പവര്‍ പ്ലേയിൽ പതറാതെ ചെന്നൈ, മികച്ച തുടക്കം നൽകി ഓപ്പണര്‍മാര്‍; പഞ്ചാബിന് നെഞ്ചിടിപ്പ്
മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് മികച്ച തുടക്കം. 220 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ചെന്നൈ പവര്‍ പ്ലേ അവസാനിച്ചപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസ് എന്ന നിലയിലാണ്. 35 റൺസുമായി രചിൻ രവീന്ദ്രയും 22 റൺസുമായി ഡെവോൺ കോൺവെയുമാണ് ക്രീസിൽ.
പതിവുപോലെ പവര്‍ പ്ലേയിൽ പതിഞ്ഞ തുടക്കമാണ് ഇന്നത്തെ മത്സരത്തിലും ചെന്നൈയ്ക്ക് ലഭിച്ചത്. ഡെവോൺ കോൺവെയും രചിൻ രവീന്ദ്രയും ചേര്‍ന്നാണ് റൺ ചേസിന് തുടക്കമിട്ടത്. ആദ്യ മൂന്ന് ഓവറുകൾ പിന്നിട്ടപ്പോൾ ചെന്നൈയുടെ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് വെറും 22 റൺസ് മാത്രമാണ്. അര്‍ഷ്ദീപ് സിംഗിന്‍റെ ആദ്യ ഓവറിൽ രണ്ട് ബൗണ്ടറികൾ സഹിതം 9 റൺസ്. യാഷ് താക്കൂര്‍ എറിഞ്ഞ രണ്ടാം ഓവറിൽ വെറും 4 റൺസ്. മൂന്നാം ഓവറിൽ വീണ്ടും 9 റൺസ് എന്നിങ്ങനെയായിരുന്നു ചെന്നൈയുടെ ആദ്യ മൂന്ന് ഓവറുകളിലെ സ്കോറിംഗ്.
നാലാം ഓവറിൽ ചെന്നൈ ബാറ്റര്‍മാര്‍ ഗിയര്‍ മാറ്റി. യാഷ് താക്കൂറിന്‍റെ ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേയ്ക്ക് പായിച്ച് കോൺവെ തുടക്കമിട്ട ആക്രമണം അവസാന മൂന്ന് പന്തുകളും ബൗണ്ടറിയിലേയ്ക്ക് തൊടുത്തുവിട്ട് രചിൻ പൂര്‍ത്തിയാക്കി. 17 റൺസ് പിറന്ന ഓവര്‍ പൂര്‍ത്തിയാകുമ്പോൾ ചെന്നൈ വിക്കറ്റ് നഷ്ടമില്ലാതെ 39 റൺസ് എന്ന നിലയിലെത്തി. ഗ്ലെൻ മാക്സ്വെൽ എറിഞ്ഞ അഞ്ചാം ഓവറിൽ വെറും 8 റൺസ് മാത്രമാണ് പിറന്നത്. 6-ാം ഓവറിന്‍റെ ആദ്യ പന്തിൽ ലഭിച്ച ഫ്രീ ഹിറ്റ് മുതലാക്കാൻ രചിൻ രവീന്ദ്രയ്ക്ക് കഴിഞ്ഞില്ലെങ്കിലും ടീം സ്കോര്‍ 50ൽ എത്തി. ഓവറിൽ മൊത്തം 12 റൺസ് അടിച്ചെടുത്തതോടെ ചെന്നൈ സ്കോര്‍ 59ലേയ്ക്ക് ഉയര്‍ന്നു.
READ MORE: സെഞ്ച്വറിയുമായി പ്രിയാൻഷിന്‍റെ ബാറ്റിംഗ് വെടിക്കെട്ട്; ചെന്നൈയ്ക്ക് എതിരെ പഞ്ചാബിന് കൂറ്റൻ സ്കോര്‍