റ്റ്യൂം റെഫറൻസുകൾ എടുത്ത് ദുബായിൽ നിന്നൊക്കെ പർച്ചേസ് ചെയ്ത് അതേലുക്കുകൾ റീക്രിയേറ്റ് ചെയ്തു.
കോസ്റ്റ്യൂമിലും ഔട്ട് ലുക്കിലുമെല്ലാം എല്ലാ അഭിനേതാക്കൾക്കും മമ്മൂക്കയ്ക്കൊപ്പം സ്റ്റൈൽ കൊടുത്തിട്ടുണ്ട്. എല്ലാ അഭിനേതാക്കൾക്കും ഒരു ആറ്റിറ്റ്യൂഡും സ്റ്റൈലും ഉണ്ട്. അതിനു പ്രത്യേകം സമയം എടുത്താണ് അങ്ങനെ ചെയ്തെടുത്തത്. അത് പ്രതീക്ഷിച്ച് തന്നെ സിനിമ കാണാം.
അപ്രതീക്ഷിതമായി കിട്ടിയ അവസരം
എങ്ങനെയെങ്കിലും സിനിമയിൽ കയറണമെന്നായിരുന്നു ആഗ്രഹം. നേരത്തെ മുതൽ ചെറുകഥകൾ എഴുതുമായിരുന്നു. ആ ആത്മവിശ്വാസത്തിലാണ് തുടങ്ങുന്നത്. അഞ്ച് വർത്തോളമായി മനസിലുള്ള സബ്ജക്ട് ആണ്. മൂന്ന് വർഷത്തോളമെടുത്ത് പൂർത്തിയാക്കിയതാണ് ബസൂക്കയുടെ തിരക്കഥ. മമ്മൂക്കയെ നായകനാക്കി ആദ്യ സിനിമ ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. മറ്റ് പല യുവതാരങ്ങളെയും സമീപിച്ചു. അപ്രതീക്ഷിതമായാണ് മമ്മൂക്കയോട് കഥ പറയാൻ അവസരം ലഭിക്കുന്നത്.
കൊവിഡിന് മുമ്പ് 2019ലാണ് മമ്മൂക്കയോട് കഥ പറയുന്നത്. അഞ്ച് മിനിറ്റിൽ തീർക്കാനായിരുന്നു ആവശ്യം. പറ്റില്ലെന്നായിരുന്നു എൻ്റെ മറുപടി. അഞ്ചു മിനിറ്റിൽ കഥ പറഞ്ഞാൽ കണക്ടാവില്ലെന്ന് എനിക്ക് അറിയാമായിരുന്നു. നന്നായി കഥ നരേറ്റ് ചെയ്യാനാകുമെന്നതായിരുന്നു എൻ്റെ കോൺഫിഡൻസ്. ഫസ്റ്റ് ഹാഫ് കഥ കേട്ട മമ്മൂക്ക ബാക്കി കൂടി പറയാൻ പറഞ്ഞു. അവസാനം രണ്ട് മണിക്കൂറെടുത്ത് മമ്മൂക്കയോട് കഥ പറഞ്ഞു.
സംവിധായകനാകാൻ ഉദ്ദേശ്യമില്ലായിരുന്നു. എഴുത്തുകാരനാകുമ്പോൾ മറ്റൊന്നും ചിന്തിക്കേണ്ട എഴുതുന്ന ഉത്തരവാദിത്വം മാത്രമേയുള്ളൂ എന്നാണ് കണക്ക് കുട്ടിയത്. എങ്ങനെയെങ്കിലും നല്ലൊരു സംവിധായകൻ ഈ സിനിമ ചെയ്യണം എന്നായിരുന്നു ആഗ്രഹം. പലരെയും പ്രൊജക്ടിലേയ്ക്ക് ചിന്തിച്ചു. ഒന്നു രണ്ടുപേരെ മമ്മൂക്കയിലേയ്ക്ക് എത്തിച്ചപ്പോൾ പറയാം എന്നു പറഞ്ഞു. പിന്നീട് നീ തന്നെ ചെയ്താൽ മതിയെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. സന്തോഷത്തേക്കാൾ കൂടുതൽ എനിക്കത് വലിയ ടെൻഷനായിപ്പോയി. സിമ്പിളായി സിനിമയിൽ കയറാനുള്ള ഐഡിയയാണ് പാളിയത്.
