‘തല’ പണ്ടേ വിരമിക്കേണ്ടിയിരുന്നോ… വിമര്‍ശനങ്ങളെ ഗൗനിക്കാതെ ധോണി ക്രീസില്‍ എത്ര നാള്‍ പിടിച്ചുനില്‍ക്കും?

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നാല്‍ എം എസ് ധോണിയാണ്. ഐപിഎല്ലിന്‍റെ 2008ലെ ആദ്യ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ കപ്പിത്താന്‍ ധോണി തന്നെ. ചെപ്പോക്കിലെ കിരീടം വെച്ച രാജാവിന് ആരാധകര്‍ ഒരു ഓമനപ്പേരും ഇട്ടു, ‘തല’. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും ഇപ്പോഴും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കുന്നത് ധോണിയാണ് എന്ന ആക്ഷേപം ഒളിഞ്ഞും തെളിഞ്ഞുമുണ്ട്. അതെന്തായാലും, ധോണി ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു എന്നാണ് ചെന്നൈ ആരാധകരില്‍ തന്നെ ഒരുപക്ഷം പറയുന്നത്. അപ്പോള്‍പ്പിന്നെ ഫോമിലല്ലാത്ത ധോണി എത്രകാലം ക്രീസില്‍ ഇങ്ങനെ പിടിച്ചുനില്‍ക്കും? 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ലോകത്തെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആരെന്ന് ചോദിച്ചാല്‍ എം എസ് ധോണി എന്നായിരിക്കും അദേഹത്തിന്‍റെ വിമര്‍ശകരുടെ പോലും ഉത്തരം. ഐപിഎല്ലിനെ മറ്റ് ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളില്‍ നിന്ന് ഏറെ ഉയരത്തില്‍ നിര്‍ത്തുന്നതില്‍ ധോണിയുടെ സംഭാവനകളേറെ. നീണ്ട 18 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ ടീമിന് വിലക്ക് വന്ന രണ്ട് സീസണിലൊഴികെ എല്ലാ തവണയും ധോണി സിഎസ്‌കെയുടെ താരമായിരുന്നു. 2008 മുതല്‍ 2023 വരെ ക്യാപ്റ്റനും. നായകനായി ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 10 സീസണുകളില്‍ ഫൈനലിലെത്തിച്ച ധോണി അഞ്ച് തവണ കപ്പുയര്‍ത്തി. ഇത്രയധികം ഐപിഎല്‍ കിരീടങ്ങള്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഇതിഹാസ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് മാത്രമേയുള്ളൂ. 

പകരംവെക്കാനില്ലാത്ത ധോണി

താരം എന്ന നിലയിലും ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ പകരംവെക്കാനില്ലാത്ത ക്രിക്കറ്ററാണ് എം എസ് ധോണി. ഐപിഎല്ലിലാകെ 233 ഇന്നിംഗ്‌സുകളില്‍ 39 ശരാശരിയിലും 137 സ്ട്രൈക്ക് റേറ്റിലും 5319 റണ്‍സ്. ഐപിഎല്‍ റണ്‍വേട്ടയില്‍ ധോണി ആറാമന്‍. ഉയര്‍ന്ന സ്കോര്‍ പുറത്താവാതെ നേടിയ 84* റണ്‍സ്. 98 കളികളില്‍ നോട്ടൗട്ടായി. 24 ഫിഫ്റ്റികള്‍ പേരിനൊപ്പം കുറിച്ചപ്പോള്‍ 368 ഫോറുകളും 256 സിക്സുകളും പേരിലാക്കി. ഐപിഎല്‍ സിക്‌സര്‍ വേട്ടയില്‍ എംഎസ്‌ഡിക്ക് മുന്നില്‍ മൂന്നേ മൂന്ന് താരങ്ങള്‍ മാത്രം. ഫിനിഷര്‍ എന്ന നിലയില്‍ ഐപിഎല്‍ ചരിത്രത്തില്‍ ധോണിക്ക് എതിരാളിയേയില്ല. എണ്ണിയാലൊടുങ്ങാത്തത്ര മത്സരങ്ങളില്‍ ധോണി സിഎസ്‌കെയെ ജയിപ്പിച്ചിരിക്കുന്നു. വിക്കറ്റ് കീപ്പറായും ധോണിക്കുള്ളത് സമാനതകളില്ലാത്ത റെക്കോര്‍ഡ്. 200-നടുത്ത് പുറത്താക്കലുകള്‍. 153 ക്യാച്ചും 45 സ്റ്റംപിംഗും. 

