ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിങ്ക്യ രഹാനെ. കൊല്‍ക്കത്തയുടെ ഹോം മൈതാനമായ ഈഡൻ ഗാര്‍ഡൻസില്‍ വെച്ചു നടന്ന മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ലക്നൗവിനോടേറ്റ പരാജയം. സ്വന്തം മൈതാനത്ത് ലഭിക്കുന്ന ആനൂകൂല്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താൻ എന്തെങ്കിലും പറഞ്ഞാല്‍ വിവാദമായിപ്പോകുമെന്നായിരുന്നു രഹാനെയുടെ പ്രതികരണം.
ഇതിനോടകം തന്നെ ഈഡനിലെ വിക്കറ്റിനെക്കുറിച്ച് സംസാരം നടന്നുകഴിഞ്ഞു. ഞാൻ എന്തെങ്കിലും പറഞ്ഞാല്‍ അത് വലിയ വിവാദമായിത്തീരും. ഞങ്ങളുടെ ക്യുറേറ്റര്‍ ഇതിനോടകം തന്നെ പ്രശസ്തി നേടിക്കഴിഞ്ഞു. അദ്ദേഹം അതില്‍ സന്തോഷവാനായിരിക്കുമെന്ന് കരുതുന്നു. പിച്ചിനെക്കുറിച്ച് ഇവിടെ പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മറിച്ച് ഐപിഎല്ലിലെ ബന്ധപ്പെട്ട അധികൃതരുമായി സംസാരിക്കുമെന്നും രഹാനെ വ്യക്തമാക്കി.
സ്പിന്നിന് അനുകൂലമായി പിച്ചൊരുക്കണമെന്ന് രഹാനെ ഈഡനിലെ ക്യുറേറ്റര്‍ സുജൻ മുഖര്‍ജിയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, രഹാനെയുടെ ആവശ്യം സുജൻ നിരസിക്കുകയായിരുന്നു.
പിച്ചിനെക്കുറിച്ച് തനിക്ക് പരാതിയില്ലെന്നും എന്നാല്‍ കുറച്ചുകൂടി സ്പിന്നിന് അനുകൂലമാകുമെങ്കില്‍ ടീം ആസ്വദിക്കുമെന്ന് രാഹാനെ പറഞ്ഞു. രഹാനെയുടെ വാക്കുകളോട് സമാനമായിരുന്നു പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ വാക്കുകളും. സ്വന്തം മൈതാനത്ത് ആനൂകുല്യം ലഭിക്കുന്നത് ആര്‍ക്കാണ് സന്തോഷം താരതിരിക്കുക എന്നായിരുന്നു പണ്ഡിറ്റിന്റെ പ്രതികരണം.
ലക്നൗവിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് നിലവാരത്തിനൊത്ത് ഉയരാൻ കഴിയാതെ പോയിരുന്നു. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ലക്നൗ 238 റണ്‍സ് നേടിയത്. നിക്കോളാസ് പൂരാൻ (97), മിച്ചല്‍ മാര്‍ഷ് (81), എയ്ഡൻ മാര്‍ക്രം (47) എന്നിവരാണ് ലക്നൗവിനായി തിളങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയുടെ പോരാട്ടം 234 റണ്‍സില്‍ അവസാനിച്ചു. അര്‍ദ്ധ സെഞ്ചുറി നേടിയ രഹാനയ്ക്കും 15 പന്തില്‍ 28 റണ്‍സ് നേടിയ റിങ്കുവിനും ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ല.