ഈ സിനിമ ഞാൻ എഴുതിക്കോളാം അടുത്തതിൽ സംവിധാനം കൂടി നോക്കാമെന്ന് പറഞ്ഞിട്ട് മമ്മൂക്ക വിടുന്ന മട്ടില്ല. അച്ഛനും സംവിധാനം മറ്റൊരാൾ ചെയ്യട്ടേയെന്ന അഭിപ്രായമായിരുന്നു. മമ്മൂക്കയെ വച്ച് ആദ്യത്തെ പടം ചെയ്യുന്നതിൽ അദ്ദേഹത്തിനും ടെൻഷനുണ്ടായിരുന്നിരിക്കണം. കുടുംബത്തിലും സുഹൃത്തക്കൾക്കിടയിലുമൊക്കെ ചർച്ച ചെയ്ത് ഒടുവിൽ ആ ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു.
തയ്യാറെടുപ്പുകൾ
പിന്നെ ഞാൻ കൂടുതൽ സിനിമകളെ നിരീക്ഷിക്കാനും പഠിക്കാനും തുടങ്ങി. പക്കാ ഷോർട്ട് ഡിവിഷനൊക്കെ ചെയ്തു. ഷോർട്ട് മൂവികളും, ചില ടെലിവിഷൻ പരസ്യങ്ങളും ചെയ്തിട്ടുണ്ട്. മുൻ പരിചയമായുള്ളത് അതാണ്. അസിസ്റ്റൻഡ് ഡയറക്ടറായിട്ടില്ല, പക്ഷേ സംവിധായകർക്കൊപ്പം നിന്ന് പഠിച്ചു. പ്രൊജക്ട് തുടങ്ങുന്നത് കുറച്ചൊന്ന് വൈകിയപ്പോഴാണ് കൊവിഡ് വരുന്നത്. എനിക്കത് ഒരുതരത്തിൽ വലിയ അനുഗ്രഹമായി. സ്ക്രിപ്റ്റിന്മേൽ വിണ്ടും ഇരിക്കാനും ഏറ്റവും നല്ലതെന്ന് തോന്നും വരെ മാറ്റങ്ങൾ കൊണ്ടുവരാനും സമയം കിട്ടി. ആ സമയത്താണ് ഛായാഗ്രാഹകൻ നിമിഷ് രവി പ്രൊജക്ടിലേയ്ക്ക് എത്തുന്നത്. ഞങ്ങൾ ഓരോ സീനും ഷോട്ടും പ്ലാൻ ചെയ്ത് പ്രിപ്പയർ ചെയ്താണ് ബസൂക്ക ഷൂട്ടിലേയ്ക്ക് പോയത്.
മമ്മൂട്ടി ഇംപ്രസ്ഡ്
എത്ര പ്ലാനിങ് ഉണ്ടെങ്കിലും സിനിമ തുടങ്ങി ഒരു സീൻ എടുത്താലല്ലേ മനസിലാകൂ. ആദ്യത്തെ സീനുകളൊക്കെ താരതമ്യേന പുതുമുഖങ്ങളായ അഭിനേതാക്കൾക്കൊപ്പമായിരുന്നു. ഷൂട്ട് തുടങ്ങി മൂന്ന് ദിവസങ്ങൾ കഴിഞ്ഞാണ് മമ്മൂക്ക സെറ്റിൽ എത്തുന്നത്. ആദ്യ സീനിൽ അദ്ദേഹം ഇംപ്രസ്ഡ് ആയില്ലെങ്കിൽ സിനിമയെ മൊത്തത്തിൽ ബാധിക്കും, അതായി പിന്നീടുള്ള ടെൻഷൻ. മമ്മൂക്കയുടെ സീനുകളിലെ ഷോട്ട് ഡിവിഷൻ പക്കാ പ്ലാൻഡ് ആയിരുന്നു.
മമ്മൂക്കയുടെ അടുത്താണെങ്കിലും എനിക്ക് വർക്കായില്ലയെങ്കിൽ അത് അങ്ങനെതന്നെ പറയുമായിരുന്നു. കാരണം കൃത്യമായി പറഞ്ഞാൽ അദ്ദേഹം എത്ര ടേക്കിനും ഓക്കേ ആണ്. വിചാരിച്ച സമയത്തിനു മുമ്പേ തീർത്ത് മമ്മൂക്കയെ ഫ്രീയാക്കാനായതും പ്ലസ് പോയിൻ്റ് ആയി. അദ്ദേഹത്തിൻ്റെ ടീമിൽ നിന്നും നമുക്കതിൽ അഭിനന്ദനം കിട്ടി.
ഞാനൊരു പെർഫെക്ഷനിസ്റ്റ് ആണ്. അത്രപെട്ടെന്നൊന്നും ഇവനെ തൃപ്തിപ്പെടുത്താനാകില്ലെന്ന് പറയും മമ്മൂക്ക. സിനിമയിലേയ്ക്ക് വരുമ്പോൾ അത് ഒരേസമയം നല്ലതും ചീത്തയുമാണ്. ഇപ്പോൾ സ്ക്രോറിങ് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്തെങ്കിലും എൻ്റെ മനസിൽ പതിഞ്ഞാൻ ചെറിയൊരു മാറ്റം പോലും എന്നെ അസ്വസ്ഥനാക്കും. ഞാൻ പ്രതീക്ഷിക്കുന്നത് തന്നെ വേണമെന്ന വാശിയുള്ളയാളാണ്.
ജിവിഎം
ഗൗതം വാസുദേവ് മേനോൻ എൻ്റെ സിനിമ പ്രേമം തുടങ്ങുന്ന കാലത്തെ തന്നെ പ്രിയപ്പെട്ടയാളാണ്. തമിഴ് സിനിമയിൽ പല മാറ്റങ്ങളും കൊണ്ടുവന്നയാൾ. എന്നാൽ അദ്ദേഹം സെറ്റിൽ സംവിധായകൻ്റെ അഭിനേതാവാണ്, ഡൗൺ ടു എർത്ത് ആയ മനുഷ്യൻ. ഞെട്ടിച്ചുകളഞ്ഞത്, മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ടെൻഷൻ ആണ് എന്ന് പറഞ്ഞപ്പോഴാണ്.
ജിവിഎമ്മിന് മമ്മൂക്കയുമായാണ് ആദ്യത്തെ സീൻ. ആദ്യത്തെ ദിവസം തന്നെ ഇങ്ങനെ ചാർട്ട് ചെയ്തിരിക്കുന്നത് എന്തിനാണ് താനൊന്ന് റിലാക്സ്ഡ് ആയിട്ട് പോരേ എന്ന് ചോദിച്ചു. ആ സീൻ അന്ന് പൂർത്തിയാക്കേണ്ടതായിരുന്നു. കമൽ ഹാസനെയും അജിത്തിനെയുമെല്ലാം വച്ച് സിനിമ ചെയ്ത അദ്ദേഹത്തിന് എന്തിനാണ് ടെൻഷൻ എന്ന് ഞാൻ ചോദിച്ചു. അതുപോലെയല്ല, ഇത് മമ്മൂട്ടി സാറിനൊപ്പമുള്ള കോമ്പിനേഷനിൽ ടെൻഷനുണ്ട് എന്നായിരുന്നു മറുപടി. ഇത് കേട്ടപ്പോൾ അദ്ദേഹത്തെ സംവിധാനം ചെയ്യാനുള്ള എൻ്റെ പേടി നന്നായി കുറഞ്ഞു. ഡയലോഗുകൾ ചെയ്യുന്നതിൽ അദ്ദേഹത്തിന് ഒരു പ്രത്യേക മിടുക്കുണ്ട്. കോണ്ടക്സ്റ്റോ ഗ്രാമറോ വ്യത്യാസം വന്നാൽ ജിവിഎം അത് കൃത്യമായി പറഞ്ഞു തരും.
കലൂർ ഡെന്നീസിൻ്റെ മകൻ
ബികോം, എംബിഎ ആണ് പഠിച്ചത്. ചെറിയ ചില ജോലികൾ ചെയ്തിട്ടുണ്ടെങ്കിലും സിനിമ തന്നെയായിരുന്നു മോഹം. ചെറുപ്പം മുതൽ കാണുന്നതും കേൾക്കുന്നതും ഇതുതന്നെയാണല്ലോ. എൻ്റെ ചെറുപ്പത്തിൽ അച്ഛൻ മാസം മൂന്ന് സിനിമകളൊക്കെ ചെയ്തിരുന്ന സമയമുണ്ട്. സംവിധായകരും സിനിമാക്കാരുമാണ് വീട്ടിലെ അതിഥികളെല്ലാം. എൻ്റെ ചൈൽഡ്ഹുഡ് ഹീറോ ആയിരുന്നു ബാബു ആന്റണി. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്ന, സിനിമ ജീവിതത്തിൻ്റെ ഭാഗമായയാളാണ് ഞാൻ.