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് 2020-ല്‍ വിരമിച്ചതാണ് എം എസ് ധോണി. ഇനി എം എസ് ധോണിയുടെ ഐപിഎല്‍ 2020 സീസണ്‍ മുതലുള്ള കണക്കുകളിലേക്ക്. 2020ല്‍ 14 മത്സരങ്ങളില്‍ 200 റണ്‍സ്, 2021ല്‍ 16 മത്സരങ്ങളില്‍ 114 റണ്‍സ്, 2022ല്‍ 14 മത്സരങ്ങളില്‍ 232 റണ്‍സ്, 2023ല്‍ 16 മത്സരങ്ങളില്‍ 104 റണ്‍സ്. 2024ല്‍ 14 മത്സരങ്ങളില്‍ 161 റണ്‍സ്. ഈ സീസണില്‍ ഇതുവരെ 4 മത്സരങ്ങളില്‍ 76 റണ്‍സ്. നാലില്‍ മൂന്ന് കളികളിലും പുറത്താവാതെ നിന്നിട്ടും ധോണിക്ക് മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനായില്ല. 55 പന്തുകള്‍ ഫേസ് ചെയ്തപ്പോള്‍ ആകെ നേട്ടം അഞ്ച് ഫോറും നാല് സിക്സിലുമൊതുങ്ങി. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 26 പന്തില്‍ ഓരോ ഫോറും സിക്സും സഹിതം നേടിയത് 30 റണ്‍സ്. അവസാനം ഇറങ്ങി ഒരു സിക്‌സ് അടിക്കാനാണേല്‍ ധോണി ഇപ്പോഴും എന്തിന് ഐപിഎല്ലില്‍ കളിക്കുന്നു എന്ന ചോദ്യം ഉയരുന്നു. 

അവസാനിച്ചോ ആ സുവര്‍ണകാലം? 

ക്രിക്കറ്റില്‍ ധോണി യുഗം അവസാനിച്ചോ? കണക്കുകള്‍ നോക്കിയാല്‍ രാജ്യാന്തര വിരമിക്കലിന് ശേഷം ഐപിഎല്ലില്‍ ധോണി ബാറ്റര്‍ എന്ന നിലയില്‍ സക്‌സസ് അല്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ ധോണിക്ക് ചുറ്റും ഇപ്പോഴും ആരാധകരുണ്ട് എന്നത് സത്യം തന്നെ. എന്നാല്‍ ആ ആരാധകര്‍ തന്നെ ഒരു കാര്യം മനസിലാക്കേണ്ടിയിരിക്കുന്നു. 43 വയസുകാരനായ ധോണിയുടെ ക്രിക്കറ്റ് ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. വിക്കറ്റിന് പിന്നില്‍ ഇപ്പോഴും മിന്നല്‍ സ്റ്റംപിംഗുകള്‍ക്ക് കൈമോശം വന്നിട്ടില്ലെങ്കിലും ധോണിയെന്ന ബാറ്റര്‍ പരാജയമായി തുടരുകയാണ്. കാല്‍മുട്ടിലെ പരിക്ക് ഇതിന് കാരണം പറഞ്ഞ് സിഎസ്‌കെ മാനേജ്‌മെന്‍റ് എത്രനാള്‍ കൈകഴുകും. ധോണിക്ക് ശേഷമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വാര്‍ത്തെടുക്കാന്‍ ഇപ്പോള്‍ തന്നെ വൈകി. ഇതൊക്കെയാണ് വസ്തുതകള്‍ എന്നിരിക്കേ ചെപ്പോക്കിലെ ആരവം നിലനിര്‍ത്താന്‍ മാത്രം ധോണിയെ ടീം ആശ്രയിക്കുന്നത് ഇനിയും എത്രകാലം തുടരും… 

‘ധോണി വര്‍ഷങ്ങള്‍ മുന്നേ വിരമിക്കേണ്ടിയിരുന്നു, അയാളിലെ ക്രിക്കറ്റ് അവസാനിച്ചു’ എന്ന് മുന്‍ സഹതാരങ്ങള്‍ വരെ തുറന്നടിക്കുന്നതും എങ്ങനെ അവഗണിക്കും. 

Read more: വിഗ്നേഷ് പുത്തൂരിന് എന്തുകൊണ്ട് ഒരോവര്‍ മാത്രം? മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചത് ഹാര്‍ദിക് പാണ്ഡ്യ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin