പൊരിഞ്ഞ അടി; രോഹിതിന്റെ പേരില്‍ വാക്കേറ്റത്തിലേര്‍പ്പെട്ട് സഞ്ജയ് ബാംഗറും റായുഡുവും
ഇംപാക്ട് സബ്ബായി മുൻ നായകൻ രോഹിത് ശര്‍മയെ മുംബൈ ഇന്ത്യൻസ് ഉപയോഗിക്കുന്നതില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട മുൻ ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സഞ്ജയ് ബാംഗറും അമ്പട്ടി റായുഡുവും. രോഹിതിനെ പോലെ പരിചയസമ്പത്തുള്ള ഒരു താരത്തിന്റെ സാന്നിധ്യം ഹാര്‍ദിക്കിനെ സഹായിക്കുമെന്നായിരുന്നു ബാംഗറുടെ വാദം. എന്നാല്‍, റായുഡു ഈ പ്രസ്താവനയോട് യോജിക്കാൻ തായാറായില്ല.
സീസണില്‍ ഭൂരിഭാഗം മത്സരങ്ങളിലും ഇംപാക്ട് സബ്ബായാണ് രോഹിത് മുംബൈക്കായി കളത്തിലെത്തിയത്. രോഹിതിന് പകരം ഇംപാക്ട് സബ്ബായി ഉപയോഗിക്കാൻ നിരവധി താരങ്ങളെ ചൂണ്ടിക്കാണിച്ചായിരുന്നു ബാംഗറിന്റെ വാക്കുകള്‍. റായുഡു ഇതിനെ എതിര്‍ത്തതോടെ കടുത്ത ഭാഷയിലായി ബാംഗറിന്റെ വാക്കുകള്‍. റായുഡു ഒരിക്കലും ഒരു ഐപിഎല്‍ ടീമിനെ നയിക്കാത്ത പഞ്ചാത്തലത്തില്‍ സാഹചര്യം മനസിലാകില്ലെന്നായിരുന്നു ബാംഗര്‍ പറഞ്ഞത്. ഇതോടെ സംവാദം കൂടുതല്‍ ചൂടേറി.
ഹാര്‍ദിക്കിന് ആരുടെയും സഹായം ആവശ്യമില്ലെന്നായിരുന്നു റായുഡുവിന്റെ വാദം. ഒരു ക്യാപ്റ്റനെ അയാളുടെ നിലയ്ക്ക് വിടാൻ തായാറാകുക. അത് ഹാര്‍ദിക്കിന്റെ ടീമാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ എല്ലാവരുടേയും ഉപദേശം ഹാര്‍ദിക്കിന് ആവശ്യമില്ല. രോഹിത് ഇന്ത്യയുടെ ക്യാപ്റ്റനാണ്. ആ സമയത്ത് മറ്റുള്ളവരില്‍ നിന്ന് സഹായം തേടേണ്ട കാര്യം രോഹിതിനില്ല. അതേ സമീപനമാണ് ഹാര്‍ദിക്കിന്റെ കാര്യത്തിലും സ്വീകരിക്കേണ്ടതെന്നും റായുഡു കൂട്ടിച്ചേര്‍ത്തു.
സഞ്ജയ് ഭായിയുടെ വാക്കുകളോട് ഒരിക്കലും യോജിക്കാനാകില്ലെന്നും ക്ഷമിക്കണമെന്നും റായുഡു പറയുന്നുണ്ട്. എന്നാല്‍, റായുഡുവിന് തന്റെ ഭാഗം മനസിലാക്കിക്കൊടുക്കാനുള്ള ശ്രമം ബാംഗര്‍ തുടര്‍ന്നു. ഒരു ഇംപാക്ട് സബ്ബ് എന്ന് പറയുമ്പോള്‍ കൃത്യമായും സ്പെഷ്യലിസ്റ്റുകളെയാണ് പരിഗണിക്കുന്നത്. ഉദാഹരണത്തിന് മുംബൈയുടെ പക്കല്‍ നമൻ ധീറും തിലക് വര്‍മയുമൊക്കെയുണ്ട്. ഇവരൊന്നും പന്തെറിയുവന്നവരല്ല. ഒരു ട്വന്റി 20യില്‍ രോഹിതിനെ പോലുള്ള താരത്തിന്റെ പരിചയസമ്പത്ത് അമൂല്യമാണ്. നിങ്ങള്‍ ഒരു ടീമിനേയും ഐപിഎല്ലില്‍ നയിച്ചിട്ടില്ല. രോഹിത് അഞ്ച് കിരീടങ്ങള്‍ നേടിയ നായകനാണ്, ബാംഗര്‍ റായുഡുവിനോട് പറഞ്ഞു.
എന്നാല്‍ റായുഡു കൃത്യമായ മറുപടിയുമായി വീണ്ടുമെത്തി. രോഹിത് നിലവില്‍ നായകനല്ല. ഹാര്‍ദിക്കാണ് നായകൻ, രോഹിത് മികച്ച നായകനാണെന്നതില്‍ തര്‍ക്കമില്ല. രോഹിതിന്റെ ഉപദേശങ്ങള്‍ ഒരു സബ് ഫീല്‍ഡറിലൂടെ ഹാര്‍ദിക്കിലേക്ക് എത്തിക്കാനാകും. അതിന് രോഹിത് കളത്തിലുണ്ടാകണമെന്നില്ലെന്നും റായുഡു ചൂണ്ടിക്കാണിച്ചു.