സീനുകളുടെ ദൈർഘ്യത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്നാണ് അച്ഛൻ പറഞ്ഞു തന്നിട്ടുള്ളത്. ചിലതൊക്കെ എഴുതി അദ്ദേഹത്തെ കൊണ്ടുപോയി കാണിക്കുമ്പോൾ ഞങ്ങൾ തമ്മിൽ ഇതിൻ്റെ പേരിൽ തർക്കങ്ങളായിട്ടുണ്ട്. പിന്നീട് സിനിമയെ കൂടുതൽ മനസിലാക്കി വന്നപ്പോൾ അനുഭവത്തിൽ നിന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞു.
സിനിമയിരിക്കുന്നത് തിരക്കഥയിലാണ്. ഒരു സാധാരണ കഥയെപ്പോലും നല്ല തിരക്കഥയാക്കി സിനിമചെയ്യാം. ബസൂക്കയുടെ തിരക്കഥ പൂർത്തിയാക്കിയ ശേഷം ഒരു ട്രിമ്മിങ് സെഷൻ തന്നെ വേണ്ടിവന്നു. തിരക്കഥ എഴുതാൻ പഠിക്കുന്ന സിനിമാ വിദ്യാർഥികൾ പ്രത്യേക ഗ്രാഫ് ഒക്കെ വരച്ചാണ് എഴുതുക. ഞാനിത് പോയി പപ്പയോട് പറഞ്ഞപ്പോൾ അദ്ദേഹമെന്നെ തിരുത്തി. എഴുത്തുകാരൻ്റെ മനസിലാണ് ഗ്രാഫ് ഉണ്ടാകേണ്ടത്. അതുകൊണ്ട് തന്നെ ബസൂക്കയിലേയ്ക്ക് വന്നപ്പോൾ, സിനിമയ്ക്ക് എന്താണോ വേണ്ടത് അതു മാത്രമേ ഷൂട്ട് ചെയ്തിട്ടുള്ളൂ.
പ്രൊമോഷനുകൾക്ക് സമയമില്ല
അവസാന സ്കോറിങ്ങും മിക്സിങ്ങുമായി വലിയ തിരക്കാണിപ്പോൾ. കഴിഞ്ഞ ഏഴെട്ട് ദിവസങ്ങളായി ഉറക്കം പോലുമില്ലതെ നമ്മുടെ സിനിമയ്ക്ക് പിന്നാലെയാണ്. പ്രൊമോഷനുകൾക്ക് പങ്കെടുക്കാനുള്ള ഒരു അവസ്ഥയിലല്ല.
എമ്പുരാന് പിന്നാലെയെത്തുന്ന മമ്മൂട്ടി ചിത്രം
എമ്പുരാനോടുള്ള താരതമ്യം സമ്മർദ്ദത്തിലാക്കുന്നുണ്ട്. എമ്പുരാൻ വലിയൊരു പ്രൊജക്ടാണല്ലോ. ഒരു വിജയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം കുടിയാകുമ്പോൾ വലിയ വരവേല്പും സ്വീകാര്യതയും ലഭിച്ചു. എമ്പുരാനിറങ്ങുന്ന സമയത്തല്ല ബസൂക്ക പ്ലാൻ ചെയ്തിരുന്നത്. നമ്മുടെ വർക്ക് തീർന്നത് ഈ സമയത്തായതുകൊണ്ട് റിലീസ് ഏപ്രിലിലേയ്ക്ക് വന്നതാണ്. എമ്പുരാനുമായുള്ള താരതമ്യം വലിയ ആശങ്കയാണ്.
ആരാധകർ ആഗ്രഹിക്കുന്ന പോലെയുള്ള മമ്മൂട്ടിയെ സ്ക്രീനിൽ എത്തിക്കാനായെന്നാണ് വിശ്വാസം. ബസൂക്കയുടെ വരവറിയിച്ച ടീസറിനു ലഭിച്ച പ്രതികരണങ്ങൾ മമ്മൂട്ടിയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ സിനിമ തൃപ്തിപ്പെടുത്തുമെന്ന ആത്മവിശ്വാസം തരുന്നുണ്ട്. ട്രെയ്‌ലർ കുറേക്കൂടി അതിലെ ദൃശ്യങ്ങൾക്ക് പ്രാധാന്യമുള്ളതായിരുന്നു. മമ്മൂക്ക സിനിമ കണ്ടു, അദ്ദേഹം ഹാപ്പിയാണ്.